CinemaLatest News

അഖിലിന്റെ പേരിനൊപ്പമുള്ള മാരാർ എന്നതാണോ കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീകര പ്രശ്നം?: കുറിപ്പ്

ജാതിവാൽ എന്ന ചെണ്ട എടുത്ത് കുത്തിത്തിരുപ്പ് ഉണ്ടാക്കാനുള്ള ഉളുപ്പ് ഒരുപാട് ഉണ്ട്

അടുത്തിടെ ബി​ഗ്ബോസ് താരം അഖിൽ മാരാറിന്റെ പേരിലുള്ള സവർണ്ണത എന്ന വിഷയത്തെ കുറിച്ച് ചർച്ചകളടക്കം വന്നിരുന്നു. ഇത്തരം അനാവശ്യമായ വിവാദങ്ങൾ സൃഷ്ട്ടിക്കുന്നവരെക്കുറിച്ച് എഴുതിയിരിക്കുകയാണ് എഴുത്തുകാരിയായ അഞ്ജു.

കുറിപ്പ് വായിക്കാം

ഇന്ന് കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീകര പ്രശ്നം ആണല്ലോ ബിഗ് ബോസ് വിന്നറും സംവിധായകനുമായ അഖിലിന്റെ പേരിനൊപ്പം ഉള്ള മാരാർ എന്ന വാൽ. ആ ഭീകര പ്രശ്നം ചർച്ച ചെയ്ത നിഷാദ് റാവുത്തറിലെ “റാവുത്തർ ” എന്ന വാലിന് ഹൈന്ദവ സവർണ്ണ ഹെജിമണിയുടെ ആനപ്പുറത്ത് കേറി സവാരി ചെയ്യേണ്ടതില്ലാത്തതിനാൽ യാതൊരു പ്രശ്നവും ഇല്ല.അതിനാൽ തന്നെ ജാതിവാൽ എന്ന ചെണ്ട എടുത്ത് കുത്തിത്തിരുപ്പ് ഉണ്ടാക്കാനുള്ള ഉളുപ്പ് ഒരുപാട് ഉണ്ട് താനും. സ്വന്തം അഭിപ്രായങ്ങളിൽ, നിലപാടുകളിൽ ഒക്കെ ഉറച്ചു നിന്ന്, സ്വന്തം സ്വത്വത്തിന് മേലെ ആട-അലങ്കാരങ്ങൾ ചാർത്താതെ നിന്ന ഒരാൾ. താഴെ തട്ടിൽ നിന്ന് നടന്നു നടന്ന് വന്ന്, പടവുകൾ മെല്ലെ കയറി സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കിയെടുത്ത ഷോ stealer -ബിഗ് ബോസ് സീസൺ 5 ടൈറ്റിൽ വിന്നർ അഖിൽ മാരാർ. ബിഗ് ബോസ് ഹൗസിൽ നൂറ് ദിവസവും ഹൗസ് ഫുള്ളായി നിറഞ്ഞു ഓടിയത് അയാളുടെ പെർഫോമൻസ്. അതിനെ നമ്മൾ മാരാറിസം എന്ന് വിളിച്ചു. ഷോ കഴിഞ്ഞു. അലറലും പോർവിളികളും ഒന്നും ഇല്ലാതെ വിന്നർ സ്വന്തം കാര്യം നോക്കി, സിനിമ എന്ന സ്വന്തം തട്ടകത്തിൽ വിജയം കൊയ്യാനുള്ള തിരക്കിൽ മുഴുകുന്നു. ആർക്കും ശല്യം ആകാതെ, ശല്യം ഉണ്ടാക്കാതെ! ഇപ്പോഴിതാ വെറുതെ ഒരു ചർച്ച ഫോക്കസിൽ വച്ച്, അഖിൽ മാരാർ എന്ന വ്യക്തിയിലെ മാരാർ മാത്രം ചികഞ്ഞെടുത്ത് പൊളിറ്റിക്കൽ കറക്ട്നെസ്സിൻ്റെ ഫ്രീ സ്റ്റഡി ക്ലാസ്സ് നല്കുന്നു ചിലർ.

ഈ കേരളീയ സമൂഹത്തിൽ അഴുകിയ ജാതി ബോധം ഉള്ളിൽ കൊണ്ടുനടക്കുന്നത് സവർണ്ണരല്ല; മറിച്ച് അളിഞ്ഞ ജാതി കാർഡ് ഇട്ട് പൊറാട്ടുനാടകം ആടുന്ന കുറേ ഫേക്ക് ലിബറലുകളാണ്. ഇവിടെ ഒരാളുടെ പേരിനൊപ്പം നായർ – മേനോൻ – പിള്ള -വർമ്മ എന്നൊക്കെ ജാതിപ്പേർ കണ്ടാൽ ഉടനെ അയാൾക്കെതിരെ സവർണ്ണ ഫാസിസ്റ്റ് മൂരാച്ചിയെന്ന വിധിയെഴുത്താണ് ഉണ്ടാവുക,. പക്ഷേ എല്ലാവർക്കും ഈ വിധിയെഴുത്ത് ബാധകമല്ല. പേരിനു മുന്നിൽ ഒരു സഖാവ് ഉണ്ടെങ്കിൽ ജാതിവാൽ മാനവികതയുടെ ചിഹ്നമാകും. സഖാവ്. കൃഷ്ണപിള്ളയ്ക്കും സഖാവ് ഗോവിന്ദപിള്ളയ്ക്കും പിള്ള വാൽ മതേതരത്വ ചിഹ്‌നമാണെങ്കിൽ ഷെഫ് പിള്ളയ്ക്ക് അത് സവർണ്ണ ഫാസിസ്റ്റ്‌ ചിഹ്നമാണ്‌ . ഇടതോരം ചേർന്ന് നടക്കാത്ത മനുഷ്യരാണെങ്കിൽ പേരിനൊപ്പമുളള ജാതി പ്രിവിലേജ് കാർഡാണ് എന്നാണ് വയ്പ്പ്.

സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പലപ്പോഴും ജാതീയതയുടെ ഭീകര ഇരകളാവുന്നത് നായരും മേനോനുമൊക്കെയാണ്. അവർ ഇവിടുത്തെ നടപ്പുരീതികളെ വിമർശിച്ചാൽ അത് പുരോഗമനാശയത്തിനു എതിരാണെങ്കിൽ ആദ്യം ചോദ്യം ചെയ്യപ്പെടുന്നത് പേരിനൊപ്പമുളള ജാതിവാലാണ്. ആശയപരമായ സംവാദങ്ങൾക്കിടയിൽ ഉത്തരമില്ലാതാകുമ്പോൾ പേരിനൊപ്പമുള്ള വാൽ സമർത്ഥമായി എടുത്തിടും . അതൊരു നായർ സ്ത്രീയാണെങ്കിൽ ഉടനെ അച്ചി പ്രയോഗത്തിലേയ്ക്ക് ഒരു കടന്നുകയറ്റമുണ്ട്. പിന്നീട് കേരളചരിത്രത്തിലെ ഉണ്ണിയച്ചി ചരിതമൊക്കെ കുടഞ്ഞിട്ട് കുഴിയിൽ പോയ കാരണവന്മാരെയെയും കാരണവത്തിമാരെയുമൊക്കെ നിരത്തി നിറുത്തി സ്മാർത്ത വിചാരണ ചെയ്യിക്കും. പേരില്‍ ജാതിയുള്ള ഇ.എം.എസ് നമ്പൂതിരിപ്പാടും വയലാര്‍ രാമവര്‍മ്മയും വി.ടി. ഭട്ടതിരിപ്പാടുമൊക്കെ നവോത്ഥാനത്തിന്റെ കാവലാളുകളായി അറിയപ്പെടുന്ന അതേ കേരളത്തിലാണ് ജാതിവാൽ മുറിച്ചു കളഞ്ഞ മന്നത്ത് പത്മനാഭന്റെ സംഘടനയെ സവർണ്ണതയുടെ പ്രതീകമാക്കി ആക്ഷേപിക്കുന്നത്. സഖാവ്. ഇ എം എസ് നമ്പൂതിരിപ്പാട് എന്ന പേര് ഇടത് ബൗദ്ധികതയുടെ ബ്രാൻഡ് നെയിമാണെങ്കിൽ പഴയിടം നമ്പൂതിരിപ്പാട് എന്നത് ബ്രാഹ്മണ്യത്തിൻ്റെ സവർണ്ണ ഹെജിമണി പേറുന്ന ഒന്നായി നരേറ്റ് ചെയ്യപ്പെടുന്നു.‌

ഇവിടെ ജാതീയത പച്ചയ്ക്ക് പറഞ്ഞ് വോട്ടു തേടുന്നതിൽ ആക്ഷേപമില്ല. ജാതിയുടെ നേർക്കാഴ്ചകളായ സംവരണമണ്ഡലങ്ങളിൽ ജനാധിപത്യത്തെ കൂട്ടിചേർക്കുന്നതിൽ അസ്വഭാവികതയില്ല. പക്ഷേ ആരെങ്കിലും പേരിനൊപ്പം സ്വന്തം പൈതൃകത്തിന്റെ അടയാളങ്ങൾ കൂട്ടിക്കെട്ടിയാൽ ഉടൻ മാടമ്പിയായി; സവർണ്ണനായി. സ്ഥാനപ്പേരുകളോ ജാതിയോ പേരിനൊപ്പം ചേർക്കുന്നത് ഒരാളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. നിഷാദ് എന്ന പേരിനൊപ്പം റാവുത്തർ ചേർത്ത ദാറ്റ് സെയിം വ്യക്തിപരമായ സ്വാതന്ത്ര്യമാണ് അഖിൽ എന്ന പേരിനൊപ്പം ഉള്ള മാരാർ എന്ന് അറിയാതെ ഒന്നുമല്ല ആ ചർച്ച. പക്ഷേ കിട്ടുന്ന സ്പേസിൽ കയറി ഹൈന്ദവതയിലെ ജാതീയതയിൽ തൊട്ട് സവർണ്ണ ഹെജിമണി, മാടമ്പി എന്നൊക്കെ തട്ടി വിടുമ്പോൾ കിട്ടുന്ന ആ കുത്തിത്തിരുപ്പിന്റെ സുഖം ഉണ്ടല്ലോ അത് മീഡിയ വണ്ണിന് പെരുത്ത് ഇഷ്ടമാണ്. എന്തായാലും ഈ കുത്തിത്തിരുപ്പ് ചർച്ചക്ക് അവർ അർഹിക്കുന്ന നല്ല സൊയമ്പൻ മറുപടി തന്നെ കൊടുത്തിട്ടുണ്ട് അഖിൽ മാരാർ.അവർ കേവലം ജാതി വാൽ കൊണ്ട് അളന്ന ആ മനുഷ്യൻ ആളുകളിലേക്ക് പടരുമ്പോൾ ഇവറ്റകൾ വെറും ബിഗ് സീറോ ആയി അവരിലേയ്ക്ക് മാത്രം ചുരുങ്ങുന്നു എന്ന സത്യം ഇവറ്റകൾ എന്ന് തിരിച്ചറിയാനാണ്?.

shortlink

Related Articles

Post Your Comments


Back to top button