കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് കെഎസ് ചിത്ര. വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും ചിത്ര പാടിയിട്ടുണ്ട്. മകളുണ്ടായിരുന്നപ്പോഴുള്ള ജീവിതത്തെക്കുറിച്ച് ചിത്ര ഇപ്പോൾ തുറന്ന് പറഞ്ഞതാണ് ശ്രദ്ധനേടുന്നത്.
ഗായികയാകുമെന്ന പ്രതീക്ഷിച്ചിരുന്നില്ലെന്നും സംഗീത അധ്യാപികയാകുമെന്നാണ് ചെറുപ്പത്തിൽ കരുതിയിരുന്നതെന്നും അച്ഛനും ഭർത്താവുമാണ് തന്റെ സംഗീതത്തെ പരിപോഷിപ്പിക്കാൻ എപ്പോഴും ഉണ്ടായിരുന്നതെന്നും കെഎസ് ചിത്ര പറയുന്നു.
കെഎസ് ചിത്രയുടെ വാക്കുകൾ ഇങ്ങനെ;
ഞാനൊരു പിന്നണി ഗായികയാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ പാടണം എന്ന കാര്യത്തിൽ ഏറ്റവും ശ്രദ്ധാലുക്കളായ രണ്ടുപേർ എന്റെ അച്ഛനും ഭർത്താവുമാണ്. ഞാൻ സിനിമയിൽ പാടാൻ ആരംഭിച്ച് കുറച്ചുകാലം ആയപ്പോഴേക്കും എന്റെ അച്ഛന് വായിൽ കാൻസർ വന്നു. വരുന്ന അവസരങ്ങൾ കൈവിടരുത് എന്ന ഉപദേശമാണ് അച്ഛൻ അപ്പോഴും തന്നത്. വേദനസംഹാരികൾ കഴിച്ച് എന്റെ കൂടെ റെക്കോർഡിങ്ങിനും അച്ഛൻ വന്നു.
എന്നോടൊപ്പം റെക്കോർഡിങ്ങിന് വരാൻ സാധിക്കില്ലെന്ന് തോന്നിയ സാഹചര്യത്തിൽ അദ്ദേഹം എന്റെ വിവാഹം നടത്തുകയായിരുന്നു. അച്ഛനെ പോലെ തന്നെ ഞാൻ പാടണമെന്ന് ആഗ്രഹിച്ച ഒരാളാണ് എന്റെ ഭർത്താവ്. ഏതെല്ലാം പാട്ടുകൾ പാടണമെന്ന് അദ്ദേഹം സെലക്ട് ചെയ്യും. ഞാൻ പോയി പാടും. അതാണിത്രയും കാലമായുള്ള പതിവ്. ഭർത്താവ് മാത്രമല്ല എന്റെ മകളും വളരെ അഡ്ജസ്റ്റബിൾ ആയിരുന്നു. അതുകൊണ്ട് തന്നെ മകൾ ജനിച്ച ശേഷവും എനിക്ക് പാട്ട് പാടാൻ സാധിച്ചു.
ഒരമ്മയെന്ന നിലയിൽ എന്റെ മകൾക്ക് എല്ലാം മനസിലാകണം എന്ന രീതിയിലാണ് ഞാൻ കാര്യങ്ങൾ ഒരുക്കിയത്. അവളുണ്ടായിരുന്ന സമയത്ത് എല്ലാ ആഘോഷങ്ങളും അവൾക്ക് തിരിച്ചറിയാൻ വേണ്ടി ഞങ്ങൾ സജ്ജീകരിച്ചു. ഈശ്വരനല്ലേ എല്ലാം തീരുമാനിക്കുന്നത്. എന്റെ കാര്യത്തിൽ ഈശ്വരൻ ഇങ്ങനെയായിരിക്കും നിശ്ചയിച്ചിട്ടുണ്ടാവുക.’
Post Your Comments