കനകക്കുന്നില്‍ സംഘടിപ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത നടൻ ആന്റണി വര്‍ഗീസ് മന്ത്രി മുഹമ്മദ് റിയാസിനോട് പറഞ്ഞ രസകരമായ ഒരു അഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. രജനികാന്ത് നായകനായ ജയിലര്‍ ഇറങ്ങിയപ്പോള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും താങ്കളും കുടുബത്തോടൊപ്പം തിയേറ്ററില്‍ പോയി ജയിലര്‍ കണ്ടില്ലേ, എന്നാല്‍ ആര്‍ ഡി എക്‌സ് കാണാന്‍ മുഖ്യമന്ത്രിയുള്‍പ്പെടെ മന്ത്രിസഭയിലെ എല്ലാവരും പോകണമെന്നുമായിരുന്നു ആന്റണി വർഗീസ് വേദിയില്‍ വച്ച് പറഞ്ഞത്.
ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയില്‍ ആര്‍ ഡി എക്‌സ് ടീമിന്റെ ഭാഗമായ ഷെയ്ന്‍ നിഗവും നീരജ് മാധവും ആന്റണി വർഗീസും പങ്കെടുത്തിരുന്നു. ഖത്തര്‍ ലോകകപ്പിന് പോയപ്പോള്‍ മെസ്സിയേയും റൊണാള്‍ഡോയേയും നെയ്മറിനേയും നേരിട്ട് കണ്ടപ്പോഴുണ്ടായ അതേ സന്തോഷമാണ് ഇത്രയധികം ജനങ്ങളെ ഇവിടെ കണ്ടപ്പോള്‍ തനിക്ക് ഉണ്ടായതെന്നും താരം പറഞ്ഞു.
ആന്റണി വര്‍ഗീസിന്റെ വാക്കുകൾ ഇങ്ങനെ,
കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഖത്തര്‍ വേള്‍ഡ് കപ്പ് കാണാന്‍ പോയിട്ടുണ്ടായിരുന്നു. അവിടെ വെച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും മെസ്സിയേയും നെയ്മറിനേയും കണ്ടപ്പോഴുണ്ടായ അതേ ആവേശം, അതേ ഫീലിങ്, അത് എനിക്ക് ഇവിടെ കാണാന്‍ പറ്റുന്നുണ്ട്. എന്താണ് പറയേണ്ടതെന്ന് അറിയില്ല. നിങ്ങളുടെ കയ്യടിയും ശബ്ദവും കേള്‍ക്കുമ്ബോള്‍ വാക്കുകള്‍ കിട്ടുന്നില്ല. റോബര്‍ട്ടിനേയും സേവ്യറിനേയും ഡോണിയേയും സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. നമ്മുടെ ആര്‍ ഡി എക്‌സ് നിങ്ങള്‍ നെഞ്ചില്‍ സ്വീകരിച്ചതില്‍ ഒരുപാട് നന്ദിയുണ്ട്.
നമ്മുടെ ബഹുമാനപ്പെട്ട ടൂറിസം വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് സാറിനോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. ജയിലര്‍ ഇറങ്ങിക്കഴിഞ്ഞപ്പോള്‍ റിയാസ് സാറും നമ്മുടെ മുഖ്യമന്ത്രിയുമെല്ലാം കൂടി ജയിലര്‍ കാണാന്‍ പോയി. നമ്മുടെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും കൂടി ചേര്‍ന്ന് ആര്‍ ഡി എക്‌സ് കാണാന്‍ പോകണമെന്ന് ഞാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുകയാണ്. കണ്ടിട്ട് അഭിപ്രായം പറയണം. ഇതിനേക്കാള്‍ കൂടുതല്‍ എനിക്ക് ഒന്നും പറയാനില്ല മച്ചാന്‍മരേ.. ലവ് യൂ..
Post Your Comments