അതി ഭീകരമായ സാമ്പത്തിക തട്ടിപ്പിനിരയായി ഭക്ഷണം കഴിക്കാൻ വകയില്ലാതെ വിഷമിച്ച ബ്രിട്ടീഷ് വനിതക്ക് സഹായവുമായി എത്തിയിരിക്കുകയാണ് നടൻ സുരേഷ് ഗോപി.
വിസ പുതുക്കാൻ ക്വാലാലംപൂരിൽ പോയി വരാനുള്ള തുകയും വിമാന ടിക്കറ്റും വിസ പരിധി ലംഘിച്ചതിനുമുള്ള തുകയും സുരേഷ് ഗോപി കൈമാറി.
ലണ്ടൻ സ്വദേശിനിയായ സാറാ പെനിലോപ് എന്ന എഴുപത്തയഞ്ചുകാരിയ്ക്ക് വിസാ നിയമം ലംഘിച്ചതിനാൽ രാജ്യത്തിന് പുറത്ത് പോയിട്ട് വേണം പുതിയ വിസയ്ക്ക് അപേക്ഷിക്കുവാൻ. കൂടെ അനധികൃതമായി തങ്ങിയതിന്റെ പിഴയും ചേർത്ത് അടക്കണം. വിദേശത്തുള്ള നടൻ സുരേഷ് ഗോപിയുടെ നിർദേശാനുസരണം പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ , എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഖിൽ എന്നിവരാണ് ഫോർട്ട് കൊച്ചിയിൽ വച്ച് സഹായം കൈമാറിയത്. ലണ്ടനിലെ വീട് വിറ്റ് കിട്ടിയ ഏഴരകോടി രൂപ തട്ടിയെടുത്തുവെന്ന സാറയുടെ പരാതിയിൽ പള്ളുരുത്തി സ്വദശിയായ യഹിയ ഖാലിദിനെതിരെ ഫോർട്ട്കൊച്ചി പോലീസ് കേസെടുത്തെങ്കിലും നടപടിയുണ്ടായില്ല. ഇഡിക്ക് സാറ നാളെ പരാതി നൽകും. പോലീസിൽ പരാതി നൽകിയിട്ടും ഏഴരകോടിയോളം തട്ടിച്ചെടുത്തിട്ടും എന്തുകൊണ്ട് നടപടി ഉണ്ടായില്ല എന്ന് സോഷ്യൽ മീഡിയയിൽ അടക്കം ജനങ്ങൾ ചോദിക്കുന്നു. തട്ടിപ്പിനിരയായി ആരും സഹായത്തിനില്ലാതെ വിഷമിക്കുന്ന വിദേശ വനിതയുടെ കഥ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.
Post Your Comments