CinemaLatest News

അവന്റെ അമ്മയുടെ മണമുള്ള കുഞ്ഞു തുണി കൂടെ വച്ചാലവൻ കരയില്ലത്രേ: സോഷ്യൽ മീഡിയയിൽ നൊമ്പരമുണർത്തി കുറിപ്പ്

അവനെ കണ്ടപ്പോൾ ഉണ്ടായ കൗതുകവും വാത്സല്യവും കൊണ്ടാവും ആരും പരാതി പറഞ്ഞില്ല

വീട്ടിൽ വളർത്തുന്ന മൃ​ഗങ്ങൾ വീട്ടുകാരുടെ ഓമനയായി മാറുവാൻ അധിക നാൾ വേണ്ടി വരാറില്ല, കുഞ്ഞിലേ കിട്ടിയതെങ്കിൽ ഒരു കുഞ്ഞു വാവക്ക് വേണ്ടുന്ന സ്നേഹവും ലാളനയും കൊടുത്താകും അതിനെ വളർത്തുക.

വർഷങ്ങളോളം കൂടെ ഉണ്ടായിരുന്ന പ്രിയ നായ്ക്കുട്ടി തങ്ങളെ വിട്ടുപിരിഞ്ഞതിന്റെ ദുഖത്തിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഡോ. സൗമ്യ സരിൻ.

കുറിപ്പ് വായിക്കാം

ബോബോ പോയി. നമ്മുടെ ജീവിതത്തെ ഒരുപാട് സ്വാധീനിക്കുന്നവരാണ് നമ്മുടെ കൂടെയുള്ള വളർത്തുമൃഗങ്ങൾ. ഞങ്ങൾക്ക് അങ്ങിനെ ഒരാളെ ഉണ്ടായിരുന്നുള്ളു. ബോബോ. അവൻ ഇന്നലെ പോയി. അവന്‍റെ പന്ത്രണ്ടാമത്തെ വയസ്സിൽ. അവന്‍റെ പേര്‌ കേക്കുമ്പോ എല്ലാർക്കും രസമായിരുന്നു. എവിടെയും കേക്കാത്ത ഒരു നായപ്പേര്. ബോബോ! അതിന്റെ പിന്നിലും ഒരു കഥയുണ്ട്.

2011 ഇൽ ആണ് ഞാനും സരിനും തിരുവനന്തപുരത്തു ചേക്കേറുന്നത്. ഞങ്ങളുടെ ആദ്യത്തെ ജോലി. സരിൻ കേരളം കേഡറിൽ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറൽ ആയും ഞാൻ പേരൂർക്കട ജില്ലാ ആശുപത്രിയിൽ എന്‍റെ നിർബന്ധിത ഗ്രാമീണസേവനത്തിനും ചേർന്ന കാലം. ഒരു pet വേണം എന്ന കലശലായ ആഗ്രഹം. നായകളിലെ ബ്രീഡുകളെ പറ്റിയും പെഡിഗ്രിയെപ്പറ്റിയും ഒക്കെ ഞങ്ങൾ പിന്നെയും പിന്നെയും വായിച്ചു. അവസാനം ‘ലാബ്രഡോർ’ മതി എന്ന തീരുമാനത്തിലെത്തി. അടുത്ത കടമ്പ വിശ്വസിക്കാവുന്ന നല്ലൊരു ബ്രീഡറിനെ കണ്ടെത്തി നല്ല പെഡിഗ്രിയിൽ ഉള്ള ഒരു നായക്കുട്ടിയെ കിട്ടണം. അതിനായി തിരുവനന്തപുരം ജില്ലയിൽ നടന്ന എല്ലാ ഡോഗ് ഷോകളിലും ഞങ്ങൾ സ്ഥിരം പോകാൻ തുടങ്ങി. എത്രയോ നായ്കുട്ടികളെ കണ്ടു. ഒന്നും അങ്ങോട്ട് ശെരിയായില്ല. അങ്ങിനെ 2011 നവംബറിൽ ആണ് കോഴിക്കോട് നല്ലൊരു നായ്ക്കുട്ടി ഉണ്ടെന്നറിഞ്ഞു ഞാൻ അങ്ങോട്ട് പോകുന്നത്. അവനെ കണ്ടപ്പോ തന്നെ ഞാൻ ഉറപ്പിച്ചു. ഇവൻ മതി!

അന്ന് അവന്‍റെ പ്രായം ജനിച്ചിട്ട് 35 ദിവസം മാത്രം ആയിരുന്നു. ഇനി എങ്ങിനെ തിരുവന്തപുരത്തു എത്തിക്കും? ട്രെയിനിൽ ആണ് പോകേണ്ടത്. ട്രെയിനിൽ മൃഗങ്ങളെ കയറ്റാൻ പാടില്ല. ഞാനും സ്നേഹജ് ഏട്ടനും കൂടി ഒരു ബാസ്കറ്റ് വാങ്ങി. അതിൽ കുറെ കടലാസ്സ് നിറച്ചു. കൂടെ ഒരു തുണിക്കഷ്ണവും. അത് അവന്‍റെ അമ്മ കിടന്ന തുണിയുടെ കഷ്ണം ആയിരുന്നു. അവന്‍റെ അമ്മയുടെ ഉടമ തന്നതാണ്. അതിൽ അവന്‍റെ അമ്മയുടെ മണം ഉള്ളതുകൊണ്ട് അവൻ കൂടുതൽ കരയില്ല എന്ന്‌ പറഞ്ഞു. മിൽമയിൽ നിന്ന് പാൽ വാങ്ങി. കൂടെ ഒരു പാൽകുപ്പിയും. അങ്ങിനെ അവനെ ആ കൂടയിൽ ഇട്ട് ഞാൻ ട്രെയിൻ കയറി. അവനുണ്ടോ ഒതുങ്ങി ഇരിക്കുന്നു! അപ്പർ ബർത്ത് ആയിരുന്നു. അതിൽ അങ്ങോട്ടും ഇങ്ങോട്ടും ഓട്ടവും കൂടെ കരച്ചിലും. അടുത്ത ബർത്തിൽ ഉണ്ടായിരുന്നവർക്കൊക്കെ കാര്യം മനസ്സിലായി. പക്ഷെ അവനെ കണ്ടപ്പോൾ ഉണ്ടായ കൗതുകവും വാത്സല്യവും കൊണ്ടാവും ആരും പരാതി പറഞ്ഞില്ല. എന്തോ ഭാഗ്യത്തിന് TTE വന്നപ്പോൾ അവൻ ശബ്ദം ഉണ്ടാക്കാതെ ഇരുന്നു. അങ്ങിനെ ഒരു പോള കണ്ണടക്കാതെ ആണ് ഞാൻ അവനെ തിരുവനന്തപുരത്തു എത്തിച്ചത്. അടുത്ത ചോദ്യം എന്ത് പേരിടണം എന്നായി. സരിൻ ആണ് ‘ബോബോ’ എന്ന്‌ പറഞ്ഞത്. അതിന് ഒരു കാരണം മാത്രം. അന്ന് ഞങ്ങൾക്ക് പാപ്പു ഉണ്ടായിട്ടില്ല. പാപ്പു വരുമ്പോ അവൾക്ക് ഏറ്റവും എളുപ്പത്തിൽ വിളിക്കാൻ പറ്റുന്ന ഒരു പേര്‌ വേണം. അതോണ്ട് ബോബോ മതി.

അങ്ങിനെ അവൻ ‘ബോബോ’ ആയി. പിന്നീട് ഞങ്ങളുടെ കൂടെ 12 വർഷങ്ങൾ! ആരായാലും ഒരു ദിവസം പോണമല്ലോ. അവന്റെ ആ സമയം ഇന്നലെ ആയിരുന്നു. സമാധാനമായി അവൻ പോയി. പക്ഷെ ഒരു കാര്യം എനിക്ക് എല്ലാവരോടും പറയാനുണ്ട്. പ്രത്യേകിച്ച് വയസ്സാകുമ്പോൾ അരുമമൃഗങ്ങളെ വഴിയിൽ ഉപേക്ഷിക്കുന്നവരോട്. എങ്ങിനെ ആണ് നിങ്ങൾക്ക് അത് ചെയ്യാൻ കഴിയുന്നത്? അത്രയും കാലം നിങ്ങളുടെ നിഴലുപോലെ നടന്ന, നിങ്ങളുടെ ഭാവം മാറുമ്പോൾ വേദനിച്ച, നിങ്ങൾ എത്ര ക്രൂരമായി പെരുമറിയാലും ഒന്ന് വിളിക്കുമ്പോൾ പിന്നെയും വാലാട്ടി വരുന്ന ഈ മിണ്ടാപ്രാണികളോട് എങ്ങിനെ ആണ് അത് ചെയ്യാൻ തോന്നുന്നത്? എനിക്കറിയില്ല. നമ്മളെ പോലെ അവർക്കും വയസ്സാകും. വയ്യാതാകും. ബോബോ കഴിഞ്ഞ ഒരു മാസമായി അത്തരത്തിൽ ആയിരുന്നു. കഴിയുന്ന പോലെയെല്ലാം ഞങ്ങൾ അവനെ നോക്കി. എന്‍റെ അച്ഛന്റെ മടിയിൽ കിടന്നാണ് അവൻ പോയത്. ഒരു കാര്യം എപ്പോഴും ഓർക്കുക. നമ്മെ രസിപ്പിക്കാൻ മാത്രം അല്ല നമ്മുടെ വളർത്തുമൃഗങ്ങൾ. അവരുടെ നല്ല കാലത്തു നോക്കുന്ന പോലെ അവരുടെ അവസാനകാലത്തും നിങ്ങൾക്ക് അവരെ നോക്കാൻ കഴിയില്ലെങ്കിൽ ദയവുചെയ്ത് നിങ്ങൾ ഒരു വളർത്തുമൃഗത്തെയും വാങ്ങരുത്! കാരണം അവരും മാന്യമായ ഒരു അവസാനം അർഹിക്കുന്നു. നമ്മളോരോരുത്തരെയും പോലെ തന്നെ!.

shortlink

Post Your Comments


Back to top button