ബെംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 ന്റെ സേഫ് ലാൻഡിങ്ങിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ജനത. ഇതിനിടെ മിഷനെ
പരോക്ഷമായി പരിഹസിച്ച് രംഗത്തെത്തിയ നടൻ പ്രകാശ് രാജിനെതിരെ സോഷ്യൽ മീഡിയ. പ്രകാശ് രാജിന്റെ പുതിയ ട്വീറ്റ് ചാന്ദ്ര ദൗത്യത്തെ കളിയാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന് നേരെയുള്ള വിമർശനം. ‘പുതിയ വാർത്ത : ചന്ദ്രയാനിൽ നിന്നുള്ള ആദ്യചിത്രം പുറത്ത്’ എന്ന അടിക്കുറിപ്പോടെ ഒരാൾ ചായ അടിക്കുന്ന ചിത്രമാണ് പ്രകാശ് രാജ് ട്വിറ്ററിൽ പങ്കുവെച്ചത്.
നടനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രദൗത്യത്തിനെ പരിഹസിക്കുന്നത് രാജ്യത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഒരു വിഭാഗം ആളുകൾ പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി.ജെ.പിയോടുമുള്ള അന്ധമായ വിരോധത്തിന്റെ പേരിൽ രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചത് ശരിയല്ലെന്നും നിരവധി ആളുകൾ കമന്റ് ചെയ്യുന്നുണ്ട്.
ചന്ദ്രയാൻ 3 ബി.ജി.പിയുടെ മിഷൻ അല്ലെന്നും രാജ്യത്തെ ശാസ്ത്രഞ്ജരുടെ പ്രയത്നം കാണാതെ പരിഹസിച്ചത് ശരിയായില്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. രാഷ്ട്രീയത്തിന്റെ പേരിൽ രാജ്യത്തെ അപമാനിക്കരുതെന്ന് ചിലർ കുറിച്ചു. പ്രകാശ് രാജിന്റെ പഴയ പോസ്റ്റുകളും ആളുകൾ പങ്കുവെക്കുന്നുണ്ട്. എന്നാൽ, ചന്ദ്രനിൽപ്പോയാലും അവിടെ ഒരു മലയാളിയുണ്ടാകുമെന്ന കാർട്ടൂണിന്‍റെ ഒരു ഭാഗം പങ്കുവച്ചതിന് പ്രകാശ് രാജിനെ വിമർശിക്കേണ്ടതില്ലെന്ന് പ്രതികരിച്ചവരുമുണ്ട്.
അതേസമയം, ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് രണ്ട് ദിവസത്തിനുള്ളിൽ ചന്ദ്രനിൽ ഇറങ്ങും. ചന്ദ്രോപരിതലം തൊടാനുള്ള മുന്നൊരുക്കങ്ങൾ കൃത്യമായി പുരോഗമിക്കുകയാണ്. ആഗസ്റ്റ് 23ന് വൈകിട്ട് 5.45 നാണ് ലാൻഡിങ്ങ് പ്രക്രിയക്ക് തുടങ്ങുക. ആറേ നാലോടെ പേടകം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുമെന്നാണ് ഐ.എസ്.ആർ.ഒ അറിയിപ്പ്. ലാൻഡർ മൊഡ്യൂളിലുള്ള ക്യാമറ പകർത്തിയ ചന്ദ്രന്റെ കൂടുതൽ ചിത്രങ്ങൾ ഇന്നു രാവിലെ ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു.
Post Your Comments