2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ‘പത്തൊമ്പതാം നൂറ്റാണ്ട് ‘ എന്ന സിനിമ നമ്മുടെ ചലച്ചിത്ര പുരസ്കാര ജൂറി കണ്ടില്ലെന്നുണ്ടോ? എന്നാണ് എഴുത്തുകാരനായ സുധീർ എൻ ഇ ചോദിക്കുന്നത്.
കുറിപ്പ് വായിക്കാം
‘പത്തൊമ്പതാം നൂറ്റാണ്ട് ‘ എന്ന സിനിമ നമ്മുടെ ചലച്ചിത്ര പുരസ്കാര ജൂറി കണ്ടില്ലെന്നുണ്ടോ?, സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൻ്റെ വിശദവിവരങ്ങൾ രാവിലെ പത്രത്തിൽ വായിക്കുമ്പോൾ മനസ്സിൽ വന്ന പ്രധാന സംശയമായിരുന്നു ഇത്.
വിനയൻ സംവിധാനം ചെയ്ത ‘പത്തൊമ്പതാം നൂറ്റാണ്ട് ‘ എന്ന സിനിമ പ്രധാനപ്പെട്ട ഒരു വിഭാഗത്തിലും പരിഗണിക്കപ്പെട്ടതായി തോന്നിയില്ല. മിക്കവാറും വിഭാഗങ്ങളിൽ അവഗണിക്കപ്പെട്ടിരിക്കുന്നു എന്നു തന്നെ തോന്നി. സാങ്കേതികമായി വലിയൊരളവിൽ മികവ് കാട്ടി വിസ്മയിപ്പിച്ച ഒന്നായിരുന്നു ‘പത്തൊമ്പതാം നൂറ്റാണ്ട് ‘.
മറ്റെന്ത് കണ്ടില്ലെന്നു നടിച്ചാലും ആ ചിത്രത്തിലാകെ മികവോടെ നിറഞ്ഞു നിന്ന കലാസംവിധാനം എങ്ങനെ അവഗണിക്കപ്പെട്ടു? സാമൂഹ്യപ്രാധാന്യമുള്ള സിനിമ എന്ന നിലയിൽ എന്തുകൊണ്ട് വിലയിരുത്തപ്പെട്ടില്ല?
ഇങ്ങനെ ചോദ്യങ്ങൾ പലതുണ്ട്. മൊത്തത്തിൽ എന്തോ ഒരു പന്തികേട്. സംവിധായകൻ വിനയന് ഇതിലൊന്നും പുതുമയുണ്ടാവില്ല. അതൊക്കെ ശീലിച്ചു മുന്നേറാൻ വിധിക്കപ്പെട്ട ഒരു കലാകാരനാണല്ലോ അദ്ദേഹം. അപ്പോഴും സിനിമാസ്വാദകരിൽ അത് വേദനയുണ്ടാക്കുക തന്നെ ചെയ്യും.
കേരളത്തിന്റെ ചരിത്രത്തിൽ അർഹിക്കുന്ന സ്ഥാനം കിട്ടാതെ പോയ വേലായുധപ്പണിക്കരെന്ന മനുഷ്യന്റെ കഥ ഒരുവിധം ഭംഗിയായി പറഞ്ഞ ഒരു സിനിമയ്ക്കും അദ്ദേഹത്തിൻ്റെ ദുർഗതി തന്നെ വന്നുപെട്ടു എന്ന് സാരം.
Post Your Comments