തൃപ്പൂണിത്തുറ: ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റ് മഹാബലിയാണെന്ന് നടൻ മമ്മൂട്ടി. തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങൾക്ക് ഫ്ലാഗ് ഓഫ് ചെയ്യാനെത്തിയതായിരുന്നു മമ്മൂട്ടി. അത്ത ആഘോഷപരിപാടിയിൽ അതിഥിയായി പങ്കെടുക്കുന്നത് ആദ്യമായിട്ടാണെങ്കിലും അത്ത ആഘോഷങ്ങളിൽ ഇതിനു മുമ്പും എത്തിയിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. കോട്ടയം ചെമ്പ് സ്വദേശിയായ തന്നെ, ഇന്നത്തെ മമ്മൂട്ടിയായി നിങ്ങൾ അറിയുന്നതിനു മുമ്പ് താൻ അത്ത ആഘോഷങ്ങൾക്ക് എത്തിയിരുന്നുവെന്നും, അത്ത ആഘോഷങ്ങളിൽ അന്ന് തോന്നിയ പുതുമയും അത്ഭുതവും ഇന്നും വിട്ടുമാറിയിട്ടില്ല എന്നും താരം പറഞ്ഞു.
‘രാജഭരണം പോയി, പ്രജകളാണ് അതായത് നമ്മളാണ് ഇപ്പോള്‍ രാജാക്കന്‍മാര്‍. ഇത് നമ്മുടെ സന്തോഷത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ഒക്കെ ഒരു ആഘോഷമാണ്. ഈ ആഘോഷം ഒരു വലിയ സാഹിത്യ, സംഗീത, സാംസ്‌കാരിക ആഘോഷമാക്കി മാറ്റണം. ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലി. മനുഷ്യരെ എല്ലാവരേയും ഒന്നുപോലെ കാണുക, അങ്ങനെയൊരു സങ്കല്‍പ്പം ലോകത്ത് എങ്ങും നടന്നിട്ടുള്ളത് നമുക്ക് അറിയില്ല. സൃഷ്ടിയില്‍ പോലും മനുഷ്യര്‍ എല്ലാവരും ഒരുപോലെയല്ല. എന്നാലും മനസ് കൊണ്ടും പെരുമാറ്റം കൊണ്ടും നമുക്ക് ഒരേപോലെയുള്ള മനുഷ്യരാകാം, അതിന് ഈ ആഘോഷങ്ങള്‍ ഉപകരിക്കട്ടെ’, മമ്മൂട്ടി പറഞ്ഞു.
ഓണത്തിന്റെ വരവറിയിച്ചുള്ള തൃപ്പൂണിത്തുറയിൽ നാടൻ കലാരൂപങ്ങളും വാദ്യഘോഷങ്ങളുമായി നീങ്ങുന്ന ഘോഷയാത്ര കാണാൻ പതിനായിരങ്ങളാണ് ഒത്തുകൂടിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് അത്തച്ചമയ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തത്. അത്തച്ചമയം മതസൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും ആഘോഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments