കൊല്ലം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അനുശോചനം അറിയിച്ച് എം.എൽ.എ ഗണേഷ് കുമാർ. ഉമ്മൻ ചാണ്ടിക്കെതിരായ സി.ബി.ഐ അന്വേഷണത്തിൽ താൻ മൊഴി രേഖപ്പെടുത്തിയിരുന്നുവെന്നും ഗണേഷ് കുമാർ പറയുന്നു. വ്യക്തിപരമായി ഉമ്മൻ ചാണ്ടിയുമായി തനിക്ക് പിണക്കമില്ലെന്ന് പറഞ്ഞ ഗണേഷ് കുമാർ, ഉമ്മൻ ചാണ്ടി പാർട്ടിയുടെ ഫണ്ട് റൈസറായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. വ്യക്തിപരമായി അഴിമതിക്കാരനാണെന്ന് പറയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
‘ഉമ്മൻ ചാണ്ടി അഴിമതിക്കാരനാണെന്ന് വിശ്വസിക്കുന്നില്ല. എന്നാൽ നമ്മൾ ചൂണ്ടിക്കാണിക്കുന്ന അഴിമതികൾ പരിഹരിക്കാൻ കഴിഞ്ഞില്ലെന്നതാണ് എനിക്കും പാർട്ടിക്കും ഉമ്മൻ ചാണ്ടിയോട് എതിർപ്പുണ്ടാക്കിയത്. ഉമ്മൻ ചാണ്ടിക്കെതിരായ സി.ബി.ഐ അന്വേഷണത്തിൽ സി.ബി.ഐ ഉദ്യോഗസ്ഥർ എന്നെ കാണാൻ വന്നിരുന്നു. അവരോട് അച്ഛൻ മരിക്കുന്ന സമയത്ത് എന്നോട് പറഞ്ഞ കാര്യമാണ് മൊഴിയായി നൽകിയത്. അച്ഛൻ പറഞ്ഞത് വെളിപ്പെടുത്തിയില്ലെങ്കിൽ അച്ഛനോട് ചെയ്യുന്ന നീതികേടായിരിക്കും.
അച്ഛൻ മരിക്കുന്നതിന് മുമ്പ് ടി.വിയിൽ വാർത്ത കാണുകയായിരുന്നു ഞങ്ങൾ. ഉമ്മൻ ചാണ്ടിയുടെ കേസുമായി ബന്ധപ്പെട്ടാണത്. ഉമ്മൻ ചാണ്ടി ഈ അഴിമതി ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. രാഷ്ട്രീയ പരമായി ഉമ്മൻ ചാണ്ടി നമ്മളെ വല്ലാതെ ദ്രോഹിച്ചിട്ടുണ്ട്. ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടി നിരപരാധിയാണെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നാണ് അച്ഛൻ പറഞ്ഞത്. സി.ബി.ഐക്ക് നൽകിയ മൊഴിയിൽ ഇക്കാര്യം പറഞ്ഞപ്പോൾ ഇത് ബാലകൃഷ്ണപിള്ളയുടെ പേരിൽ രേഖപ്പെടുത്തട്ടെയെന്ന് ചോദിച്ചിരുന്നു. പിന്നീടൊരു സന്ദർഭത്തിൽ ഉമ്മൻ ചാണ്ടിയെ കണ്ടപ്പോൾ ഇക്കാര്യം പറഞ്ഞപ്പോൾ നന്ദി പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടിയോട് നീതി പുലർത്താൻ കഴിഞ്ഞുവെന്നതിൽ ചാരിതാർത്ഥ്യമുണ്ട്’, ഗണേഷ് കുമാർ പറഞ്ഞു.
Post Your Comments