CinemaLatest News

വരും തലമുറ പഠിക്കേണ്ട വരികളില്ലാത്ത സൗഹൃദത്തിന്റെ ജീവ ചരിത്രമാണ് ലാലും സിദ്ദിഖും: ഹരീഷ് പേരടി

വാക്കുകൾകൊണ്ടോ, നോട്ടങ്ങൾകൊണ്ടോ, ഭാവങ്ങൾകൊണ്ടോ അവർ പരസ്പരം പഴി ചാരിയില്ല

 

അന്തരിച്ച സംവിധായകൻ സിദ്ദിഖിനെ അനുസ്മരിച്ച് നടൻ ഹരീഷ് പേരടി. കരൾ രോ​ഗ ബാധയും ന്യൂമോണിയയും ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന പ്രശസ്ത സിനിമാ സംവിധായകൻ സിദ്ദിഖ് കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.

സിദ്ദിഖ് – ലാൽ എന്ന കൂട്ടുകെട്ടിനെ നെഞ്ചേറ്റിയവരാണ് മലയാളികൾ. മറക്കാനാവാത്ത ഒരുപാട് നല്ല ചിത്രങ്ങൾ സമ്മാനിച്ച ഇരുവരുടെയും വർഷങ്ങൾ നീണ്ട സൗഹൃദത്തെക്കുറിച്ചാണ് നടൻ ഹരീഷ് പേരടി കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

സുഹൃത്ത് = നല്ല ഹൃദയമുള്ളവൻ, മലയാളത്തിലെ ആദ്യത്തെ ഇരട്ട സംവിധായകർ,രണ്ട് അമ്മമാർ പെറ്റിട്ടവർ..ഒന്നിച്ച് നടന്ന് സ്വപ്നങ്ങൾ തൊട്ടവർ. ജീവിതം കൊണ്ട് മനുഷ്യത്വം പഠിച്ചവർ, വഴി പിരിഞ്ഞിട്ടും വാക്കുകൾകൊണ്ടോ, നോട്ടങ്ങൾകൊണ്ടോ, ഭാവങ്ങൾകൊണ്ടോ അവർ പരസ്പരം പഴി ചാരിയില്ല.

ഒരാളുടെ മരണത്തിന് മറ്റൊരാൾ കാവലിരിക്കുന്ന കാഴ്ച്ച മുഴുവൻ മലയാളികളുടെയും ഹൃദയം തകർക്കുന്നു. കലയിലെ അവരുടെ ആദ്യ ചുവട് അനുകരണമായിരുന്നെങ്കിലും അവരുടെ സൗഹൃദത്തെ ആർക്കും അനുകരിക്കാൻ പറ്റില്ല. കാരണം അവരുടെ സൗഹൃദം അവരുടേത് മാത്രമായിരുന്നു.

സ്വയം ഇതിഹാസമാവാതെ സൗഹൃദത്തെ ഇതിഹാസമാക്കിയവർ. സൗഹൃദത്തിന് ആർക്കും പറഞ്ഞ് കൊടുക്കാൻ പറ്റാത്ത ഉത്തരം കണ്ടെത്തിയവർ. വരും തലമുറ പഠിക്കേണ്ട വരികളില്ലാത്ത സൗഹൃദത്തിന്റെ ജീവ ചരിത്രം, സിദ്ധിഖേട്ടാ..ലാലേട്ടാ..സൗഹൃദ സലാം എന്നാണ് നടൻ കുറിച്ചത്.

 

shortlink

Related Articles

Post Your Comments


Back to top button