ചെന്നൈ: സംഗീത സംവിധായകന് എ.ആർ റഹ്മാന്റെ ചെന്നൈയിലെ മ്യൂസിക്ക് ഷോ വമ്പൻ പരാജയമായി സംഭവത്തിൽ അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. റഹ്മാനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് നടി ഖുശ്ബു. വിവാദ സംഭവത്തിൽ റഹ്മാനെ പഴി ചാരുന്നത് ശരിയല്ലെന്ന് അവർ പറയുന്നു. ഷോ ഇത്രയും അലമ്പാകാൻ കാരണം സംഘാടകർ ആണെന്നും, അതിന്റെ പേരിൽ നല്ലൊരു മനുഷ്യനായ റഹ്മാനെ കുറ്റം പറയുന്നത് ശരിയല്ലെന്നും ഖുശ്ബു സോഷ്യൽ മീഡിയയിൽ കുറിച്ചു.
സെപ്തംബർ 10 ന് നടന്ന എ.ആർ റഹ്മാന്റെ ചെന്നൈ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ ടിക്കറ്റെടുത്ത തന്റെ മകൾക്കും സുഹൃത്തുക്കൾക്കും പ്രവേശനം നിഷേധിക്കപ്പെട്ടുവെന്നും നടി പറയുന്നു. മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പിഴവാണ് ഇതിനെല്ലാം കാരണമെന്നും നടി ട്വീറ്റ് ചെയ്തു.
‘ആരാധകരെ നിരാശരാക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്ന വ്യക്തിയാണ് റഹ്മാന്. ഞാനും എന്റെ മക്കളും സുഹൃത്തുക്കളും ഡയമണ്ട് പാസ് ഉണ്ടായിട്ടും പ്രവേശനം ലഭിക്കാത്തവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. വേദിയിലെത്താന്‍ മൂന്ന് മണിക്കൂറോളം സമയമെടുത്തു. എ.ആര് റഹ്മാനല്ല അതിന് ഉത്തരവാദി. മാനേജ്മെന്റിന്റെ പരാജയമാണ്. സംഗീതത്തിലൂടെയും വാക്കുകളിലൂടെയും പ്രവര്‍ത്തിയിലൂടെയും സ്നേഹവും സമാധാനവും പടര്‍ത്തുന്ന വ്യക്തിയാണ് റഹ്മാന്. അദ്ദേഹത്തിനൊപ്പം നില്ക്കൂ’- ഖുശ്ബു കുറിച്ചു.
അതേസമയം, റഹ്മാനെ വിമർശിക്കുന്നവർക്ക് മറുപടിയുമായി റഹ്മാന്റെ മക്കളായ ഖദീജയും റഹീമയും രംഗത്ത് വന്നിരുന്നു. മുൻ വർഷങ്ങളിൽ മനുഷ്യർ പ്രകൃതിദുരന്തങ്ങളിലും കോവിഡ് മഹാമാരിയിലും പകച്ചു നിന്നപ്പോൾ അവർക്കു കൈത്താങ്ങായി നിന്ന ആളാണ് റഹ്മാനെന്നും, അവർക്ക് വേണ്ടി പണം കണ്ടെത്താൻ സംഗീതനിശ സംഘടിപ്പിച്ചിരുന്നുവെന്നും മക്കൾ ഓർമിപ്പിക്കുന്നു. ഇപ്പോൾ പലരും തങ്ങളുടെ പിതാവിനെ തട്ടിപ്പുകാരനായാണ് കാണുന്നതെന്നും ഇതെല്ലാം തരംതാഴ്ന്ന പൊളിറ്റിക്സിന്റെ ഭാഗമാണെന്നും ഇരുവരും കുറ്റപ്പെടുത്തി.
‘2016ൽ ചെന്നൈ, മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിൽ വച്ച് സംഗീതപരിപാടി സംഘടിപ്പിച്ചത് പ്രളയബാധിതരായവർക്ക് വേണ്ടി ആയിരുന്നു. 2018ൽ പ്രളയത്തിൽ മുങ്ങിയ കേരളത്തെ സഹായിക്കുന്നതിനു വേണ്ടിയായിരുന്നു വിദേശത്ത് അദ്ദേഹം സംഗീതപരിപാടി സംഘടിപ്പിച്ചത്. 2020ൽ കോവിഡ് കാലത്ത് നിരവധി കുടുംബങ്ങളെ ചേർത്തു പിടിച്ച് മാസങ്ങളോളും അവർക്കുവേണ്ടതെല്ലാം എത്തിച്ചുകൊടുത്തു. 2022ൽ അദ്ദേഹം ഒരു സംഗീതപരിപാടി നടത്തിയത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സഹപ്രവർത്തകരെയും അവരുടെ കുടുംബത്തെ സഹായിക്കുന്നതിനും വേണ്ടിയായിരുന്നു’, ഖദീജയും റഹീമയും സോഷ്യൽ മീഡിയയിൽ കുറിച്ചു.
Post Your Comments