
രജനികാന്ത് നായകനായ ജയിലർ ആഗോള ബോക്സ് ഓഫീസിൽ 500 കോടി രൂപ പിന്നിട്ടു, മണിരത്നം സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തിന്റെ ലൈഫ് ടൈം കളക്ഷൻ 498 കോടി രൂപ മറികടന്നുവെന്ന് റിപ്പോർട്ടുകൾ.
ആഗോള ബോക്സ് ഓഫീസിൽ 783 കോടി നേടിയ ഷങ്കറിന്റെ 2018 ബ്ലോക്ക്ബസ്റ്റർ 2.0 ന് ശേഷം 500 കോടി ക്ലബ്ബിൽ ചേരുന്ന രണ്ടാമത്തെ രജനികാന്തിന്റെ ചിത്രമായി ജയിലർ മാറി കഴിഞ്ഞു. ആഗോള തലത്തിൽ മിന്നുന്ന വിജയമാണ് ചിത്രം നേടിയെടുത്തത്. 500 കോടി നാഴികക്കല്ല് കടന്ന ഏറ്റവും വേഗത്തിൽ രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണ് ജയിലർ. വെറും 10 ദിവസം കൊണ്ട് ജയിലർ ഈ നേട്ടം കൈവരിച്ചു എന്നതാണ് ചിത്രത്തെ വേറിട്ടതാക്കുന്നത്. കൂടാതെ 3 ദിവസം കൊണ്ട് 2.0യുടെ ഏഴ് ദിവസത്തെ റെക്കോർഡ് ആണ് തകർത്തത്.
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമന്ന ഭാട്ടിയ, രമ്യാ കൃഷ്ണൻ, വിനായകൻ, യോഗി ബാബു, വസന്ത് രവി എന്നിവരും ഉൾപ്പെടുന്നു. കൂടാതെ, ആക്ഷൻ ത്രില്ലർ രംഗങ്ങളിൽ മോഹൻലാൽ, ശിവ രാജ്കുമാർ, ജാക്കി ഷ്രോഫ് എന്നിവർ അതിഥി വേഷങ്ങളിലും എത്തി മിന്നുന്ന പ്രകടനമാണ് കാഴ്ച്ചവച്ചത്. സൂപ്പർ ഹിറ്റ് ചിത്രം ഇതിനിടെ ഏതാനും വിമർശനങ്ങൾക്കും പാത്രമായിരുന്നു. ചിത്രത്തിലെ വയലൻസ് രംഗങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാമർശം.
Post Your Comments