കരള്‍ മാറ്റി വെയ്ക്കുന്ന ശസ്ത്രക്രിയ നടത്താൻ ഭയം കാരണം പാരമ്പര്യ വൈദ്യന്മാരുടെ അടുത്ത് ചികിത്സയ്ക്ക് പോയതിനെക്കുറിച്ച് തുറന്നു പറഞ്ഞു നടൻ സലിം കുമാര്‍. അസുഖത്തിന്റെ ആദ്യ ഘട്ടത്തില്‍ സലിം കുമാര്‍ ചികിത്സ തേടിയിരുന്നത് പാരമ്പര്യ വൈദ്യന്മാരുടെ അടുത്ത് ആയിരുന്നു. അതിനാൽ കൂടുതല്‍ പേടിപ്പെടുത്തുന്ന നിലയിലേക്ക് രോഗം മാറുകയും ചെയ്തു. ലിവര്‍ ട്രാൻസ്പ്ലാന്റ് ചെയ്യുന്നില്ലെന്ന് തീരുമാനിച്ചത് കാരണം എവിടെയൊക്കെ തട്ടിപ്പുണ്ടോ അവിടെയൊക്കെ പോയി താൻ ചികിത്സ തേടുന്ന സാഹചര്യമുണ്ടായിരുന്നുവെന്ന് തുറന്നു പറഞ്ഞ് സലിം കുമാര്‍. കൊച്ചി അമൃത ആശുപത്രിയില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചതിന്റെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അമൃതസ്പര്‍ശം എന്ന പരിപാടിയിലാണ് സലിം കുമാര്‍ വെളിപ്പെടുത്തിയത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘മഞ്ഞപ്പിത്തം പലര്‍ക്കും വരുന്ന അസുഖമാണ്. മഞ്ഞപ്പിത്തമാണെന്ന് പറഞ്ഞാല്‍ പലരും നമ്മളെ വൈദ്യന്റെ അടുത്തേക്ക് പറഞ്ഞ് വിടും. മഞ്ഞപ്പിത്തം പലവിധമുണ്ട്. ചിലത് വൈദ്യരുടെ കഴിവിന് അപ്പുറമാണ്. അത് തിരിച്ചറിയണം അല്ലെങ്കില്‍ അവസാനം വൈദ്യൻ ലിവറൊക്കെ തകര്‍ത്തിട്ട് കയ്യൊഴിയും. എനിക്ക് ലിവര്‍സിറോസിസാണെന്ന് കണ്ടെത്തി. ഞാൻ സര്‍ച്ച് ചെയ്തപ്പോള്‍ ലിവര്‍ ട്രാൻസ്പ്ലാന്റ് മാത്രമെ വഴിയുള്ളു. അത് ചെയ്യുന്നില്ലെന്ന് ഞാൻ തീരുമാനിച്ചു. പിന്നെ ഒരു സുഹൃത്ത് വഴി ഒറ്റപ്പാലത്തുള്ള ഒരു വൈദ്യനെ കാണാൻ പോയി. 51 ദിവസത്തിനുള്ളില്‍ ലിവര്‍സിറോസിന് മാറ്റി തരുമെന്ന് അയാള്‍ പറഞ്ഞു.’
‘നിര്‍മലാനന്ദഗിരി എന്നാണ് അദ്ദേഹത്തിന്റെ പേര്. കഞ്ഞിയിലിട്ട് കഴിക്കാൻ ഒരു മരുന്ന് തന്നു. ജീവിക്കാൻ മോഹം.. ഓപ്പറേഷൻ ചെയ്യാൻ പേടി. അതുകൊണ്ടാണ് വൈദ്യന്മാരെ ആശ്രയിച്ചത്. അയാള്‍ തന്ന മരുന്ന് കഴിച്ചിട്ട് മാറ്റം ഉണ്ടായില്ല. പിന്നെ മോഹനൻ വൈദ്യരെ കാണാൻ പോയി. എല്ലാ ഡോക്ടര്‍മാരെയും വെല്ലുവിളിക്കുന്ന വൈദ്യരാണ് അദ്ദേഹം.’
‘അവിടെ നിന്നും കുറേ മരുന്നും ജൈവവളത്തില്‍ ഉത്പാദിപ്പിച്ച നെല്ലും ചേനയുമൊക്കെ തന്നു. കൂടെ പശു കഴിക്കുന്ന പുല്ലും കഴിക്കാൻ തന്നു. ഇതോടെ ബ്ലെഡ് ശര്‍ദ്ദിക്കാൻ തുടങ്ങി. അകത്ത് കിടന്നതും അകത്തെ കുടല്‍ മാല വരെയും പുറത്ത് വന്നു. ഞാൻ അയാളെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ വേഗം ആശുപത്രിയില്‍ കൊണ്ടുപൊക്കോളാൻ പറഞ്ഞു.’
‘പിന്നെ മലയാറ്റൂര് ഒരു വൈദ്യനെ കാണാൻ പോയി. 500 തേങ്ങയുടെ വെള്ളം കുറുക്കി ലേഹ്യം പോലെയാക്കി കഴിക്കാൻ പറഞ്ഞു. ഭാര്യ രാവിലെ മുതല്‍ രാത്രി വരെ ഇരുന്നാണ് അത് ഉണ്ടാക്കിയത്. ഞാൻ അത് കഴിച്ചതോടെ ഛര്‍ദ്ദി കൂടി. ഇത്തരത്തില്‍ മനുഷ്യനെ പറ്റിക്കുന്ന നിരവധി പാരമ്പര്യ വൈദ്യന്മാരുണ്ട്. അതുപോലെ ഒരു ഡോക്ടര്‍ ഇംഗ്ലീഷ് മരുന്നെന്ന വ്യാജേന കരള്‍ രോഗത്തിന് ചികിത്സിക്കുന്നുണ്ട്. സിദ്ദിഖ് ഇക്ക അത് കഴിച്ചിരുന്നു. എവിടെ ഒക്കെ തട്ടിപ്പുണ്ടോ അവിടെ ഒക്കെ ഞാൻ പോയിട്ടുണ്ട്’- സലിം കുമാര്‍ പറഞ്ഞു.
Leave a Comment