ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ് രാഷ്ട്രീയത്തിലേക്ക്. ആരാധക സംഘടനയായ ദളപതി വിജയ് മക്കൾ ഇയക്കത്തിന്റെ ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും ചുമതലക്കാരുമായുള്ള വിജയ്യുടെ ആലോചനായോഗം ചൊവ്വാഴ്ച നടന്നിരുന്നു. ചെന്നൈയ്ക്ക് സമീപം പനയൂരിലുള്ള വിജയ്യുടെ ഫാം ഹൗസിലാണ് യോഗം നടന്നത്. സംഘടനയുടെ തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലെയും ചുമതലക്കാർ യോഗത്തിൽ പങ്കെടുത്തിരുന്നു.
ഇപ്പോഴിതാ, മീറ്റിങ്ങിൽ വിജയ് പറഞ്ഞ കാര്യങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് ഭാരവാഹികൾ. രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ പിന്നെ സിനിമയിൽ അഭിനയിക്കില്ല. മുഴുവൻ ശ്രദ്ധയും രാഷ്ട്രീയത്തിൽ കേന്ദ്രീകരിക്കും എന്ന് വിജയ് പറഞ്ഞതായി ഭാരവാഹികൾ മാധ്യമങ്ങളോട് വ്യക്തമാക്കി. വിവിധ തമിഴ് മാദ്ധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംഘടന കഴിഞ്ഞമാസം നടത്തിയ ചടങ്ങിൽ സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പത്ത്, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ വിജയ് ആദരിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട പരിപാടി വലിയ വിജയമായിരുന്നു.
ഇതേത്തുടർന്നാണ് രാഷ്ട്രീയപ്രവേശവുമായി ബന്ധപ്പെട്ട അടുത്തഘട്ട നടപടിയിലേക്ക് നീങ്ങുന്നതിനായുള്ള തീരുമാനത്തിനായി യോഗം വിളിച്ചത്. പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുന്നതിന് നേതൃത്വംനൽകിയ മണ്ഡല ചുമതലക്കാരെ യോഗത്തിൽ വിജയ് അനുമോദിക്കും.
Post Your Comments