തൃശ്ശൂര്‍: തൃശ്ശൂർ എടുക്കുമെന്നല്ല തന്നാൽ സ്വീകരിക്കുമെന്നാണ് പറഞ്ഞതെന്ന് ബിജെപി നേതാവും നടനുമായി സുരേഷ് ഗോപി. 27-ാമത് ടാസ് നാടകോത്സവം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സ്വാഗത പ്രാസംഗികൻ സുരേഷ് ഗോപിയുടെ പഴയ പ്രസംഗത്തെ പറ്റി പരാമർശിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിശദീകരണം. ‘തൃശ്ശൂർ ഞാനിങ്ങ് എടുക്കുവാ, തൃശൂർ നിങ്ങൾ എനിക്ക് തരണം’ എന്നായിരുന്നു ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനായി തൃശ്ശൂരിൽ എത്തിയപ്പോഴുള്ള അദ്ദേഹത്തിന്റെ പ്രസ്താവന.
അതേസമയം, നാടകങ്ങളിൽ രാഷ്ട്രീയം കുത്തിനിറയ്ക്കാൻ ശ്രമിച്ച് അതിന്റെ കാമ്പ് നഷ്ടപ്പെടുത്തുകയാണെന്നും രാഷ്ട്രീയത്തള്ള് ഉത്സവങ്ങളായി നാടകങ്ങൾ മാറുമ്പോഴാണ് പ്രേക്ഷകർ നാടകങ്ങളിൽ നിന്നും അകലുന്നതെന്ന് ചിന്തിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. നാടകങ്ങളിൽ ദൈവങ്ങളെ വിമർശിക്കുന്നത് വേദനിപ്പിച്ചിരുന്നില്ല എന്നും എന്നാൽ, പ്രത്യേക ലക്ഷ്യത്തോടെ ദൈവങ്ങളെ കുറ്റം പറയുന്നത് സഹിക്കാനാകില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. വിശ്വാസികൾ തുമ്മിയാൽ പിടിച്ചു നിൽക്കാനാകില്ലെന്ന് ഓർമ്മയിരിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments