അസുഖം ബാധിച്ച സമയത്തു മകളോ ഭാര്യയോ തിരിഞ്ഞ് നോക്കിയില്ലയെന്നും വളർത്തുമകളാണ് കൂടെയുണ്ടായിരുന്നതെന്നും നടൻ കൊല്ലം തുളസി. മൈല്‍സ്റ്റോണ്‍ മേക്കേസുമായുള്ള അഭിമുഖത്തിലാണ് നടൻ തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘അസുഖം ബാധിച്ച സമയത്തുണ്ടായ ഏകാന്തതയില്‍ നിന്നും ഞാൻ കരകയറിയത് ദൈവ വിശ്വാസം കൊണ്ടാണ്. ഈശ്വരൻമാര് നമ്മളെ രക്ഷിക്കും എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. പത്ത് വര്‍ഷത്തോളമാണ് ഒരു കാൻസര്‍ രോഗിയുടെ കാലാവധി എന്നാണ് മിക്കവരും കരുതുന്നത്. പക്ഷെ എനിക്ക് അസുഖം ബാധിച്ചിട്ട് 11 വര്‍ഷം കഴിഞ്ഞു. ഇപ്പോള്‍ 75 വയസ്സായി.
അടുത്തിടെ ഞാൻ രണ്ട് ദിവസം അബോധാവസ്ഥയിലായി. ആശുപത്രിയില്‍ എന്നെ നോക്കാൻ ഉണ്ടായിരുന്നത് മകളെ പോലെ ഞാൻ ദത്തെടുത്ത കുട്ടിയാണ്. അവര്‍ക്ക് ആരുമില്ല. പിന്നെ എന്നെ നോക്കുന്നത് രണ്ടാമത്തെ സഹോദരിയുടെ ഭര്‍ത്താവുമാണ്. ആരോഗ്യപ്രശ്നങ്ങളുള്ള എനിക്ക് ശക്തി തരുന്നത് ഇവര്‍ രണ്ട് പേരുമാണ്. ബന്ധുക്കള്‍ ശത്രുക്കളായതാണ് ജീവിതത്തില്‍ സംഭവിച്ചത്. ഇപ്പോള്‍ നില്‍ക്കുന്നത് ഒറ്റപ്പെട്ട ബന്ധുവിനൊപ്പമാണ്. കുറച്ച് കഴിയുമ്പോള്‍ ഈ ബന്ധവും പോകുമായിരിക്കും. നമ്മളെക്കുറിച്ച് ഓര്‍ത്ത് ദുഖിക്കുന്നവര്‍ ഈ ഭൂമിയില്‍ കുറവാണ്. ബന്ധുക്കളാരും നോക്കില്ല. അവനവനെക്കുറിച്ച് ചിന്തിച്ച്, സ്വന്തം ആരോഗ്യം നോക്കി കാശ് കളയാതെ ജീവിക്കുന്നവനാണ് യഥാര്‍ത്ഥ മനുഷ്യൻ. അത് ഞാൻ മനസ്സിലാക്കിയത് ഈ രോഗങ്ങള്‍ വന്നപ്പോഴാണ്.
എന്റെ മകളോ ഭാര്യയോ തിരിഞ്ഞ് നോക്കിയില്ല. അസുഖം വന്നപ്പോള്‍ വല്ലതും സംഭവിക്കുമോ എന്നാണ് ചോദിച്ചത്. സംഭവിച്ചിട്ടുണ്ടെങ്കില്‍ വന്ന് കണ്ട് പോകാമല്ലോ. അതല്ലാതെ ഒന്നും വരല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നവരല്ല. എന്തെങ്കിലും സംഭവിക്കണം എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. എന്റെ സഹായങ്ങള്‍ നേടി വളര്‍ന്നവരാണ് എന്റെ ഏറ്റവും വലിയ ശത്രുക്കൾ. ഏച്ച് കെട്ടിയാല്‍ മുഴച്ചിരിക്കും എന്ന ചൊല്ലുണ്ട്. അത് പോലെയാണ് ഞാനും ഭാര്യയും. ഞങ്ങള്‍ക്ക് ഒരുമിച്ച് പോകാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് ബന്ധം വേണ്ടെന്ന് വെച്ചത്. ഭാര്യയില്ലാതെ ജീവിക്കുന്നതാണ് സുഖം. ഭാര്യയെയും മക്കളെയും സംബന്ധിച്ച് എന്റെ കുറ്റങ്ങളായിരിക്കാം അവര്‍ അകന്ന് പോകാനുണ്ടായ കാരണം. എനിക്കാ ബന്ധം വേണമെന്നും ഇല്ല. ഭാര്യയുടെയും മകളുടെയും പേജ് എന്റെ ജീവിതത്താളുകളില്‍ നിന്ന് വലിച്ച് കീറിക്കളഞ്ഞു. അവര്‍ക്കെന്ത് സംഭവിച്ചാലും എനിക്കൊരു പ്രശ്നവും ഇല്ല. എനിക്കെന്ത് സംഭവ്വിച്ചാലും അവര്‍ക്കൊരു കുഴപ്പവും ഇല്ലെന്ന തിരിച്ചറിവും എനിക്കുണ്ട്.’ -കൊല്ലം തുളസി തുറന്ന് പറഞ്ഞു.
Post Your Comments