CinemaGeneralLatest NewsNEWS

ലക്ഷ്മി ചേച്ചിയുണ്ടായിരുന്നേൽ നേരത്തെ കല്യാണം നടന്നേനെ, ചേച്ചി ഞങ്ങളുടെ ഗാർഡിയൻ എയ്ഞ്ചലാണ്: ഗോകുൽ സുരേഷ്

സുരേഷ് ഗോപിക്കെതിരെ വരുന്ന സൈബർ ആക്രമണങ്ങൾക്ക് ഉടൻ തന്നെ കൃത്യമായ മറുപടി നൽകുന്ന ആളാണ് ഗോകുൽ സുരേഷ്. മലയാള സിനിമയിൽ തന്റേതായ ഇടം ഉറപ്പിച്ച ഗോകുൽ അഭിനയിച്ച ‘കിംഗ് ഓഫ് കൊത്ത’ എന്ന സിനിമ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ദുൽഖർ നായകനായ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെയാണ് ഗോകുൽ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ, തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് താരം. അമ്മയെ കുറിച്ചാണ് ഗോകുൽ മനസ് തുറന്നത്. ക്രെഡിറ്റ് കിട്ടാത്ത സൂപ്പർ താരമാണ് അമ്മ എന്ന് നടൻ പറയുന്നു.

‘വീട്ടു കാര്യങ്ങളെല്ലാം മാനേജ് ചെയ്യുന്നത് അമ്മയാണ്. ചേച്ചിയുടെ പേരിലുള്ള ട്രെസ്റ്റിന്റെ കാര്യങ്ങൾ ചെയ്യുന്നതും അമ്മയാണ്. ഞങ്ങളെയൊക്കെ നോക്കുന്നതൊക്കെ അമ്മയുടെ ചുമതലയാണ്. എന്റെ നല്ല പെരുമാറ്റം കാണുമ്പോൾ അച്ഛന്റെ മോനല്ലേ എന്ന് പറയുന്നത് ഞാൻ തിരുത്തിയിട്ടുണ്ട്. അമ്മയാണ് ഞങ്ങളെയൊക്കെ വളർത്തിയതെന്ന് പറയും. അച്ഛനും ഇപ്പോൾ അത് പറയാറുണ്ട്. ക്രെഡിറ്റ് കിട്ടാത്ത സൂപ്പർ താരമാണ് അമ്മ. വീട്ടിൽ കല്യാണ ഒരുക്കങ്ങളൊക്കെ തകൃതിയായി നടക്കുന്നുണ്ട്. ഒരു കല്യാണം വീട്ടിൽ വന്നാൽ എത്ര തിരക്കുണ്ടാവുമെന്നത് നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

ലക്ഷ്മി ചേച്ചിയുണ്ടായിരുന്നേൽ നേരത്തെ കല്യാണം നടന്നേനെ. ചേച്ചി മരിച്ച് ഒന്നര വർഷം കഴിഞ്ഞാണ് ഞാൻ ജനിക്കുന്നത്. ഞങ്ങളുടെയൊരു ഗാർഡിയൻ എയ്ഞ്ചൽ പോലെയാണ് ചേച്ചി. എനിക്കെന്തെങ്കിലും വിഷമമൊക്കെ വന്നാൽ ഞാൻ ആകാശത്തേക്ക് നോക്കും. ഏതെങ്കിലും നക്ഷത്രം കമ്യൂണിക്കേറ്റ് ചെയ്യുന്നുണ്ടോയെന്ന്, അത് എന്റെ മാത്രം ചിന്തയാണ്. രണ്ടുമൂന്ന് കാര്യങ്ങൾ ഞാൻ പറഞ്ഞിട്ട് അതേപോലെ നടന്നിട്ടുണ്ട്. അത് ഏതാണെന്നൊന്നും പറയില്ല. പറഞ്ഞാൽ അതിന്റെ ഭംഗി പോവും.

എത്ര വീണാലും നമ്മളൊരു മെത്തയിലോട്ടാണ് വീഴുന്നത്. അച്ഛനൊക്കെ നേരെ കോൺക്രീറ്റിലോട്ടാണ് വീണത്. എനിക്കാ മെത്തയുണ്ടെന്നുള്ള പ്രിവിലേജ് എപ്പോഴുമുണ്ട്. ഈ ജോലി ചെയ്യാതെ വെറുതെ വീട്ടിലിരുന്നാലും എനിക്ക് ഭക്ഷണം കഴിക്കാൻ പറ്റും. കിട്ടുന്ന പൈസയൊന്നും ധൂർത്തടിച്ച് കളയുന്ന സ്വഭാവമൊന്നുമില്ല. തമിഴിൽ നിന്നും രണ്ടുമൂന്ന് അവസരങ്ങൾ വന്നിരുന്നു. എനിക്കതത്ര നല്ലതായി തോന്നിയില്ല. അതുകൊണ്ട് സ്വീകരിച്ചില്ല. തെലുങ്കും തമിഴും കന്നഡയുമൊക്കെ ചെയ്യാനിഷ്ടമുണ്ട്. ഞാൻ ബാംഗ്ലൂരിലാണ് പഠിച്ചത്. കന്നഡ അറിയാം. അച്ഛനെ സിനിമാക്കാരനായി കാണാനാണ് എനിക്കിഷ്ടം. അച്ഛനെന്തിനാണ് ബ്രേക്കെടുത്തതെന്ന് ഞാൻ അമ്മയോട് ചോദിക്കാറുണ്ടായിരുന്നു. എന്തിനാണ് ഇത്രയധികം വിമർശനങ്ങൾ കേൾക്കുന്നതെന്ന് ചോദിച്ചിരുന്നു. അമ്മ അത് അച്ഛനോട് ചോദിക്കുമായിരുന്നു. ഇഷ്ടമുള്ളത് അച്ഛൻ ചെയ്യട്ടെ എന്ന നിലപാടിലാണ് അമ്മ. അച്ഛനോട് ഞാനങ്ങനെ നേരിട്ടൊന്നും പറയാറില്ല. അദ്ദേഹത്തിന്റെ ഇഷ്ടം, അദ്ദേഹത്തിന്റെ തീരുമാനം’, ഗോകുൽ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button