ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ജാതീയമായ വിവേചനം അമ്പലത്തിൽ നിന്നും നേരിടേണ്ടി വന്നു എന്നതിൽ അതിയായ ദുഖം ഉണ്ടെന്ന് നടൻ സുബീഷ് സുധി. പ്രിയപ്പെട്ട സഖാവേ, ഇത്തരം ഒരു അമ്പലത്തിലും ഞാനും ഇനിമുതൽ ഒരിക്കലും പോകില്ല എന്നാണ് നടൻ പറയുന്നത്.
കുറിപ്പ് വായിക്കാം
മനുഷ്യത്വത്തിന് മുന്നിൽ ജാതിയും മതവുമില്ലെന്ന് എന്നെപ്പഠിപ്പിച്ച പയ്യന്നൂരിൽ നിന്ന് താങ്കൾക്കുണ്ടായ ദുരനുഭവത്തിൻ വ്യക്തിപരമായി ഏറെ ഖേദം രേഖപ്പെടുത്തുന്നു. ഒപ്പം അങ്ങേയറ്റം രോഷവും പ്രതിഷേധവും അറിയിക്കുന്നു. പയ്യന്നൂർ പെരുമാൾക്ക് നേദിക്കാൻ മുസ്ലിം കുടുംബത്തിൽ നിന്ന് പഞ്ചസാര കൊണ്ടുവരുന്ന മത മൈത്രിയുടെ പാഠങ്ങൾ കണ്ടാണ് ഞങ്ങൾ വളർന്നത്.
അമ്പലവും പള്ളിയും ചർച്ചും ഞങ്ങൾക്ക് കൂട്ടായ്മയുടെ തുരുത്തുകളാണ്. പലപ്പോഴായി ഞാൻ തൊഴാൻ പോയിട്ടുള്ള അമ്പലത്തിൽ നിന്ന് താങ്കൾക്ക് അനുഭവപ്പെട്ട വിവേചനം പുരോഗമന ചിന്ത വിത്തെറിഞ്ഞ നാട്ടിൽ നിന്നായതിൽ ഞാൻ ലജ്ജിക്കുന്നു.. ഇത്തരം വിഷക്കൂടുകൾ ശാന്തി നടത്തുന്ന അമ്പലത്തിൽ ഇനി ഞാൻ പോകില്ല.
പയ്യന്നൂർ എന്ന് എതവസരത്തിലും ഉയിര് പോലെ ഉയർത്തിക്കാട്ടുന്ന എനിക്ക് താങ്കൾക്കുണ്ടായ പ്രയാസത്തിൽ അതീവ ദുഃഖമുണ്ട്. ഏതെങ്കിലും 2 കൃമികളുടെ ദുഷ്പ്രവൃത്തി നാടിന്റെ മുഖമായോ മനസ്സായോ ആരും ഉയർത്തിക്കാട്ടരുത്.. ഇത്തരം ചിന്താഗതിക്കാരെ ഒറ്റപ്പെടുത്തി വൈവിധ്യങ്ങളെ കണ്ണിചേർക്കാൻ നമുക്ക് സാധിക്കണം.. പ്രിയ രാധാകൃഷ്ണൻ സർ നിങ്ങൾക്കുണ്ടായ പ്രയാസത്തിന് മാപ്പ്.. മാപ്പ്..മാപ്പ്.
Post Your Comments