
ഇന്ന് തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള യുവതാരമാണ് വിജയ് ദേവരകൊണ്ട. ഏതാനും ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും വലിയൊരു ആരാധകവൃന്ദത്തെയാണ് താരം നേടിയെടുത്തത്. വിജയ് ദേവരകൊണ്ട ഒരു കഴിവുള്ള നടൻ മാത്രമല്ല, വെള്ളിത്തിരയ്ക്കപ്പുറം ആരാധകരുമായി ശക്തമായ ഒരു ബന്ധം നിലനിർത്തുന്ന നടൻ കൂടിയാണ്.
വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെടുന്ന താരം കൂടിയാണ് വിജയ്. ഏറ്റവും പുതിയ ചിത്രമായ “ഖുഷി” ഇതിനോടകം തന്നെ മികച്ച വിജയം നേടിക്കഴിഞ്ഞിരിക്കുകയാണ്. ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം, വിജയ് ദേവരകൊണ്ട തന്റെ ആരാധകർക്ക് ആവേശകരമായ ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്, 100 കുടുംബങ്ങളെ പോറ്റുന്നതിനായി “ഖുഷി”യുടെ പ്രതിഫലത്തിൽ നിന്ന് ഒരു കോടി രൂപ മാറ്റിവക്കും എന്നാണ് പ്രഖ്യാപിച്ചത്.
തന്റെ വരുമാനത്തിന്റെ ഒരു ഭാഗം വരും ദിവസങ്ങളിൽ തിരഞ്ഞെടുത്ത 100 കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുമെന്ന് താരം അറിയിച്ചു. അതേസമയം, റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് 70.23 കോടിയാണ് ചിത്രം നേടിയത്. ചിത്രത്തിൽ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം സാമന്തയാണ് നായികയായെത്തിയത്. ചിത്രം സംവിധാനം ചെയ്തത് ശിവ നിർവാണയാണ്.
Post Your Comments