മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മിപ്രിയ. സിനിമയിലും സീരിയലിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ നടിക്ക് കഴിഞ്ഞിട്ടിട്ടുണ്ട്. കുടുംബപ്രേക്ഷകരുടെ പ്രിയനടി എന്ന് തന്നെ പറയാം. ജയേഷാണ് ലക്ഷ്മിപ്രിയയുടെ ഭർത്താവ്. ദമ്പതികൾക്ക് മാതംഗി എന്നൊരു മകളുമുണ്ട്. തന്റെ വ്യക്തിജീവിതത്തെ കുറിച്ച് നടി തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, എം.ജി ശ്രീകുമാർ അവതാരകനായ പറയാം നേടാം എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ സബീന അബ്ദുൽ ലത്തീഫ് എന്ന മുസ്ലിം പെൺകുട്ടി ലക്ഷ്മി പ്രിയ ആയത് എങ്ങനെയാണെന്ന് താരം പങ്കുവച്ചു. പതിനെട്ടാം വയസിൽ ആയിരുന്നു തന്റെ വിവാഹം കൊല്ലത്ത് ഒരു അമ്പലത്തിൽ വച്ച് നടന്നതെന്നും ആ സമയത്താണ് തന്റെ പുതിയ പേരിടൽ നടത്തിയതെന്നും ലക്ഷ്‌മി പ്രിയ പറയുന്നു.
‘എന്റെ അച്ഛന്റെ പേര് കബീർ എന്നാണ്. എന്റെ പേരിനൊപ്പം വന്നിരിക്കുന്നത് ചിറ്റപ്പന്റെ പേരാണ്. എന്റെ അച്ഛനും അമ്മയും ഞാൻ ചെറുതായിരിക്കുമ്പോഴേ ഡിവോഴ്സ് ആയതാണ്. ഞങ്ങൾ മൂന്ന് മക്കളാണ്. അതിൽ ചേച്ചിമാർ രണ്ടുപേരും അമ്മയുടെ വീട്ടിലും ഞാൻ അച്ഛന്റെ വീട്ടിലും ആയിരുന്നു. അമ്മയില്ലാത്ത കുട്ടി ആയിട്ടാണ് ഞാൻ വളർന്നത്. അച്ഛൻ എന്നെ അച്ഛന്റെ വീട്ടിൽ ആക്കിയിട്ട് നാടുവിട്ടു പോയി. ഞാൻ എന്റെ ജീവിതത്തിൽ കുറച്ചു തവണ മാത്രമേ അച്ഛനെ കണ്ടിട്ടുള്ളു.
അവർ സെപറേറ്റഡ് ആയതിന് ശേഷം ഞാൻ ഭയങ്കര റെബൽ ആയിരുന്നു. അനാവശ്യ പിടി വാശികളും മറ്റുമായിരുന്നു. ചെറുപ്പം മുതൽ അഭിനയിക്കണം എന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. ശോഭനയെ പോലെയൊരു നടിയാകണം എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. അതിന്റെ ഭാഗമായി നാടകത്തിൽ അഭിനയിച്ചിരുന്നു. കൊല്ലത്ത് ഒരു നാടക ക്യാമ്പിന് പോയപ്പോഴാണ് ജയേഷേട്ടന്റെ അച്ഛനെ പരിചയപ്പെടുന്നത്. അച്ഛനും ഞാനും നല്ല കൂട്ടായിരുന്നു. അപ്പോൾ അച്ഛൻ തന്നെ പറയും നിന്നെ മക്കളെ ആരെയെങ്കിലും കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന്. ഞാൻ അന്ന് അത് പറയല്ലേ മതം ഭയങ്കര പ്രശ്നമാണെന്ന് പറഞ്ഞു. അദ്ദേഹം തമാശപോലെ പറഞ്ഞു വിട്ടതാണ്.
അതിനിടെ ജയേഷേട്ടനുമായി ഞാൻ ഫോണിൽ സംസാരിച്ചിരുന്നു. അന്ന് എനിക്ക് പാട്ടൊക്കെ പാടി തന്നു. അന്നെനിക്ക് ആൾ കൊള്ളാമല്ലോ എന്ന് തോന്നി. പിന്നീട് ഒരിക്കൽ ജയേഷേട്ടൻ അവിടെ വന്നു. അന്ന് അച്ഛൻ എന്നെ പരിചയപ്പെടുത്തി. പിന്നെ എന്തോ മുൻജന്മ ബന്ധം പോലെ ഞങ്ങൾ ഒന്നായി. കല്യാണം കഴിച്ചു. പതിനെട്ടാം വയസിൽ ആയിരുന്നു എന്റെ വിവാഹം. കൊല്ലത്ത് ഒരു അമ്പലത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. ആ സമയത്താണ് ഏട്ടനും ആ അമ്പലത്തിലെ മേൽശാന്തിയും കൂടി എന്റെ പേരിടൽ നടത്തുന്നത്. പുതിയൊരു വസ്ത്രം ധരിക്കുന്നത് പോലെ സബീന അബ്ദുൽ ലത്തീഫ് എന്ന ഞാൻ ലക്ഷ്‌മി പ്രിയ ആകുന്നത് ആ നിമിഷം വരെ ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല’, നടി പറഞ്ഞു.
Post Your Comments