CinemaLatest News

അവാർഡ് നിർണ്ണയ വിവാദത്തിൽ പ്രതികരിച്ച് സംവിധായകൻ ഡോക്ടർ ബിജു

സെക്രട്ടറി ഒരിക്കലും ജൂറി അംഗമായി പ്രവർത്തിക്കാൻ പാടില്ല

അവാർഡ് നിർണ്ണയത്തിൽ ചെയർമാൻ രഞിത് ഇടപെട്ടിരുന്നു എന്ന് വ്യക്തമാക്കി വിനയൻ രം​ഗത്ത് വന്നിരുന്നു, അതേതുടർന്ന് നിരവധി ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്, സംവിധായകൻ ഡോക്ടർ ബിജു സമൂഹ മാധ്യമ്യത്തിൽ പങ്കുവച്ച കുറിപ്പാണ് വൈറലായി മാറുന്നത്.

കുറിപ്പ് വായിക്കാം

ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തെ പറ്റി വ്യാപകമായ ആരോപണങ്ങൾ ഉയർന്നിരിക്കുക ആണല്ലോ . ഇതേപ്പറ്റി അന്വേഷിക്കുവാൻ മുഖ്യമന്ത്രി നിർദേശം നൽകിയതായും വാർത്തയിൽ നിന്നും അറിയുന്നു . ഈ ഒരു സാഹചര്യത്തിൽ സംസ്ഥാന അവാർഡ് ജൂറിയുടെ ഘടനയിലും തിരഞ്ഞെടുപ്പിലും ശ്രദ്ധിക്കേണ്ടതും മാറ്റം വരുത്തേണ്ടതുമായ ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ .

11 മലയാള സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും 2012 ൽ ഒരു പ്രത്യേക പരാമർശവും 2011 ൽ സിനിമാ ലേഖനത്തിനുള്ള അവാർഡും ഒഴിച്ചാൽ സിനിമ , സംവിധായകൻ , തിരക്കഥാ കൃത്ത് എന്നീ നിലകളിൽ ഒരു തവണ പോലും കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് കിട്ടിയിട്ടില്ലാത്ത ഒരാൾ എന്ന നിലയിൽ സ്റ്റേറ്റ് അവാർഡിനെ പറ്റി എന്തെങ്കിലും പറയാൻ അർഹത ഉണ്ടോ എന്ന സംശയം എനിക്കുണ്ട് . എങ്കിലും മൂന്ന് ദേശീയ അവാർഡിന്റെയും 21 അന്തർദേശീയ അവാർഡിന്റെയും വെളിച്ചത്തിൽ ഇത് പറയാം എന്ന് കരുതുന്നു .

ചലച്ചിത്ര അക്കാഡമിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും ബന്ധപ്പെട്ട വകുപ്പ്‌ മന്ത്രിമാരും പ്രാഥമികമായി മനസ്സിലാക്കേണ്ട ഒരു അടിസ്ഥാന വസ്തുത ഉണ്ട്. ഒരു അക്കാദമി എന്നാൽ എന്താണ്, അത് എന്തിനു വേണ്ടിയാണ് രൂപീകരിച്ചത്, അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ എന്താണ്. ഏത് തരത്തിലുള്ള കലകളെയും സംസ്കാരത്തെയും ആണ് അക്കാദമികൾ പ്രോത്സാഹിപ്പിക്കേണ്ടത്, എന്നീ കാര്യങ്ങളിലുള്ള ഒരു മിനിമം അവബോധവും പഠനവും ചരിത്ര ബോധ്യവും അവർക്കുണ്ടാകണം.

അതല്ലാതെ ആൾക്കൂട്ട താരാരാധനാ മനോഗതി ആണ് അവർക്കും ഉള്ളതെങ്കിൽ അക്കാദമിയുടെ തലപ്പത്ത് ആ അക്കാദമി എന്തിനാണോ രൂപീകരിച്ചത് അതിന്റെ നേരേ വിപരീത ദിശയിലുള്ള ആളുകൾ കുടിയിരുത്തപ്പെടും. അന്താരാഷ്ട്ര ചലച്ചിത്ര മേള പാട്ടും ഡാൻസും നിറച്ചു ആളെക്കൂട്ടി തൃശൂർ പൂരം പോലെ ഉള്ള ഇവന്റ് മാനേജ്‌മെന്റ് ആയി മാറും. സംസ്ഥാന അവാർഡുകൾ ടെലിവിഷൻ അവാർഡ് ഷോ പോലെ താര സമ്പുഷ്ടമാക്കി ഇഷ്ടമുള്ളവർക്ക് വീതം വെച്ച് കൊടുത്തു കൃതാർത്ഥരാകും.

അക്കാദമികൾ സൃഷ്ടിച്ചപ്പോൾ എന്താണ് അതിന്റെ ഉദ്ദേശ ലക്ഷ്യം എന്നത് ഒന്ന് വായിച്ചു മനസ്സിലാക്കാൻ ശ്രമിക്കുക എന്നതാണ് ആദ്യം ഭരണാധികാരികൾ ചെയ്യേണ്ടത്. അപ്പോൾ യോഗ്യരായ ആളുകളെ അക്കാദമിയിൽ നിയോഗിക്കണം എന്ന തിരിച്ചറിവ് അവർക്ക് ലഭിച്ചേക്കാം. ഇനി ചലച്ചിത്ര അക്കാദമിയുടെ ജൂറിയിലും പ്രോസസ്സിലും വേണ്ടുന്ന മാറ്റങ്ങൾ എന്തൊക്കെ എന്ന ചില നിർദേശങ്ങൾ പങ്കു വെക്കാം.

1. ചലച്ചിത്ര അക്കാദമി ചെയർമാന് ജൂറിയിൽ ഒരു കാര്യവുമില്ല. ജൂറി സ്ക്രീനിങ് നടക്കുമ്പോൾ ജൂറികളെ കാണുകയോ അവരോടൊപ്പം സമയം ചിലവഴിക്കുകയോ ചെയ്യാൻ പാടില്ല. ഒരു സിനിമകളെ പറ്റിയും യാതൊരു വിധ റിമാർക്കുകളും ജൂറിയിലെ അംഗങ്ങളോട് പറയാൻ പാടില്ല.

ജൂറി അംഗങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് ചലച്ചിത്ര അക്കാദമി ചെയർമാന്റെ ജോലി. സ്‌ക്രീനിങ്ങുകൾ തുടങ്ങുന്നതിനു മുൻപും, സ്‌ക്രീനിങ്ങുകൾ പൂർണ്ണമായി കഴിഞ്ഞ ശേഷം ജൂറി തീരുമാനങ്ങൾ പൂർത്തിയാക്കി മുദ്ര വെച്ച കവറിൽ ആക്കി കഴിഞ്ഞും ജൂറികളുമായി ഉള്ള ഡെലിബറേഷൻ സെഷനിൽ മാത്രമാണ് അക്കാദമി ചെയർമാൻ പങ്കെടുക്കേണ്ടത്.

2. ചലച്ചിത്ര അക്കാദമി സെക്രട്ടറിയെ ജൂറിയിൽ അംഗമായി നിയോഗിക്കുന്നതും ശരിയായ കീഴ്‌വഴക്കം അല്ല. ജൂറികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുക എന്നതാണ് സെക്രട്ടറിയുടെ ജോലി. സെക്രട്ടറി ജൂറിയിൽ അംഗമായിരിക്കുമ്പോൾ പല രീതിയിലുള്ള ഇടപെടലുകൾക്കും അത് വഴി വെക്കും. ജൂറിയുടെ സ്വതന്ത്രമായ പ്രവർത്തനത്തെ ബാധിക്കുന്നതാണ് അക്കാദമി ഉദ്യോഗസ്ഥൻ തന്നെ വോട്ടവകാശം ഇല്ലെങ്കിൽ പോലും ജൂറിയിൽ അംഗമാകുന്നതിലൂടെ സംഭവിക്കുന്നത്. ദേശീയ പുരസ്‌കാര നിർണ്ണയ ജൂറി ഉൾപ്പെടെ ഒരിടത്തും അക്കാദമി/ സ്ഥാപന ഉദ്യോഗസ്ഥൻ ജൂറി അംഗമായി പ്രവർത്തിക്കാറില്ല. ജൂറിയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുള്ള കോർഡിനേഷൻ നിർവഹിക്കുക എന്നതാണ് സെക്രട്ടറിയുടെ ജോലി. സെക്രട്ടറി ഒരിക്കലും ജൂറി അംഗമായി പ്രവർത്തിക്കാൻ പാടില്ല. നിരവധി തരത്തിലുള്ള ഇടപെടലുകൾക്ക് ഇത് വഴി വെക്കും, വെച്ചിട്ടുണ്ട്.

3. ജൂറി അംഗങ്ങളുടെ യോഗ്യത ഏറെ പ്രധാനപ്പെട്ടതും പ്രാഥമികവുമായ ഒന്നാണ്. യോഗ്യതയുള്ള ജൂറി അംഗങ്ങളെ സിനിമകൾ വിലയിരുത്താനായി നിയോഗിക്കുക എന്നത് അക്കാദമിയുടെയും സർക്കാരിന്റെയും ബാധ്യതയും ഉത്തരവാദിത്തവും ആണ്. പത്താം ക്ലാസ്സ് പരീക്ഷയുടെ ഉത്തര പേപ്പർ പരിശോധിക്കാൻ മിനിമം പത്താം ക്ലാസ്സ് പാസ്സായ ആളുകളെ നിയോഗിക്കണം എന്നത് ഒരു സാമാന്യ മര്യാദ ആണല്ലോ.

സംസ്ഥാന അവാർഡിന്റെ പ്രാഥമിക ജൂറിയിലും ഫൈനൽ ജൂറിയിലും നിയോഗിക്കപ്പെടുന്ന ആളുകൾ സിനിമാ രംഗത്തു നിന്നുള്ളവർ ആണെങ്കിൽ അവരവരുടെ മേഖലകളിൽ മിനിമം ഒരു സ്റ്റേറ്റ് അവാർഡ് എങ്കിലും ലഭിച്ചിട്ടുള്ളവർ ആകണ്ടേ . മറ്റു സാഹിത്യ കലാ സാംസ്കാരിക മേഖലകളിൽ നിന്നുള്ളവർ ആണെങ്കിൽ അവർ പ്രവർത്തിക്കുന്ന മേഖലയിൽ ഗണ്യമായ അംഗീകാരങ്ങൾ ലഭിച്ചവരോ നാല് പേര് കേട്ടാൽ അറിയാവുന്ന നിലയിൽ പ്രശസ്തരോ ആയിരിക്കേണ്ടതാണ്.

പലപ്പോഴും പ്രാഥമിക ജൂറിയിൽ മാത്രമല്ല ഫൈനൽ ജൂറിയിൽ പോലും വരുന്ന ചില അംഗങ്ങളെ കാണുമ്പോൾ ഇവർ ആരൊക്കെ എന്ന് ഗൂഗിൾ ചെയ്‌താൽ പോലും കിട്ടാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. പത്തോ പതിനഞ്ചോ വർഷം മുൻപ് സിനിമ നിർത്തിയ ആളുകളും, കേവലം ഒരു സിനിമ മാത്രം പത്തു പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് ചെയ്ത ആളുകളും ഒക്കെ ജൂറി അംഗങ്ങളും ചെയർമാന്മാരും ഒക്കെ ആയി നിയോഗിക്കപ്പെടുന്ന കാഴ്ച്ച ആണ് കണ്ടു വരുന്നത്. സമകാലിക ലോക സിനിമകൾ പോകട്ടെ ഇന്ത്യയിലെ മറ്റു പ്രാദേശിക ഭാഷാ ചിത്രങ്ങളെ പറ്റി പോലും വർഷങ്ങളായി യാതൊരു അറിവുമില്ലാത്ത ആളുകളെ ജൂറി അംഗങ്ങളായി കൊണ്ട് വരുമ്പോൾ ഉള്ള അവസ്ഥ ഊഹിക്കാവുന്നതേ ഉള്ളല്ലോ . യോഗ്യതയും അറിവും ഉള്ള ജൂറികളെ തിരഞ്ഞെടുക്കുക എന്നത് അല്പം കൂടി ഗൗരവ ബോധത്തോടെ ചെയ്യേണ്ട പ്രക്രിയ ആണ്.

4. സ്ഥിരം ജൂറി വേഷക്കാരെ ഒഴിവാക്കുക. ചില ആളുകൾ സ്ഥിരം ജൂറി അംഗങ്ങൾ ആയി എത്തുന്ന കാഴ്ച്ച കാണാം. ഈ വർഷം ചലച്ചിത്ര അവാർഡ് ജൂറി, ആറു മാസം കഴിഞ്ഞു ടെലിവിഷൻ അവാർഡ് ജൂറി, അത് കഴിഞ്ഞാൽ ചലച്ചിത്ര മേളയുടെ വിവിധ വിഭാഗങ്ങളിലെ സെലക്ഷൻ ജൂറി, പിന്നെ ഡോക്കുമെന്ററി ഫെസ്റ്റിവൽ ജൂറി, വീണ്ടും ചലച്ചിത്ര അവാർഡ് ജൂറി, ഇമ്മട്ടിലുള്ള സ്ഥിരം ജൂറി കത്തി വേഷക്കാരെ നിയന്ത്രിക്കേണ്ടതുണ്ട്.

5. ഫൈനൽ ജൂറി അംഗങ്ങളിൽ ചെയർമാൻ മാത്രമാണ് ഇപ്പോൾ കേരളത്തിന് പുറത്തു നിന്നും എത്തുന്നത്. പലപ്പോഴും ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയരായ സംവിധായകർ ആണ് ചെയർമാൻ ആയി എത്തുന്നത്. പക്ഷെ മറ്റുള്ള അംഗങ്ങൾ എല്ലാവരും കൂടി കുറു മുന്നണി ഉണ്ടാക്കി ചെയർമാനെ ഒറ്റപ്പെടുത്തി അവാർഡുകൾ നിശ്ചയിക്കുന്ന രീതി ഒട്ടേറെ തവണ ഉണ്ടായിട്ടുണ്ട്. ഇത് ഒഴിവാക്കുവാൻ ചെയർമാന് പുറമെ പ്രഗത്ഭരായ രണ്ടു അംഗങ്ങൾ കൂടി പുറത്തു നിന്നും ഉണ്ടാവണം. മലയാള സിനിമയെ ദേശീയ അന്തർദേശീയ കാഴ്ചപ്പാടിൽ പരിശോധിക്കുന്ന കൂടുതൽ ജൂറി അംഗങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഇത്രയും കാര്യങ്ങളിൽ ശ്രദ്ധ ഉണ്ടായാൽ തീർച്ചയായും സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിന്റെ മൂല്യ ഘടനയിൽ കാതലായ മാറ്റം വരും, ഒപ്പം അക്കാദമി എന്തിനാണ്, അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ എന്താണ്, എന്ന പ്രാഥമിക ധാരണ ഉള്ള ചെയർമാനെയും സെക്രട്ടറിയേയും നിയമിക്കാനുള്ള കാഴ്ചപ്പാട് സർക്കാരിനും സാംസ്കാരിക വകുപ്പിനും ഉണ്ടാകണം. ഇല്ലെങ്കിൽ ഇപ്പോൾ സംഭവിച്ചത് പോലെ സർക്കാരിന്റെ ഒരു ഇവന്റ്റ് മാനേജ്‌മെന്റ് കമ്പനി ആയി ചലച്ചിത്ര അക്കാദമി രൂപാന്തരം പ്രാപിച്ചത് തുടർക്കഥ ആകും.

വാൽക്കഷണം – സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ നിയമാവലിയിലെ ഒന്നാമത്തെ നിബന്ധന ഇങ്ങനെയാണ്. “ഉന്നതമായ സൗന്ദര്യ ബോധവും സാങ്കേതിക തികവ് പുലർത്തുന്നതും, സാമൂഹ്യവും വിദ്യാഭ്യാസപരവും സാംസ്കാരികവുമായ മൂല്യങ്ങൾ ഉൾക്കൊള്ളുന്നതുമായ മലയാള ചലച്ചിത്രങ്ങളുടെ നിർമാണം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ അവാർഡുകളുടെ ലക്ഷ്യം ” കാര്യം വ്യക്തമാണല്ലോ, അപ്പോൾ ഈ നിയമാവലിയുടെ കോപ്പി അക്കാദമി ചെയർമാനും സെക്രട്ടറിയും ജൂറി അംഗങ്ങളും ഒക്കെ ഇടയ്ക്ക് ഒന്ന് വായിച്ചു നോക്കുന്നത് നന്നാവും.

shortlink

Related Articles

Post Your Comments


Back to top button