നിർമ്മാതാക്കളോട് മോശമായി പെരുമാറിയതിന് നാല് പ്രമുഖ താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ചെന്നൈയിലെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ. തമിഴ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്ന തീരുമാനമാണ് ഇന്നലെ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ നിർമാതാക്കൾ എടുത്തത്. ചിമ്പു, ധനുഷ്, വിശാൽ, അഥർവ എന്നിവരെയാണ് അസോസിയേഷൻ വിലക്കിയത്.
ബ്ലോക്ക്ബസ്റ്റർ അൻബാനവൻ അടങ്കാധവൻ അസരാധവൻ എന്ന ചിത്രത്തിന് ധനസഹായം നൽകിയ നിർമ്മാതാവ് മൈക്കിൾ രായപ്പനാണ് ചിമ്പുവിന് റെഡ് കാർഡ് നൽകിയത്. കൗൺസിൽ പ്രസിഡന്റായിരിക്കെ അസോസിയേഷന്റെ പണത്തിന്റെ കണക്ക് സൂക്ഷിക്കുന്നതിൽ വിശാൽ പരാജയപ്പെട്ടതിനെ തുടർന്നാണ് വിശാലിനെ വിലക്കിയത്. പരാതിയിൽ കൃത്യമായി പ്രതികരിച്ചില്ലെന്ന് ആരോപിച്ചാണ് അഥർവയെ വിലക്കിയത്.
നിർമാതാക്കളുമായി സഹകരിക്കുന്നില്ലെന്നും ഇടയ്ക്കിടെ വിവാദങ്ങളിൽ ഏർപ്പെട്ടുവെന്നും ആരോപിച്ച് ഈ ജൂണിൽ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ (ടിഎഫ്പിസി) ചിമ്പു, വിശാൽ, എസ് ജെ സൂര്യ, അഥർവ, യോഗി ബാബു എന്നിവർക്ക് നോട്ടീസ് അയച്ചിരുന്നു. ഇവർക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും, ഇപ്പോൾ വിലക്കേർപ്പെടുത്തിയവരിൽ ധനുഷും ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തമിഴ് സിനിമയിലെ ഒരു നിർമ്മാതാവും ഈ താരങ്ങളുമായി പ്രവർത്തിക്കില്ലെന്ന് അസോസിയേഷൻ അറിയിച്ചു.
Post Your Comments