GeneralLatest NewsMollywoodNEWSWOODs

കയ്യടി കിട്ടാന്‍ എന്തും വിളിച്ചുപറയരുത്, മുതലക്കണ്ണീരാണ് കര്‍ഷക സ്‌നേഹമെന്ന പേരില്‍ ജയസൂര്യ ഒഴുക്കുന്നത്: എഐവൈഎഫ്

ജനകീയ സര്‍ക്കാരിനെ കരിവാരി തേച്ചു ശ്രദ്ധ നേടാന്‍ ശ്രമിക്കുന്ന തരത്തിലേക്ക് ജയസൂര്യ അധഃപതിക്കരുതായിരുന്നു

നെല്ല് സംഭരണത്തിന് ശേഷം കര്‍ഷകര്‍ക്ക് പണം നല്‍കുന്നില്ലെന്ന നടന്‍ ജയസൂര്യയുടെ പരാമര്‍ശത്തിന് എതിരെ വിമർശനവുമായി എഐവൈഎഫ്. വസ്തുതകള്‍ മനസിലാക്കാതെ സിനിമയിലെ പോലെ കയ്യടി കിട്ടാന്‍ എന്തും വിളിച്ച്‌ പറയുന്നത് ശരിയല്ലെന്നും പുതിയ സിനിമയുടെ പ്രമോഷനു വേണ്ടിയുള്ള മുതലക്കണ്ണീരാണ് കര്‍ഷക സ്‌നേഹമെന്ന പേരില്‍ ജയസൂര്യ ഒഴുക്കുന്നതെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടിടി ജിസ്‌മോനും പ്രസ്താവനയില്‍ പറഞ്ഞു.

read also: സംശയമില്ല, ജയസൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണ സൂര്യൻ: പ്രശംസകളുമായി ജോയ് മാത്യു

‘നെല്ല് സംഭരണത്തിന് കേരളത്തിന്റെ വിഹിതം പൂര്‍ണമായും കര്‍ഷകര്‍ക്ക് നല്‍കി. ഇനി നല്‍കാനുള്ളത് കേന്ദ്ര വിഹിതമാണ്. നടന്‍ ജയസൂര്യയുടെ പരാമര്‍ശം അപഹാസ്യമാണ്. സുഹൃത്തായ കൃഷ്ണപ്രസാദ് പറഞ്ഞത് കേട്ട് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇറങ്ങി പുറപ്പെട്ട ജയസൂര്യ വസ്തുതകള്‍ പഠിക്കാതെയുള്ള പ്രസംഗമാണ് നടത്തിയത്. കേരള സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുന്നത് രാജ്യത്തിന്റെ റേഷനിങ് സംവിധാനത്തിന് വേണ്ടിയാണ്. അതായത് കേന്ദ്രം സംസ്ഥാനങ്ങളിലെ റേഷന്‍ വിതരണത്തിന് നല്‍കേണ്ട അരിവിഹിതത്തിന് വേണ്ടി. ഇതിന്റെ പണം നല്‍കേണ്ടത് കേന്ദ്രമാണ്. 20.40 രൂപ കേന്ദ്രവും 7.80 രൂപ കേരളവും നല്‍കുന്നു. കേരളം നല്‍കുന്നത് പോലെ തുക നല്‍കുന്ന രീതി രാജ്യത്തെ മറ്റൊരു സംസ്ഥാനത്തുമില്ല.

കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സംസ്ഥാന സര്‍ക്കാരിന് പണം നല്‍കാത്തതു കൊണ്ടാണ് സര്‍ക്കാര്‍ ബാങ്ക് വായ്പയെടുത്ത് കര്‍ഷകര്‍ക്ക് പണം നല്‍കുന്നത്. കടമെടുക്കുന്ന തുകയ്ക്കു പലിശ നല്‍കുന്നതും സംസ്ഥാന സര്‍ക്കാരാണ്. ഓണത്തിനു മുന്നേ തന്നെ കേരള സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കേണണ്ട വിഹിതം നല്‍കി കഴിഞ്ഞു. 7070.71 കോടിയാണ് കര്‍ഷകര്‍ക്ക് നല്‍കേണ്ടത്. ഇതില്‍ 6818 കോടിയും നല്‍കി കഴിഞ്ഞു. എസ്ബിഐ, കാനറാ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ മുഖേനയുള്ള കണ്‍സോര്‍ഷ്യം വഴി തുക നല്‍കുവാന്‍ മാസങ്ങള്‍ക്ക് മുമ്പ് ഒപ്പ് വെച്ചുവെങ്കിലും എസ്ബിഐ കുറ്റകരമായ അനാസ്ഥ കാട്ടിയതു മൂലമാണ് ബാക്കി തുക നല്‍കുന്നതിന് കാലതാമസമുണ്ടായത്.

അടുത്ത വര്‍ഷം മുതല്‍ കേന്ദ്രത്തിന്റെ പണത്തിന് കാത്ത് നില്‍ക്കാതെ കേരളം തന്നെ കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക നല്‍കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് കഴിഞ്ഞെന്നും കേന്ദ്രം നല്‍കിയില്ലെങ്കില്‍ നെല്ല് സംഭരിക്കുമ്ബോള്‍ തന്നെ കര്‍ഷകന് പണം നല്‍കമെന്നും മന്ത്രിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വസ്തുതകള്‍ മനസിലാക്കാതെ സിനിമയിലെ പോലെ കയ്യടി കിട്ടാന്‍ എന്തും വിളിച്ച്‌ പറയുന്നത് ശരിയല്ല. നെല്ല് സംഭരണത്തിന് കേരളത്തിന്റെ വിഹിതം പൂര്‍ണമായും കര്‍ഷകര്‍ക്ക് നല്കി. ഇനി നല്‍കാനുള്ളത് കേന്ദ്ര വിഹിതമാണ്. പുതിയ സിനിമയുടെ പ്രമോഷനു വേണ്ടിയുള്ള മുതലക്കണ്ണീരാണ് കര്‍ഷക സ്‌നേഹമെന്ന പേരില്‍ ജയസൂര്യ ഒഴുക്കുന്നതെന്നും എഐവൈഎഫ് പറഞ്ഞു.

ഇതൊന്നും ജയസൂര്യ എന്ന സെലിബ്രേറ്റിയെ സംബന്ധിച്ച്‌ അറിയേണ്ട കാര്യമായിരിക്കില്ല. പക്ഷെ കേരള ജനതയ്ക്ക് ഇതെല്ലാം അറിയാം. ജയസൂര്യ പ്രസംഗത്തില്‍ പേരെടുത്തു പരാമര്‍ശിച്ച കൃഷ്ണ പ്രസാദിന് അടക്കം പണം ലഭിച്ചിട്ടുണ്ട്. ഇതാണ് വസ്തുത എന്നിരിക്കെ, സംസ്ഥാന സര്‍ക്കാരിനും ഇടതു പക്ഷത്തിനും എതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു വാര്‍ത്ത പ്രാധാന്യം നേടാനാണ് ജയസൂര്യ ശ്രമിച്ചത്. ജന ശ്രദ്ധ നേടാന്‍, അഭിനയിക്കുന്ന സിനിമകള്‍ വൃത്തിയായി ചെയ്താല്‍ മതിയാകും, ജനകീയ സര്‍ക്കാരിനെ കരിവാരി തേച്ചു ശ്രദ്ധ നേടാന്‍ ശ്രമിക്കുന്ന തരത്തിലേക്ക് ജയസൂര്യ അധഃപതിക്കരുതായിരുന്നു’ – പ്രസ്താവനയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button