മോഹൻലാല്‍ ആരാധകർ ഇന്നും ഇഷ്ടപ്പെടുന്ന ചിത്രമാണ് കിരീടം. സേതുമാധവൻ എന്ന സാധാരണക്കാരന്റെ ജീവിതത്തിന്റെ താളപ്പിഴകൾ അവതരിപ്പിച്ച കിരീടം സിനിമയിലെ ക്ലൈമാക്‌സ് രംഗം ആരാധകർ മറക്കില്ല. കീരിക്കാടൻ ജോസുമായുള്ള സേതുവിന്റെ അടിയ്ക്കിടയിൽ ആരുടേയും ശ്രദ്ധ നേടാതെ പോയ ഒരു കലിപ്പനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
മോഹൻലാലിന്റെ പിന്നിലായി നില്‍ക്കുന്ന നാട്ടുകാരുടെ ഇടയിൽ സേതുമാധവനെക്കാള്‍ രോഷം കൊണ്ട് കീരിക്കാടനെ കൊല്ലാൻ നില്‍ക്കുന്നതായി തോന്നുന്ന ഒരു വ്യക്തിയുടെ ചിത്രമാണ് സിനിമ ഗ്രൂപ്പുകളിൽ ഇപ്പോൾ ചർച്ചയാകുന്നത്. ‘സേതുമാധവൻ കൊന്നില്ലായിരുന്നെങ്കില്‍ കീരിക്കാടനെ ഇയാള്‍ തീര്‍ത്തേനെ’എന്ന അടികുറിപ്പോടെയാണ് സിനിമയിലെ ക്ലൈമാക്‌സ് ചിത്രം പങ്കുവെച്ചത്. പോസ്റ്റിന് ശേഷം നിരവധി പേര്‍ ഈ കലിപ്പൻ ഇപ്പോള്‍ എവിടെയാണെന്ന് ചോദിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ അതിന് മറുപടിയായി ‘കലിപ്പൻ’ തന്നെ എത്തിയിരിക്കുകയാണ്.
read also: ഡിവോഴ്‌സോടെ എല്ലാം അവസാനിക്കും എന്ന് കരുതി: അഞ്ജു ജോസഫ്
‘ഞാൻ സാലു ജസ്റ്റസ്. കിരീടം സിനിമയിലെ ക്ലൈമാക്‌സ് രംഗത്ത് വന്ന കലിപ്പനെക്കുറിച്ച് നിങ്ങള്‍ അന്വേഷിച്ചിരുന്നല്ലോ..അത് ഞാനാണ്. ലാലേട്ടൻ എന്ന പ്രതിഭാസത്തെ കാണാൻ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്ന് അറിഞ്ഞ് രാവിലത്തെ കാപ്പി പോലും കുടിക്കാതെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ കൗമാരക്കാരൻ. അദ്ദേഹത്തിന്റെ തൊട്ടടുത്ത് ഷൂട്ടിംഗ് സമയത്ത് എത്തിയത് തന്നെ ഒരു നിയോഗം. ഒരുപാട് സന്തോഷം തോന്നി അങ്ങനെ ഒരു പോസ്റ്റ് വഴി എന്നെക്കുറിച്ച് അന്വേഷിച്ചു എന്നറിഞ്ഞപ്പോള്‍. ഞാനിപ്പോള്‍ മംഗലത്തുകോണം സെന്റ് അലോഷ്യസ് സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ ആണ്’. സാലു പോസ്റ്റില്‍ കുറിച്ചു. നിരവധിപേർ സന്തോഷം പങ്കുവെയ്‌ക്കുകയും അഭിനന്ദിക്കുകയും ചെയ്ത് എത്തിയിട്ടുണ്ട്.
Leave a Comment