CinemaLatest News

കരൾ രോ​ഗം പിടിപെട്ട് ചോര ഛർദ്ദിച്ച എൻ‍റെ ഫോൺപോലും ആ വൈദ്യനൊന്നും എടുത്തില്ല, പറ്റിക്കപ്പെട്ടെന്ന് സലിം കുമാർ

മകൻ അയാളെ വിളിച്ചപ്പോൾ പറഞ്ഞു, അകത്ത് കിടക്കുന്ന ബ്ലഡ് കളയാൻ മരുന്ന് കൊടുത്തതാണ് അത് പോയി തീരട്ടെ എന്ന് പറഞ്ഞു

കരൾ രോ​ഗം ബാധിച്ച തന്നെ വൈദ്യൻമാർ പറ്റിച്ചതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് നടൻ സലിം കുമാർ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ മാറ്റിവയ്ക്കലുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ ആരംഭിച്ചതിന്റെ വാർഷികവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു താരം.

പലരും പറയുന്ന കേൾക്കാം മഞ്ഞപ്പിത്തം വന്നാൽ ആ വൈദ്യന്റെ അടുത്ത് പോകൂ, ഈ വൈദ്യന്റെ അടുത്ത് പോകൂ, അവിടെ നല്ല മരുന്നുണ്ട്, ഇവിടെ നല്ല മരുന്ന് കിട്ടും, ആ വൈദ്യൻ തരുന്നത് തിന്നൂ, ഈ വൈദ്യൻ തരുന്നത് കുടിക്കൂ എന്നൊക്കെ. അവസാനം കരൾ തകർന്ന് കഴിഞ്ഞായിരിക്കും അറിയുക. അന്നേരം ഏറെ വൈകി പോയിട്ടുണ്ടാകുമെന്നും താരം. കരളിന് അസുഖം വന്നെന്ന് അറിഞ്ഞപ്പോൾ ​ഗൂ​ഗിൾ ചെയ്തു. കരൾ മാറ്റിവക്കണമെന്ന് അറിഞ്ഞു, പക്ഷേ അത് വേണ്ടെന്ന് വച്ചു.

എറണാകുളത്തുള്ള ഒരു സുഹൃത്ത് ഡിവൈഎസ്പി പറഞ്ഞു, ഒറ്റപ്പാലത്ത് ഒരു വൈദ്യനുണ്ട്, ക്യാൻസർ വരെ മാറ്റും എന്ന്. അങ്ങനെ ഞാനും പോയി. നിലം പരണ്ട 51 ദിവസം കഴിക്കാൻ പറഞ്ഞു, 501 ദിവസം കഴിച്ചിട്ടും മാറ്റമില്ല, അങ്ങനെ വൈദ്യനെ വിളിച്ചപ്പോൾ പുള്ളി പറയുവാണ് , എനിക്ക് ക്യാൻസറാണ് വെല്ലൂർ ആശുപത്രിയിലാണ് എന്ന്. ഇതേ പോലീസുകാരൻ പറഞ്ഞു ചേർത്തല ഉള്ള ഒരു വൈദ്യനെ പോയി കാണൂ, അവിടെ പോയി അതാണ് മോഹനൻ വൈദ്യർ, കുറെ പച്ചിലകൾ തന്നു, ഛർദ്ദിയോട് ഛർദ്ദി. ചോര ഛർദ്ദിച്ച് അവശനായപ്പോൾ മകൻ അയാളെ വിളിച്ചപ്പോൾ പറഞ്ഞു, അകത്ത് കിടക്കുന്ന ബ്ലഡ് കളയാൻ മരുന്ന് കൊടുത്തതാണ് അത് പോയി തീരട്ടെ എന്ന് പറഞ്ഞു. ചോര ഛർദ്ദിച്ച് ചാവാറായപ്പോൾ മകൻ നിരന്തരം വിളിച്ചിട്ടും പിന്നെ ഫോണെടുത്തില്ല. എപ്പോഴോ ഒരിക്കൽ എടുത്തപ്പോൾ വേ​ഗം ആശുപത്രിയിലേക്ക് പൊക്കോളൂ എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. അതു കഴിഞ്ഞ് മലയാറ്റൂർ ഒരു വൈദ്യനെ കണ്ടു, 500 തേങ്ങയുടെ വെള്ളം കുറുക്കി ലേഹ്യം ഉണ്ടാക്കി തിന്നാൻ പറഞ്ഞു, ഭാര്യ ഉണ്ടാക്കി,ഞാൻ തിന്നു, അസുഖം മാറിയില്ല. ഇങ്ങനെ വൈദ്യൻമാർ തന്നെ പലവിധത്തിൽ പറ്റിച്ചുവെന്നും താരം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments


Back to top button