മീടൂ ആരോപണവും നിരവധി സ്ത്രീകളെ പീഡിപ്പിച്ചെന്ന ആരോപണവും നേരിടുന്ന കവിയും തമിഴ് ഗാന രച്താവുമായ വൈരമുത്തുവിനെ വീട്ടിൽ സന്ദർശിച്ച തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെ ഗായിക ചിന്മയി. വൈരമുത്തുവിന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ് സ്റ്റാലിൻ വീട്ടിലെത്തിയത്. വൈരമുത്തുവിന് സ്റ്റാലിൻ പൊന്നാട അണിയിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ഗായിക ചിന്മയി വിമർശിച്ചത്.
നിരവധി സ്ത്രീകൾ പീഡന പരാതി പറഞ്ഞ ഒരാളെയാണ് മുഖ്യമന്ത്രി വീട്ടിലെത്തി ആദരിച്ചത്. ഇത് ശരിക്കും സ്ത്രീകളെ അപമാനിക്കുന്ന സംഗതിയാണെന്ന് സോഷ്യൽ മീഡിയ കുറിപ്പിൽ ചിന്മയി പറയുന്നു. 2018 മുതൽ തമിഴ് സിനിമ രംഗത്ത് തനിക്ക് വിലക്കാണെന്ന് വീണ്ടും ആരോപിക്കുന്നുണ്ട് ചിന്മയി. പല അവാർഡുകൾ നേടിയ ഡിഎംകെയുടെ പിന്തുണയുള്ള കവിക്കെതിരെ ആരോപണം ഉന്നയിച്ചുവെന്നതാണ് കാരണം.
പതിറ്റാണ്ടുകൾക്ക് മുൻപ് ജനിച്ചതിനാൽ ഏത് സ്ത്രീക്ക് മുകളിലും തനിക്ക് കൈവയ്ക്കാം എന്നാണ് കവിയുടെ ധാരണ. പത്മ പുരസ്കാരങ്ങളും, ദേശീയ അവാർഡുകളും നേടിയ കവിക്ക് രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധമുണ്ട് അതാണ് അയാൾക്ക് ഇത്ര ധൈര്യം ചിന്മയി പറയുന്നു.
കഴിഞ്ഞ മാസം ഗായിക ഭുവന ശേഷനും വൈരമുത്തുവിനെതിരെ രംഗത്ത് വന്നിരുന്നു. വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും തന്റെ കരിയർ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നു ഭുവന പറഞ്ഞു. 1998 മുതലാണ് വൈരമുത്തുവിൽ നിന്ന് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നതെന്ന് 50 കാരിയായ ഭുവന പറയുന്നു. ലൈംഗിക ബന്ധത്തിനായി തന്നെ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും ഭുവന പറഞ്ഞു. വൈരമുത്തുവിനെതിരെ പരസ്യമായി രംഗത്ത് വന്ന ഗായിക ചിന്മയി ശ്രീപാദയേയും ഭുവന പ്രത്യേകം പരാമർശിച്ചിരുന്നു.
അതേസമയം, ഞാനടക്കമുള്ള സ്ത്രീകള്‍ എന്തുകൊണ്ട് നേരത്തെ പ്രതീകരിച്ചില്ല എന്ന് ചിലര്‍ ചോദിച്ചല്ലോ, ഇതാണ് ഇയാളുടെ ശക്തി. രാഷ്ട്രീയക്കാരെല്ലാം വൈരമുത്തുവിന്റെ വിഷയം വരുമ്പോള്‍ നിശബ്ദരായിരിക്കും. ബ്രിജ് ഭൂഷണ് മുതല്‍ വൈരമുത്തു വരെയുള്ളവര്‍ എല്ലായ്പ്പോഴും രക്ഷപ്പെടും, കാരണം രാഷ്ട്രീയക്കാര്‍ അവരെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ചിന്മയി ട്വീറ്റില്‍ പറയുന്നു.
Post Your Comments