2018-ലെ വഞ്ചനാ കേസുമായി ബന്ധപ്പെട്ട് നടി സെറീൻ ഖാനെതിരെ കൊൽക്കത്ത കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കൊൽക്കത്തയിലെ സീൽദാ കോടതിയിൽ നടിക്കെതിരെ ശക്തമായ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ചതായാണ് വിവരം.
നടി സെറീൻ ഖാൻ ജാമ്യാപേക്ഷ സമർപ്പിക്കുകയോ കോടതിയിൽ ഹാജരാകുകയോ ചെയ്തില്ല. തുടർച്ചയായി ഹാജരാകാത്തതിനെ തുടർന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. എന്നാൽ അറസ്റ്റ് വാറണ്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ, കേസിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് നടി സൂചിപ്പിച്ചു. ഇതിൽ സത്യമില്ലെന്ന് എനിക്ക് ഉറപ്പുണ്ട്, എന്റെ വക്കീലിനെക്കൊണ്ട് പരിശോധിക്കുകയാണ്, അപ്പോൾ മാത്രമേ ഇതിൽ വ്യക്തത നൽകാൻ കഴിയുകയുള്ളെന്നും നടി. 2018 ൽ കാശുവാങ്ങിയ ശേഷം വിഐപികൾ പങ്കെടുക്കുന്ന പരിപാടിയിൽ എത്താതെ നടി മുങ്ങിയിരുന്നു.
പരാതിക്കാർ ബോളിവുഡ് നടിക്കും അവരുടെ മാനേജർക്കുമെതിരെ രേഖാമൂലം വഞ്ചനാകുറ്റത്തിന് പരാതി നൽകിയിരുന്നു. ഇരുവർക്കുമെതിരെ എഫ്‌ഐആർ ഫയൽ ചെയ്യുകയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയും ചെയ്തിരുന്നു. ജാമ്യത്തിന് ശ്രമിക്കുകയോ അപ്പീൽ നൽകുകയോ ചെയ്തിട്ടില്ല നടി സെറീനും മാനേജരും അടക്കമുള്ളവർ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമാന രീതിയിലുള്ള മറ്റേതെങ്കിലും തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Post Your Comments