കൊച്ചി: നെല്ല് സംഭരണ വിഷയത്തിൽ താൻ പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നതായി നടന്‍ ജയസൂര്യ. ഒരു മലയാള ദിനപത്രത്തിലെ കുറിപ്പിലാണ് താരത്തിന്‍റെ വിശദീകരണം. തനിക്ക് കക്ഷി രാഷ്ട്രീയമില്ല. കർഷക പക്ഷത്താണ് താൻ. ആറു മാസം മുമ്പ് സംഭരിച്ച നെല്ലിന്‍റെ വില ഇനിയും കർഷകർക്ക് കൊടുക്കാത്തത് അനീതിയല്ലേ എന്നും ജയസൂര്യ ചോദിക്കുന്നു. കളമശേരിയിലെ വേദിയിൽ താൻ എത്തിയപ്പോഴാണ് കൃഷി മന്ത്രി അവിടെ ഉണ്ടെന്ന കാര്യം അറിഞ്ഞത്.
കർഷകരുടെ വിഷയം വേദിയിൽ പറയാതെ നേരിട്ട് പറഞ്ഞാൽ അത് ലക്ഷ്യപ്രാപ്തിയിൽ എത്തില്ല. അതുകൊണ്ടാണ് വേദിയിൽ തന്നെ പറയാൻ തീരുമാനിച്ചതെന്നും ജയസൂര്യ പറഞ്ഞു. കർഷക വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ നടൻ ജയസൂര്യ നടത്തിയ പരാമർശത്തിൽ ചർച്ച തുടരുകയാണ്. സമൂഹമാധ്യമങ്ങളിൽ ജയസൂര്യയെ അനുകൂലിച്ചും വിമർശിച്ചുമാണ് അഭിപ്രായ പ്രകടനങ്ങൾ.
കേന്ദ്ര സർക്കാരിനെതിരെ രാജ്യത്തെ കർഷകർ സമരം നടത്തിയപ്പോൾ പ്രതികരിക്കാത്ത ജയസൂര്യയുടെ നിലപാട് ഇരട്ടത്താപ്പ് എന്നാണ് വിമർശനം. എന്നാൽ ഓണത്തിന് ശേഷം സംസ്ഥാനത്തിന് പുറത്തു യാത്രയിലായ നടൻ ഫേസ്ബുക്ക് അക്കൗണ്ട് വഴിയും തുടർ പ്രതികരണങ്ങൾ അറിയിച്ചിട്ടില്ല. നടന്റെ അഭിപ്രായം വസ്തുതാ വിരുദ്ധമെന്ന് കൃഷി മന്ത്രിയും ഭക്ഷ്യ മന്ത്രിയും പ്രതികരിച്ചിരുന്നു.
Post Your Comments