സമൂഹമാധ്യമങ്ങളിൽ ഏറെ സ്വീകാര്യതയുള്ള കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. അച്ഛനും അമ്മയും മക്കളുമെല്ലാം താരങ്ങളാണ്.
അടുത്തിടെ സമൂഹത്തിലെ പിന്നോക്കം നിൽക്കുന്ന പെൺകുഞ്ഞുങ്ങൾക്കായി താരവും കുടുംബവും അഹാദിഷിക ഫൗണ്ടേഷന് തുടക്കമിട്ടിരുന്നു, എന്നാലിപ്പോൾ വ്യവസായിയായ അദാനിയെ കണ്ടുവെന്നും അദ്ദേഹം അഹാദിഷിക ഫൗണ്ടേഷനുമായി ചേർന്ന് പ്രവൃത്തിക്കാമെന്ന് ഉറപ്പ് നൽകിയെന്നും താരം പറയുന്നു.
കുറിപ്പ് വായിക്കാം
ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നു വ്യവസായ സംരംഭകരിൽ ഒരാളുമൊത്ത് ഏതാനും മണിക്കൂറുകൾ ഇന്നലെ ചെലവഴിക്കാനുള്ള ഭാഗ്യമുണ്ടായി. അതിനെക്കുറിച്ചാണ് ഈ കുറിപ്പ്. അദാനി ഗ്രൂപ്പിന്റെ അഹമ്മദാബാദിലെ കോർപ്പറേറ്റ് ആസ്ഥാനത്ത് ഉച്ചയൂണിന് ക്ഷണം സ്വീകരിച്ച് എത്തിയപ്പോൾ മുതൽ നടത്താനായി ദീർഘസംഭാഷണങ്ങളിൽ നിന്നും വൻകിട കോർപ്പറേറ്റ് ലോകത്തെപ്പറ്റിയും, രാജ്യപുരോഗതിയിൽ അവർക്കുള്ള നിർണ്ണായക സ്വാധീനത്തെപ്പറ്റിയും പലതുമെനിക്ക് മനസ്സിലാക്കാനായി. ഉദാഹരണത്തിന്, നമ്മുടെ വിഴിഞ്ഞം തുറമുഖം. രാജ്യത്തെ ആദ്യത്തെ മെഗാ ട്രാൻസ്ഷിപ്മെന്റ് കണ്ടെയ്നർ ടെർമിനലാണ്.
നമ്മുടെ സംസ്ഥാനത്തിന്റെയും തിരുവനന്തപുരത്തിന്റെ പ്രത്യേകിച്ചും തലക്കുറി മാറ്റിയെഴുതാൻ പോകുന്ന അതിഭീമൻ സംരംഭം. അനേകായിരം ആളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങൾ വരാൻ പോകുകയാണ്. റോഡുകൾ, ചെറുകിട, വൻകിട വ്യാപാര സ്ഥാപനങ്ങൾ, ചെറുതും വലുതുമായ എണ്ണമറ്റ ഹോട്ടലുകൾ (അഞ്ചു നക്ഷത്രഹോട്ടലുകളുടെ പണി ഇതിനോടകം തുടങ്ങിക്കഴിഞ്ഞിരുന്നു എന്നാണറിയാൻ കഴിഞ്ഞിട്ടുള്ളത്), കണ്ടെയ്‌നർ നീക്കത്തിനുതകുന്ന രീതിയിൽ പുതിയ റെയിൽ പാളങ്ങൾ, ടൂറിസം മേഖലയിലുണ്ടാകുന്ന വൻ കുതിപ്പ് എന്നിങ്ങനെ പറഞ്ഞാൽ തീരാത്തത്ര വികസനവും സമൃദ്ധികളാണ് നമ്മുടെ തലസ്ഥാനത്തേക്ക് വരാൻപോകുന്നത്. ശ്രീ, നരേന്ദ്രമോദിജിയുടെ വികസന നയങ്ങൾക്കും, അദാനി ഗ്രൂപ്പിന്റെ കാര്യക്ഷമതക്കും നേർസാക്ഷ്യം പറയാൻ സാധിക്കുന്ന, തിരുവനന്തപുരംകാരൻ തന്നെയായ ഒരു പൊതുപ്രവർത്തകനെന്ന നിലക്ക് എനിക്കിത് അടിവരയിട്ടു പറയാനാകും.
ഇതിനെല്ലാമിടയിൽത്തന്നെ അഹാദിഷിക ഫൗണ്ടേഷനെപ്പറ്റിയും ദീർഘമായി സംസാരിച്ചു. പിന്നോക്കങ്ങളിൽ പതറി നിന്നുപോകുന്ന പെൺകുട്ടികളുടെ ഉന്നമനവും, പിന്നെ അനുബന്ധമായി ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളും വിശദമായിത്തന്നെ വിവരിച്ചപ്പോൾ, തങ്ങളാലാവുന്ന എല്ലാ സഹായ സഹകരണങ്ങളും അപ്പോൾത്തന്നെ പൂർണ്ണമനസ്സോടെ ഉറപ്പുതന്നു അദ്ദേഹം. സാധാരണക്കാരായ ഇന്ത്യാക്കാരുടെ ജീവിതങ്ങളിൽ, ദൈനംദിനമെന്നോണം ജീവകാരുണ്യപ്രവർത്തനങ്ങളിൽ സാർത്ഥകമായി ഇടപെടുന്ന അദാനി ഫൗണ്ടേഷൻ നയിക്കുന്ന ശ്രീ. ഗൗതം അദാനിജിക്കും ഡോ: പ്രീതി ജിക്കും ഞങ്ങളുടെ എളിയ സംരംഭത്തിന്റെ നന്മയും മൂല്യവും മനസ്സിലായി എന്നുള്ളതാണ് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത.
വിഴിഞ്ഞം തുറമുഖം തിരുവന്തപുരത്തിന്റെ വികസനത്തിന്റെ പുതിയ മുഖം മലർക്കെ തുറന്നിടട്ടെ. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു.
Post Your Comments