ചെന്നൈ: സംഗീത സംവിധായകന് എആർ റഹ്മാന്റെ ചെന്നൈയിലെ മ്യൂസിക്ക് ഷോ വമ്പൻ പരാജയമാകുകയും വലിയ വിവാദത്തിന് വഴിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ടിക്കറ്റ് കിട്ടാതെ പോയതിനും ഷോ അലമ്പായതിനും റഹ്മാൻ അല്ല ഉത്തരവാദിയെന്ന് മക്കൾ പറയുന്നു. സംഘാടകർ മാപ്പ് പറഞ്ഞതോടെ ആരുടെയും നേരെ വിരൽ ചൂണ്ടാൻ ആഗ്രഹിക്കുന്നില്ലെന്നും സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്നും അറിയിച്ച് എ ആർ റഹ്മാൻ രംഗത്തെത്തിയിരുന്നു. എന്നാൽ, ഇതിനുശേഷവും അദ്ദേഹത്തെ വിമർശിച്ച് നിരവധിയാളുകൾ രംഗത്ത് വന്നു.
ഇവർക്ക് മറുപടിയുമായി റഹ്മാന്റെ മക്കളായ ഖദീജയും റഹീമയും. മുൻ വർഷങ്ങളിൽ മനുഷ്യർ പ്രകൃതിദുരന്തങ്ങളിലും കോവിഡ് മഹാമാരിയിലും പകച്ചു നിന്നപ്പോൾ അവർക്കു കൈത്താങ്ങായി നിന്ന ആളാണ് റഹ്മാനെന്നും, അവർക്ക് വേണ്ടി പണം കണ്ടെത്താൻ സംഗീതനിശ സംഘടിപ്പിച്ചിരുന്നുവെന്നും മക്കൾ ഓർമിപ്പിക്കുന്നു. ഇപ്പോൾ പലരും തങ്ങളുടെ പിതാവിനെ തട്ടിപ്പുകാരനായാണ് കാണുന്നതെന്നും ഇതെല്ലാം തരംതാഴ്ന്ന പൊളിറ്റിക്സിന്റെ ഭാഗമാണെന്നും ഇരുവരും കുറ്റപ്പെടുത്തി.
‘2016ൽ ചെന്നൈ, മധുര, കോയമ്പത്തൂർ എന്നിവിടങ്ങളിൽ വച്ച് സംഗീതപരിപാടി സംഘടിപ്പിച്ചത് പ്രളയബാധിതരായവർക്ക് വേണ്ടി ആയിരുന്നു. 2018ൽ പ്രളയത്തിൽ മുങ്ങിയ കേരളത്തെ സഹായിക്കുന്നതിനു വേണ്ടിയായിരുന്നു വിദേശത്ത് അദ്ദേഹം സംഗീതപരിപാടി സംഘടിപ്പിച്ചത്. 2020ൽ കോവിഡ് കാലത്ത് നിരവധി കുടുംബങ്ങളെ ചേർത്തു പിടിച്ച് മാസങ്ങളോളും അവർക്കുവേണ്ടതെല്ലാം എത്തിച്ചുകൊടുത്തു. 2022ൽ അദ്ദേഹം ഒരു സംഗീതപരിപാടി നടത്തിയത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സഹപ്രവർത്തകരെയും അവരുടെ കുടുംബത്തെ സഹായിക്കുന്നതിനും വേണ്ടിയായിരുന്നു’, ഖദീജയും റഹീമയും സോഷ്യൽ മീഡിയയിൽ കുറിച്ചു.
സെപ്തംബർ 10ന് ചെന്നൈയിലെ ആദിത്യറാം പാലസ് ഗ്രൗണ്ടിൽ ആയിരുന്നു എ.ആർ റഹ്മാന്റെ പരുപാടി. 45,000-ത്തിലധികം ആളുകൾ കച്ചേരിയിൽ പങ്കെടുത്തു. എന്നാൽ, തിക്കും തിരക്കും കാരണം ടിക്കറ്റെടുത്ത പലർക്കും പ്രവേശനം ലഭിച്ചില്ല. കൂടാതെ, സ്ത്രീകളും കുട്ടികളും പ്രായമായവരും പരിപാടിയിൽ ദുരിതമനുഭവിക്കുകയും സുരക്ഷയെക്കുറിച്ച് പരാതിപ്പെടുകയും ചെയ്തു. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് എ.ആർ.റഹ്മാനും സംഘാടകരും രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments