GeneralLatest NewsNEWS

ശ്രേയ ഫിലിപ്സ് എന്ന 12 വയസ്സുകാരിയുടെ സംഗീത നൈപുണ്യം പ്രകടമാക്കുന്ന മനോഹര സംഗീത ശിൽപ്പം

ഇതാ ശ്രേയ ഫിലിപ്സ് എന്ന 12 വയസ്സുകാരി തൻ്റെ സംഗീത നൈപുണ്യം പ്രകടമാക്കുന്ന മനോഹര സംഗീത ശിൽപ്പം. അതുല്യനായ ശ്രീ ത്യാഗരാജ സ്വാമികളുടെ ഭക്തിപുരണ്ട ‘നമോ നമോ’ യ്ക്ക് ശ്രേയയുടെ സ്വരത്തിനൊപ്പം പ്രശസ്ത ഛായാഗ്രാഹകൻ ‘ദി ഗ്രീൻമാൻ ‘ ഫെയിം ശ്രീ വി കെ സുഭാഷിന്റെ മാന്ത്രികത ഓരോ ഫ്രെയിമിലും ജീവൻ ചാലിച്ചിരിക്കുന്നു. ശ്രീ രാഹുൽ വേദയുടെ പശ്ചാത്തല സംഗീതം പൂർണ്ണതയിലേയ്ക്ക് നയിക്കുന്ന ഈ സംഗീത വിരുന്നൊരുക്കിയിരിക്കുന്നത് വിദഗ്ദ്ധ കർണ്ണാടക സംഗീതജ്ഞയും കർമ്മയുടെ സ്ഥാപകയുമായ ശ്രീമതി കെ എസ് രശ്മിയാണ്. ഭാരതീയ ശാസ്ത്രീയ സംഗീതത്തിന് ലോക സംഗീത വേദിയിൽ തനതായൊരിടമൊരുക്കുവാനുള്ള ശ്രീമതി രശ്മിയുടെ അശ്രാന്ത പരിശ്രമത്തിൻ്റെ ഫലമാണ്. ബാൾട്ടിമൂറിലെ മെരിലാൻഡിൽ സ്ഥാപിതമായ, ലാഭേച്ഛയില്ലാതെ അമേരിക്കയിലുടനീളവും ഇന്ത്യയിലും പ്രവർത്തിക്കുന്ന കർണാട്ടിക് മ്യുസിക് അമേരിക്ക (karnatic Music America) എന്ന കർമ്മ.

read also: ഈശ്വര വിശ്വാസികളായ ഹൈന്ദവർ ഈ ഭൂമിയിൽ ഉള്ളിടത്തോളം കാലം അവരുടെ ഏതു ശുഭകാര്യത്തിലും ഗണപതി ഭഗവാൻ മുന്നിലുണ്ടാകും: സന്തോഷ്

പുല്ലാട് കോമാട്ട് കുടുംബാംഗമായ പ്രിജോ ഫിലിപ്സ് കോമാട്ടിന്റെയും കണ്മണി പ്രിജോയുടെയും മകളായി അമേരിക്കയിൽ ജനിച്ചു വളർന്ന ശ്രേയ ഫിലിപ്സ് , പിച്ചവച്ചു കയറിയത് തന്നെ സംഗീതത്തിലേക്കായിരുന്നു. കേവലം 2 വയസ്സുമാത്രമുള്ളപ്പോഴാണ് ശ്രേയ സംഗീതം അനുകരിക്കാൻ ശ്രമിക്കുന്നത് മാതാപിതാക്കൾ ശ്രദ്ധിച്ചത്. മകളുടെ വാസനയെ പ്രോത്സാഹിപ്പിക്കാനുറച്ച മാതാപിതാക്കളെ വീണ്ടും അത്ഭുതപ്പെടുത്തികൊണ്ട് വെറും മൂന്നര വയസ്സിൽ ആ കുഞ്ഞിന്റെ കൈവിരലുകൾ അനായാസമായി പിയാനോയിൽ സംഗീതമുണർത്തി.താമസിയാതെ തികഞ്ഞ സാങ്കേതിക പാടവത്തോടെ വേദികളിൽ പിയാനോ വായിച്ചു തൻ്റെ സംഗീതയാത്ര തുടങ്ങിയ ശ്രേയ നാലാം വയസ്സിൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കാനായി ശ്രീമതി കെ എസ് രശ്മിയുടെ ശിക്ഷണം സ്വീകരിച്ചു. ശുദ്ധ സംഗീതത്തിൻ്റെ മാസ്മരിക സൗന്ദര്യവും സാംസ്കാരിക തനിമയും ആ കുരുന്നിലെ സംഗീത വിദ്യാർത്ഥിനിയെ ആകർഷിക്കുകയും കർണ്ണാടക രാഗങ്ങളുടെ ആലാപന ശൈലി സ്വായത്തമാക്കുവാനായി മനസ്സുറപ്പിച്ചു സാധകം ചെയ്യാൻ പ്രചോദിപ്പിക്കുകയും ചെയ്തു. അതിനു പുറമെ ആറാം വയസ്സിൽ പാശ്ചാത്യ സംഗീത ലോകത്തിലേക്കും പറന്നുയരാനുറപ്പിച്ച ശ്രേയ , ഓപ്പറ ടെക്സ് പെർഫോമിംഗ് ആർട്സിലെ ഡോ.ഷൗണാ ഷാൻഡ്രോയെന്ന തികഞ്ഞ അധ്യാപികയെ അതിനായി കണ്ടെത്തി. ഡോ.ഷാൻഡ്രോയുടെ ശിക്ഷണം പാശ്ചാത്യ ശാസ്ത്രീയ- സമകാലിക സംഗീത രൂപങ്ങളിൽ ജ്ഞാനം നേടാനും ശബ്ദ നിയന്ത്രണം പരിശീലിക്കാനും ഉപകരിച്ചു.

ഓസ്റ്റിൻ നഗരത്തിൽ (ടെക്സാസ്) കന്യോൺ വിസ്ത മിഡിൽ സ്‌കൂളിലെ ഈ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഇതിനോടകം തന്നെ സംഗീത ലോകത്ത് തൻ്റെ ചുവടുറപ്പിക്കാൻ തുടങ്ങിക്കഴിഞ്ഞു.കുട്ടികളുടെ മ്യൂസിക്കൽ തിയേറ്ററിൽ, 12 വയസ്സുമുതൽ താഴോട്ടുള്ളവരുടെ വിഭാഗത്തിൽ 2023 ലെ ഹാൾ ലിയോനാർഡ് വോക്കൽ മത്സരത്തിലേക്ക് പ്രേത്യേക പരാമർശം നേടിയ ശ്രേയ, ദി റോയൽ കൺസർവേറ്ററി ഓഫ് മ്യൂസിക്കിൽ നിന്നും യു.എസ് സൗത്ത് സെൻട്രൽ വോക്കൽ ലവൽ 3യിനുള്ള റീജിയണൽ ഗോൾഡ് മെഡൽ, മറിയാസ് റെക്കോർഡ്‌സ് ഇന്റർനാഷണൽ മ്യൂസിക് ഫെസ്റ്റിവലിൽ മറിയാസ് റെക്കോർഡ്സിൽ നിന്നും നൽകുന്ന ഏറ്റവും പ്രതീക്ഷയുണർത്തുന്ന ഗായികയ്ക്കുള്ള അവാർഡ് തുടങ്ങിയ ഒട്ടനവധി പുരസ്‌ക്കാരങ്ങൾക്കുടമയാണ്. സംഗീതത്തോടൊപ്പം റോബോട്ടിക്‌സ്, STEM മേഖലകളിലും പ്രസംഗ കലയിലും തല്പര കൂടിയായ ഈ കൊച്ചു ഗായിക പഠന രംഗത്തും സമർത്ഥയാണ് . തൻ്റെ നേട്ടങ്ങൾക്കെല്ലാം ഈ ചെറിയ പ്രായത്തിലും തികഞ്ഞ പക്വതയോടെ ശ്രേയ നന്ദി പറയുന്നത് തന്നെ സംഗീത ലോകത്തേക്ക് ആനയിക്കുകയും അവിടെ തുടരാൻ സദാ സഹായിക്കുകയും ചെയ്യുന്ന മാതാപിതാക്കളും ഗുരുക്കന്മാരും കുടുംബാംഗങ്ങളുമുൾപ്പെടുന്ന അഭ്യുദയകാംക്ഷികളുടെ അചഞ്ചലമായ പിന്തുണയ്ക്കാണ്.

അതിരില്ലാത്ത കുടുംബ സ്നേഹത്തിലും ഭാരതീയ സാംസ്കാരിക പാരമ്പര്യത്തിലും വേരൂന്നി നിൽക്കുന്ന ശ്രേയയുടെ, തൻ്റെ കലാസപര്യയുടെ പൂർണ്ണതയ്ക്കായി ഏതറ്റം വരെയും പോകാനുള്ള ദൃഢനിശ്ചയം ശ്ലാഘനീയമാണ്. ഈ വീഡിയോയുടെ ചിത്രീകരണത്തിനായി ചില മികച്ച പ്രതിഭകളെ കാണുവാൻ വേണ്ടി ഭൂഗോളത്തിന്റെ മറുപകുതിയോളം സഞ്ചരിച്ചത് അതിൻ്റെ ഒരംശം മാത്രം. ശ്രേയയുടെ മണിക്കുറുകൾ നീണ്ട നിരന്തര സാധകവും ക്ഷമയും കഠിനാദ്ധാനവും ഈ സംഗീത വിരുന്നിൽ ശ്രദ്ധാർഹമാം വിധം പ്രതിഫലിക്കുന്നു. തൻ്റെ സംസ്കാരത്തെയും തന്നിലേയ്‌ക്കൊഴുകിഎത്തിയ സംഗീതത്തെയും വിനയാന്വിതയായി ഹൃദയത്തോടു ചേർത്തു ഭാവിയിലേക്ക് നടക്കുന്ന ഈ പെൺകുട്ടി സംഗീതത്തോടുള്ള അഭിനിവേശവും അർപ്പണ മനോഭാവവും കൊണ്ട് നാളെ ലോക സംഗീത വേദിയിൽ സ്വന്തം സ്ഥാനമുറപ്പിക്കുമെന്ന് നിസ്സംശയം കരുതാം.

ശ്രേയയ്ക്ക് കർണാടക സംഗീതത്തിൽ അടിത്തറ കെട്ടിക്കൊടുത്ത ഗുരു, ശ്രീമതി കെ എസ് രശ്മി, കർണാടക സംഗീത ലോകത്തെ അനിഷേധ്യ സാന്നിധ്യങ്ങളായ ഡോ കെ ഓമനക്കുട്ടിയുടെയും ശ്രീമതി ലളിത ശിവകുമാറിന്റെയും ശിഷ്യയാണ്. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്കോടെ ദക്ഷിണേന്ത്യൻ ശാസ്ത്രീയ സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശ്രീമതി രശ്മിയ്ക്ക് സംഗീതാധ്യാപന രംഗത്ത് രണ്ടു വ്യാഴവട്ടത്തിനു മേൽ പരിചയമുണ്ട്. മദ്രാസ് യൂണിവേഴ്സിറ്റിയിൽ 2004 -2007 കാലഘട്ടത്തിൽ വോക്കൽ മ്യൂസിക് സ്ഥിരം ഫാക്കൽറ്റിയായിരുന്ന രശ്മി തന്നെയാണ് അന്താരാഷ്ട്ര തലത്തിൽ കർണാടക സംഗീതത്തിൻ്റെ ഓൺലൈൻ അധ്യാപനത്തിന് തുടക്കമിട്ടത്. അമൂല്യമായ സംഗീത ജ്ഞാനവും ആത്മാർത്ഥതയും കൈമുതലായുള്ള ഈ അധ്യാപിക , മെരിലാൻഡ് ആസ്ഥാനമാക്കി, ലോക മെമ്പാടുമുള്ള സംഗീതാർത്ഥികൾക്കു പരിശീലനം നൽകി വരുന്നു. കൂടാതെ കർമ്മ എന്ന താൻ സ്ഥാപക സാരഥിയായ പ്രസ്ഥാനത്തിലൂടെ ലാഭേച്ഛയില്ലാതെ ലോകം മുഴുവനുമുള്ള തൻ്റെ ശിഷ്യർക്ക് നിരന്തര പിന്തുണയും അവസരങ്ങളുമൊരുക്കുന്ന ശ്രീമതി കെ എസ് രശ്മി, തന്റെ സമയത്തിലേറിയ പങ്കും പുതിയ തലമുറയിലേയ്ക്ക് കർണ്ണാടക സംഗീതത്തേക്കുറിച്ച്‌ അറിവും അവബോധവും താൽപ്പര്യവും പകർന്നു നൽകാനാണ് വിനിയോഗിക്കുന്നത്. അടുത്തറിയുന്നവർക്ക് പ്രചോദനവും വരും തലമുറകൾക്ക് മാർഗ്ഗ ദർശകയുമാണ് ശ്രീമതി രശ്മിയുടെ സംഗീതോപാസന,

“നമോ നമോ”യ്ക്ക് സംഗീതമൊരുക്കിയിരിക്കുന്ന ശ്രീ രാഹുൽ വേദ സംഗീതലോകത്ത് അറിയപ്പെടുന്ന പ്രതിഭയും ഡബ്ബിങ് ആർട്ടിസ്റ്റുമാണ്. വാരണം ആയിരം , മാട്രാൻ, അൻജാൻ തുടങ്ങിയ ചിത്രങ്ങളുടെ മലയാളം പതിപ്പുകളിൽ പ്രശസ്ത നടൻ സൂര്യക്ക് ശബ്ദം നൽകി സിനിമാലോകത്ത് സുപരിചിതനാണ് രാഹുൽ. തമിഴ്, തെലുങ്ക്, കന്നട, സംസ്‌കൃത ഭാഷകളിലായി 200 ൽ അധികം ഭക്തിഗാന ആൽബങ്ങളിൽ പാടിയിട്ടുള്ള രാഹുൽ മലയാളത്തിലും തമിഴിലും നൂറുകണക്കിന് പരസ്യചിത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുമുണ്ട് . പ്രസിദ്ധ സംഗീതസംവിധായകരായ ശ്രീ ഇളയരാജ.( സ്വപ്നം എന്ന നൃത്തനാടകത്തിൽ ), ഡി ഇമ്മൻ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഗായകനും സംഗീതജ്ഞനും കൂടിയാണ് ശ്രീ രാഹുൽ വേദ.

നമോ നാമോയുടെ മനോഹരമായ ദൃശ്യാവിഷ്ക്കാരമൊരുക്കിയത് പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകനും ഡോക്യൂമെന്ററി നിർമ്മാതാവുമായ ശ്രീ വി കെ സുഭാഷാണ്. 2011 ൽ കാൻസ് മേളയിൽ സ്ഥാനം നേടിയ ‘ചായ’ ലോക ശ്രദ്ധയാർജ്ജിച്ച ദി ഗ്രീൻമാൻ എന്നിവ ഇദ്ദേഹത്തിൻറെ എടുത്തു പറയേണ്ട സംഭാവനകളാണ്.

shortlink

Post Your Comments


Back to top button