കഴിഞ്ഞ ദിവസം വ്ലോഗർ കുഞ്ഞൻ പാണ്ടിക്കാട് വൈദ്യുതി ബിൽ കൂടിയതിനെതിരെ സോഷ്യൽ മീഡിയ വഴി വീഡിയോ എടുത്ത് പ്രചരിപ്പിച്ചിരുന്നു.
എന്നാൽ ആരോപണത്തിൽ കഴമ്പില്ലെന്നും ഇത്തരം വ്യാജപ്രചാരണങ്ങളിലൂടെ കെ എസ് ഇ ബി ലിമിറ്റഡ് എന്ന പൊതുമേഖലാസ്ഥാപനത്തെ പൊതുജനമധ്യത്തിൽ അപഹസിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നുമാണ് കെ എസ് ഇ ബി ലിമിറ്റഡ് ഒഫീഷ്യൽ പേജിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയത്.
കുറിപ്പ് വായിക്കാം
കഴിഞ്ഞ ദിവസം ‘കുഞ്ഞൻ പാണ്ടിക്കാട്’ എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിൽ നിന്ന് ശ്രീ. മുഹമ്മദ് അഫ്സൽ എന്ന വ്യക്തി കെ എസ് ഇ ബി ലിമിറ്റഡിനെതിരെ തയ്യാറാക്കിയ വീഡിയോയിലൂടെ ഗുരുതരമായ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കെ എസ് ഇ ബി വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തി എന്നും അങ്ങനെ തൻ്റെ വൈദ്യുതി ബിൽ ഇരട്ടിയായി എന്നുമാണ് ഇദ്ദേഹത്തിൻ്റെ ആരോപണം.
കെ എസ് ഇ ബി പാണ്ടിക്കാട് ഇലക്ട്രിക്കൽ സെക്ഷനിലെ കൺസ്യൂമർ നമ്പർ 1165XXXXXX648 ഉപഭോക്താവാണ് ഇദ്ദേഹം എന്ന് മനസ്സിലാകുന്നു. 2023 ജനുവരിയിൽ 344 യൂണിറ്റും മാർച്ചിൽ 466 യൂണിറ്റുമായിരുന്നു ഇദ്ദേഹത്തിൻ്റെ വൈദ്യുതി ഉപയോഗം. 2023 മെയ് മാസത്തിൽ എ സിയുൾപ്പെടെ അധികമായി ഉപയോഗിച്ചതു കൊണ്ടാവാം ഉപയോഗം 728 യൂണിറ്റായി കുത്തനെ ഉയർന്നതും 6316 രൂപ ബിൽ വന്നതും. ജൂൺ ജൂലൈ മാസങ്ങളിൽ ഉപയോഗം 614 യൂണിറ്റായി കുറഞ്ഞതിനെത്തുടർന്ന് ബിൽ 5152 രൂപയായി കുറഞ്ഞിട്ടുമുണ്ട്. ഇത്തരത്തിൽ ഉപയോഗം കുത്തനെ കൂടിയതുകൊണ്ടുമാത്രമാണ് ജൂലൈ മാസത്തെ വൈദ്യുതി ബില്ലിൽ വർദ്ധനയുണ്ടായിട്ടുള്ളത്. ഈ വിവരങ്ങൾ കെ എസ് ഇ ബി സെക്ഷൻ ഓഫീസിൽ നേരിട്ടെത്തി അദ്ദേഹം മനസ്സിലാക്കിയതുമാണ്.
വീഡിയോയിൽ ശ്രീ മുഹമ്മദ് അഫ്സൽ ഉയർത്തിക്കാട്ടുന്ന ശ്രീമതി ഫാത്തിമ സുഹ്റ (116XXXXXX21032), എം. മുഹമ്മദാലി (116XXXXX6023), എം. മുഹമ്മദലി (116XXXXXX4146) എന്നിവരുടെ ബില്ലുകൾ സംബന്ധിച്ച വസ്തുതയും സമാനമാണ്. ഇവരാരും നാളിതുവരെ ബിൽ സംബന്ധിച്ച് യാതൊരു പരാതിയും നൽകിയിട്ടുമില്ല.
സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ 2022 ജൂണിലാണ് കേരളത്തിലെ വൈദ്യുതി നിരക്ക് ഒടുവിൽ പരിഷ്ക്കരിച്ചു നൽകിയത്. അതിനുശേഷം ഫ്യുവൽ സർചാർജ് പോലെയുള്ള നാമമാത്രമായ വ്യതിയാനമാണ് ബില്ലിൽ വന്നിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്.
ഇത്തരം വ്യാജപ്രചാരണങ്ങളിലൂടെ കെ എസ് ഇ ബി ലിമിറ്റഡ് എന്ന പൊതുമേഖലാസ്ഥാപനത്തെ പൊതുജനമധ്യത്തിൽ അപഹസിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുന്നതാണ്.
Post Your Comments