
മികച്ച അഭിനയത്തിലൂടെ മറാത്തി, ഹിന്ദി വിനോദ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച മുതിർന്ന നടി സീമ ഡിയോ (81)അന്തരിച്ചു. മറാത്തി, ഹിന്ദി സിനിമകളിലെ ശ്രദ്ധേയമായ താരമായിരുന്നു നടി സീമ.
എൺപതോളം ഹിന്ദി, മറാത്തി സിനിമകളിൽ സീമ വേഷമിട്ടിരുന്നു. പ്രായാധിക്യവും അൽഷിമേഴ്സും തളർത്തിയിരുന്ന നടി സീമ കുറച്ചുകാലമായി മുംബൈയിലെ ബാന്ദ്രയിൽ മകൻ അഭിനയ് ദേവിനൊപ്പമാണ് താമസിച്ചിരുന്നത്. 2020-ലെ മഹാമാരി സമയത്ത് അമ്മയുടെ അസുഖത്തെക്കുറിച്ച് അഭിനയ് സംസാരിച്ചിരുന്നു. സ്കൂൾ കാലഘട്ടത്തിൽ തന്നെ നൃത്തത്തോട് അതിയായ ഇഷ്ടമുള്ള വ്യക്തിയായിരുന്നു സീമ. ഇതിനിടയിൽ കല്യാൺ ജി – ആനന്ദ്ജിയുടെ ഓർക്കസ്ട്രയിൽ പാടാനും സീമ സമയം കണ്ടെത്തിയിരുന്നു.
സീമയുടെ ഭർത്താവും നടനുമായ രമേഷ് ഡിയോ കഴിഞ്ഞ വർഷം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. രമേഷ് ഡിയോ – സീമ ഡിയോ ദമ്പതികൾക്ക് അജിങ്ക്യ, അഭിനയ് എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്. വർഷങ്ങളായി സിനിമാ മേഖലയിൽ നിറ സാന്നിധ്യമായിരുന്ന നടിയുടെ വിയോഗത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും അനുശോചനം അറിയിച്ചു. മറാത്തി സിനിമയിലെ ഏറ്റവും ആദരണീയയായ നടിമാരിൽ ഒരാളായിരുന്നു സീമ. രാജേഷ് ഖന്നയുടെയും അമിതാഭ് ബച്ചന്റെയും ആനന്ദ്, ജയ ബച്ചൻ, വിജയ് ആനന്ദ് എന്നിവരുടെ കോരാ കഗാസ്, ജയ ബച്ചൻ, സഞ്ജീവ് കുമാർ എന്നിവരുടെ സിനിമയായ കോഷിഷ് തുടങ്ങിയ പ്രശസ്ത ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Post Your Comments