
കൊച്ചി: സിനിമാ സംവിധായകൻ കിരൺ ജി.നാഥ് (48) പൊള്ളലേറ്റ് മരിച്ചു. കരുവാറ്റ സ്വദേശിയായ ഇദ്ദേഹത്തെ ആലുവ യുസി കോളേജിന് സമീപം വലി ഹോംസ് ഇല്ലികുളം സ്യമന്തകം എന്ന വീട്ടിലാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിരൺ ജി.നാഥ് സംവിധാനം ചെയ്ത ചിത്രമാണ്‘കലാമണ്ഡലം ഹൈദരാലി.
സംവിധായകന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ദുരൂഹമാണെന്ന് കുടുംബാംഗങ്ങൾ അവകാശപ്പെട്ടു. പറവൂർ താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്ക് ജോലിക്കാരിയായ കിരണിന്റെ ഭാര്യ ജയലക്ഷ്മിയാണ് കിരണിനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
കാർഷിക ഗ്രാമവികസന ബാങ്ക് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ കൂടിയായ പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നേതാക്കൾ തങ്ങളെ മാനസികമായി ബുദ്ധിമുട്ടിക്കുകയാണെന്ന് അവർ ആരോപിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കിരണിനും കുടുംബത്തിനും ഭീഷണിയും സമ്മർദ്ദവും നേരിടേണ്ടി വന്നതായും സൂചനയുണ്ട്. ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. ആര്യാദേവിയാണ് ഏക മകൾ. കിരണിന്റെ മരണത്തിൽ ആലുവ ഈസ്റ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കിരണിനെതിരെ അക്രമികൾ പോലീസിൽ പരാതി നൽകുകയും കേസെടുപ്പിക്കുകയും ചെയ്തു. കേസ് കാരണം വിദേശത്ത് ജോലി ചെയ്യാൻ അവസരം ലഭിച്ചെങ്കിലും കിരണിന് പോകാൻ കഴിഞ്ഞിരുന്നില്ല.
Post Your Comments