ഗണപതി ഭഗവാനെ അധിക്ഷേപിച്ച സ്പീക്കർ എ.എൻ ഷംസീർ വിശ്വാസി സമൂഹത്തോട് ഖേദം പ്രകടിപ്പിക്കണമെന്ന് സംവിധായകനും ബിഗ്‌ബോസ് വിന്നറുമായ അഖിൽ മാരാർ. തന്റെ ഫേസ്‌ബുക്ക് പേജ് ലൈവിലൂടെയാണ് അഖിലിന്റെ പ്രതികരണം.
അഖിലിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
എല്ലാവരുടെയും വിശ്വാസം വലുതാണ്, എല്ലാവരുടെയും വിശ്വാസം സംരക്ഷിക്കപ്പെടണം. ആ വിശ്വാസത്തെ ഇകഴ്‌ത്തുന്ന രീതിയിലുള്ള പ്രസ്താവനകൾ ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടാവാൻ പാടില്ല. ഓരോത്തരെയും ശരികളിലേയ്‌ക്ക് നയിക്കാൻ നമുക്ക് പല വിധത്തിലുള്ള കഥകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഈ കഥകളെല്ലാം ഒരു മനുഷ്യന്റെ നന്മയ്‌ക്ക് വേണ്ടി ഉപയോഗിക്കുന്നിടത്തോളം കാലം അത് തെറ്റല്ല.ഞാനൊരു ഗണപതി ഭക്തനാണ്. ഗണപതി അമ്പലത്തിൽ പോകുന്ന ഒരാളാണ്.
സിദ്ധിയുടെയും ബുദ്ധിയുടെയും നാഥനാണ് ഗണപതി. എല്ലാ വിഘ്നങ്ങളും അകറ്റി എനിക്ക് കരുത്ത് നൽകുന്ന ഭഗവാനായാണ് ഞാൻ ഗണപതിയെ കാണുന്നത്. അതിന്റെ അർത്ഥം മറ്റ് വിശ്വാസങ്ങൾ തെറ്റാണെന്ന് അല്ല. ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങൾ കൈവിട്ട് പോകാതിരിക്കാൻ സ്പീക്കർ തന്നെ വിചാരിക്കണം. സ്പീക്കറുടെ ഒരു ഖേദ പ്രകടനം കൊണ്ട് ഈ പ്രശ്‌നം പരിഹരിക്കണം. കേരളത്തിലെ ഒരുപാട് വിശ്വാസികൾക്ക് മാനസിക വിഷമം ഉണ്ടാക്കിയ പ്രസ്താവന സ്പീക്കർ തന്നെ തിരുത്തണം.
ദയവ് ചെയ്ത് ഈ ആറ്റം ബോംബ് സ്പീക്കർ തന്നെ ഇല്ലാതാക്കണം. മുമ്പ് ശബരിമലയിലുണ്ടായ പ്രക്ഷോഭം പോലെ തെരുവിലിട്ട് വലിച്ചിഴയ്‌ക്കുന്നതിലേക്ക് വിശ്വാസി സമൂഹത്തെ തള്ളിയിടരുത്. എ.എൻ ഷംസീർ പ്രസ്താവന തിരുത്തണം. ഖേദ പ്രകടനം നടത്തിയെന്ന് കരുതി ഒന്നും നഷ്ടപ്പെടില്ല. ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ ഒരുപാട് നഷ്ടപ്പെടും. അങ്ങയുടെ വിശ്വാസം പോലെ വിലപ്പെട്ടതാണ് മറ്റുള്ളവരുടെയും വിശ്വാസം. ഇതിന്റെ പേരിൽ ആര് എന്നെ വന്ന് തെറി വിളിച്ചാലും എനിക്ക് ഒരു വിഷയവുമില്ല
Post Your Comments