കൊച്ചി: കലാപരമായും സാമ്പത്തികമായും മികച്ച വിജയം നേടിയ ‘കഥ പറയുമ്പോൾ’, എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ ആളാണ് എം. മോഹനൻ. തുടർന്ന്, ‘മാണിക്യക്കല്ല്’, ‘916’, ‘മൈ ഗോഡ്’, ‘അരവിന്ദന്റെ അതിഥികൾ’, എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. എല്ലാ ചിത്രങ്ങളും നന്മയുടേയും, സ്നേഹത്തിന്റേയും, ബന്ധങ്ങളുടേയും സന്ദേശം കൂടി നൽകുന്ന ഹൃദ്യമായ കുടുംബ ചിത്രങ്ങളായിരുന്നു.
അരവിന്ദന്റെ അതിഥികൾക്കു ശേഷം എം മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഒരു ജാതി ജാതകം’. കൊച്ചിയിൽ ചിത്രീകരണമാരംഭിച്ച ഈ ചിത്രം പതിനഞ്ച് ദിവസത്തെ ചിത്രീകരണത്തിന് ശേഷം ഷെഡ്യൂൾ പൂർത്തിയാക്കി ഇപ്പോൾ മട്ടന്നൂരിലെത്തിയിരിക്കുകയാണ്.
വാട്സാപ്പ് കൂട്ടായ്മയിൽ നിന്നും സിനിമാ നിർമ്മാണ രംഗത്തേക്ക്
വിനീത് ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിന്റെ സെറ്റിലേക്ക് അപ്രതീഷിതമായി ഒരു അതിഥി ഇക്കഴിഞ്ഞ ദിവസം കടന്നുവന്നു. സ്ഥലം എംഎൽഎയും മുൻ ആരോഗ്യ വകുപ്പുമന്ത്രിയുമായ കെകെ ശൈലജ ടീച്ചർ. എന്നും സിനിമയെ സ്നേഹിക്കുന്ന ശൈലജ ടീച്ചർക്ക്, സ്വന്തം നാട്ടിൽ നടക്കുന്ന ചിത്രീകരണത്തിൽ പങ്കെടുക്കുകയെന്നത് ഏറെ സന്തോഷമുള്ള കാര്യമായിരുന്നു.
ഈ വർഷത്തെ മികച്ച സഹനടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് കരസ്ഥമാക്കിയ പിപി കുഞ്ഞികൃഷ്ണൻ ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തെ പൊന്നാടയണിയിച്ചു സ്വീകരിക്കുവാനും ഈ സന്ദർശത്തിലൂടെ ശൈലജ ടീച്ചർക്കു സാധിച്ചു. ഏറെ നേരം ഈ സിനിമയേക്കുറിച്ചും , സിനിമാ മേഖലയിലെ സ്ഥിതിഗതികളേക്കുറിച്ചും ചർച്ച ചെയ്തതിനു ശേഷം ആശംസകൾ നേർന്നുകൊണ്ടാണ് അവർ മടങ്ങിയത്.
സംവിധായകൻ എം മോഹനന്റേയും വിനീത് ശ്രീനിവാസന്റേയും നാട് ഈ ഭാഗത്തായതിനാൽ ഇവരുമായി വ്യക്തിപരമായ അടുപ്പവും ശൈലജ ടീച്ചർക്കുണ്ട്. വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മട്ടന്നൂർ, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ – പ്രേംലാൽ പട്ടാഴി.
Leave a Comment