
കൊച്ചി: സംവിധായകൻ സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ (കെയുഎംഎ) രംഗത്ത്. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ റജിസ്റ്റർ ചെയ്ത അംഗീകൃത യൂനാനി ഡോക്ടർമാർ സിദ്ദിഖിനെ ചികിത്സിച്ചിട്ടില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് യൂനാനി വൈദ്യശാഖയെ പ്രതിക്കൂട്ടിൽ നിർത്തിയ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനെതിരെ നിയമ നടപടിയെടുക്കുമെന്നും കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കെയുഎംഎയുടെ പ്രസ്താവനയുടെ പൂർണ്ണരൂപം;
പ്രശസ്ത സംവിധായകൻ സിദ്ദിഖിന്റെ മരണം കേരളത്തിന്റെ തീരാനഷ്ടമാണ്. സംവിധായകൻ സിദ്ദിഖിനെ കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ റജിസ്റ്റർ ചെയ്ത ഒരൊറ്റ അംഗീകൃത യൂനാനി ഡോക്ടർമാർ പോലും ചികിത്സിച്ചിട്ടില്ല എന്ന് വ്യക്തമായിരിക്കെ, അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി യൂനാനി ചികിത്സാ വിഭാഗത്തെ അടച്ചാക്ഷേപിക്കുന്ന പ്രവണത ശരിയല്ല.
മാത്രമല്ല, ശാസ്ത്രീയമായി മരണ കാരണമറിയുന്നതിന് മുൻപുതന്നെ, ദിനംപ്രതി ആയിരക്കണക്കിന് രോഗികൾ ചികിത്സ സ്വീകരിക്കുന്ന കേന്ദ്ര–സംസ്ഥാന സർക്കാർ യൂനാനി ആരോഗ്യ സ്ഥാപനങ്ങളും പ്രൈവറ്റ് ഹോസ്പിറ്റൽ, ക്ലിനിക്, മെഡിക്കൽ കോളജ് തുടങ്ങിയ സംവിധാനങ്ങൾ ഉള്ള യൂനാനി വൈദ്യശാസ്ത്രത്തെ പ്രതിക്കൂട്ടിൽ നിർത്തിയത് ശക്തമായ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ മനസ്സിലാക്കുന്നത്. ഇത്തരക്കാർക്ക് എതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ കേരള യൂനാനി മെഡിക്കൽ അസോസിയേഷന്റെ സംസ്ഥാന എക്സിക്യുട്ടിവ് തീരുമാനിച്ചിരിക്കുന്നു.
Post Your Comments