അദ്ദേഹത്തിൽ നിന്നും എനിക്കുണ്ടായ അവഗണനയും തിരസ്‌കാരവുമോർത്ത് ഞാൻ പൊട്ടിക്കരഞ്ഞിട്ടുണ്ട്; ലക്ഷ്മി പ്രിയ

അവരൊക്കെ വിചാരിക്കുന്ന ജീവിതം അല്ല ഞാൻ ജീവിച്ചുകൊണ്ടിരിക്കുന്നത്

നടി ലക്ഷ്മി പ്രിയ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ഒരു വ്യക്തിയെ കുറേ മനുഷ്യർ വേദിയിൽ ഒരുപാട് മത്സരിച്ചു പുകഴ്ത്തി പറഞ്ഞപ്പോൾ അവർക്ക് അദ്ദേഹം വഴിയുണ്ടായ നന്മയും അദ്ദേഹത്തിന്റെ ഹൃദയ വിശാലതയുമോർത്ത് ഒരേ സമയം എന്റെ ഹൃദയം നിറഞ്ഞ് – കണ്ണുകൾ തുളുമ്പി ഒഴുകുകയും അതേ മനുഷ്യനിൽ നിന്ന് എനിക്കുണ്ടായ അവഗണനയും തിരസ്‌കാരത്തിന്റെ കൂരമ്പും ഓർത്ത് ഞാൻ പൊട്ടിക്കരയുകയും ചെയ്തു.

എനിക്ക് പരാതികളില്ല. ആവശ്യങ്ങളുമില്ല. അവരൊക്കെ വിചാരിക്കുന്ന ജീവിതം അല്ല ഞാൻ ജീവിച്ചുകൊണ്ടിരിക്കുന്നത്. എന്റെ ലോകത്തിലെ മഹാറാണിയാണ് ഞാൻ. എത്ര കെടുത്തി കളയാൻ നോക്കിയാലും എരിഞ്ഞു കത്തുന്ന ദീപ പ്രഭ എന്നിലുണ്ട്. അത്ര വലിയ സേവിങ്സ് ഒന്നുമില്ലെങ്കിലും എനിക്ക് വീടുകളുണ്ട്, കാറുകൾ ഉണ്ട്. അസുഖം വരുമ്പോൾ ഏറ്റവും നല്ല ഹോസ്പിറ്റലിൽ പോകാൻ കഴിയുന്നുണ്ട്. കൊച്ചിയിലെ ഏറ്റവും നല്ല സ്കൂളിൽ എന്റെ മകളെ പഠിപ്പിക്കാൻ കഴിയുന്നുണ്ട്. എന്നാണ് താരം കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

ജീവിതത്തിൽ ഒരേ വ്യക്തിയിൽ നിന്ന് പലർക്കും പലവിധ അനുഭവങ്ങൾ ആയിരിക്കും ലഭിച്ചിട്ടുണ്ടാകുക. ചിലർക്ക് വഴികാട്ടിയും,വഴി വിളക്കും,കൈത്താങ്ങും,ജീവിതം മുഴുവൻ മാറ്റി മറിച്ചവരും ഒക്കെ ആയിരിക്കും. എന്നാൽ മറ്റൊരുവന് അവരിൽ നിന്നുണ്ടായ തിരസ്ക്കാരം വളരെ വലുതായിരിക്കും. ഒന്ന് കാണാൻ മണിക്കൂറുകളോളം കാത്തിരിക്കുകയും അവർ ഒരു ചെറുവിരൽ നീട്ടിത്തന്നാൽ നമ്മുടെ ജീവിതത്തിന്റെ പടി ഒന്നുകൂടി ഉഷാറാവുകയും ഒക്കെ ചെയ്തേക്കാം. എന്തുകൊണ്ടായിരിക്കും കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചവർ പോകുന്നത് എന്നും എന്തുകൊണ്ടാണ് വലിയവനിൽ നിന്നും ഒരേ സമൂഹത്തിലെ – ഒരേ തൊഴിലെടുത്തു ജീവിക്കുന്ന മനുഷ്യർക്ക് രണ്ടു തരം അനുഭവങ്ങൾ ഉണ്ടാകുന്നത് എന്നും എത്ര ചിന്തിച്ചിട്ടും എനിക്ക് മനസ്സിലാകുന്നില്ല.ആരാണ് ഒരുവനെ വലിയവനും ചെറിയവനുമാക്കുന്നത്?

ഒരു വ്യക്തിയെ കുറേ മനുഷ്യർ വേദിയിൽ ഒരുപാട് മത്സരിച്ചു പുകഴ്ത്തി പറഞ്ഞപ്പോൾ അവർക്ക് അദ്ദേഹം വഴിയുണ്ടായ നന്മയും അദ്ദേഹത്തിന്റെ ഹൃദയ വിശാലതയുമോർത്ത് ഒരേ സമയം എന്റെ ഹൃദയം നിറഞ്ഞ് – കണ്ണുകൾ തുളുമ്പി ഒഴുകുകയും അതേ മനുഷ്യനിൽ നിന്ന് എനിക്കുണ്ടായ അവഗണനയും തിരസ്‌കാരത്തിന്റെ കൂരമ്പും ഓർത്ത് ഞാൻ പൊട്ടിക്കരയുകയും ചെയ്തു. എനിക്ക് പരാതികളില്ല. ആവശ്യങ്ങളുമില്ല. അവരൊക്കെ വിചാരിക്കുന്ന ജീവിതം അല്ല ഞാൻ ജീവിച്ചുകൊണ്ടിരിക്കുന്നത്. എന്റെ ലോകത്തിലെ മഹാറാണിയാണ് ഞാൻ. എത്ര കെടുത്തി കളയാൻ നോക്കിയാലും എരിഞ്ഞു കത്തുന്ന ദീപ പ്രഭ എന്നിലുണ്ട്. അത്ര വലിയ സേവിങ്സ് ഒന്നുമില്ലെങ്കിലും എനിക്ക് വീടുകളുണ്ട്, കാറുകൾ ഉണ്ട്. അസുഖം വരുമ്പോൾ ഏറ്റവും നല്ല ഹോസ്പിറ്റലിൽ പോകാൻ കഴിയുന്നുണ്ട്. കൊച്ചിയിലെ ഏറ്റവും നല്ല സ്കൂളിൽ എന്റെ മകളെ പഠിപ്പിക്കാൻ കഴിയുന്നുണ്ട്.

ജീവിതം ഒരിക്കലും പുഷ്പാലങ്കൃത രഥമായിരുന്നില്ല. ഇതുപോലെ ഒരുപാട് പേരുടെ അവഗണനകളിൽ നിന്നും തിരസ്‌കാരങ്ങൾക്ക് നടുവിൽ നിന്ന് കൊണ്ടും ഉണ്ടാക്കിയത് തന്നെയാണ്. ഇനിയും വളരണം, വളർന്ന് വലുതാകണം, എന്റെ ഒരു കാര്യത്തിന് ഇവരെയൊക്കെ ഞാൻ വിളിച്ചാൽ വരുന്ന രീതിയിൽ അല്ലെങ്കിൽ വിളിച്ചാൽ ഫോൺ എടുക്കുകയെങ്കിലും ചെയ്യുന്ന രീതിയിൽ എനിക്ക് വളരണം. വന്നില്ലെങ്കിലും അവർക്ക് മുന്നിൽ എനിക്ക് കാണിച്ചു കൊടുക്കണം. ഞാൻ ഇന്നതൊക്കെ ആയിരുന്നു എന്ന്. പിന്നെ ഒരു കുഞ്ഞ് കാര്യം കൂടി പറഞ്ഞവസാനിപ്പിക്കാം.കിട്ടാത്ത ഒന്നിനെയും ഓർത്ത് എനിക്ക് ദുഃഖമില്ല. ജീവിതത്തിൽ ഏറെ അഭിമാനം നൽകുന്ന ഒരു കോഹിനൂർ രത്നത്തിന്റെ പ്രഭയ്‌ക്ക് നിങ്ങൾക്ക് എന്നത് പോലെ ഒരു ചെറിയ അവകാശിയാണ് ഞാനും. എന്റെ വല്യേട്ടൻ.

എന്റെ സുരേഷേട്ടൻ. സുരേഷ് ഗോപി. എന്റെ ചേട്ടന്റെ അനിയത്തി ആയിരിക്കുന്നതും ഈ ലോകത്തിൽ എപ്പോഴും ഏതു സമയത്തും എനിക്ക് ഒരാവശ്യം വന്നാൽ എന്റെ ചേട്ടനും കുടുംബവും ( രാധിക ചേച്ചിയും, മക്കളും സുഭാഷേട്ടനും, സുനിലേട്ടനും ഉൾപ്പെടെ )എന്നെ സഹായിക്കും എന്നുറപ്പുള്ള ആ കോഹിനൂർ ഉള്ളപ്പോ എനിക്കെന്തിനാണ് മറ്റുള്ളവർ? ഇപ്പോഴും കണ്ണ് നിറഞ്ഞു തുളുമ്പി. അതുപക്ഷേ ആനന്ദക്കണ്ണീരാണ്. ഷെൽഫിൽ നിരത്തി വച്ചിരിക്കുന്ന പുരസ്‌കാരങ്ങളുടെ എണ്ണമല്ല സഹജീവികളെ വലുപ്പചെറുപ്പമില്ലാതെ ചേർത്തു പിടിയ്ക്കുമ്പോഴാണ് മനുഷ്യൻ വലിയവനാകുന്നത്. നാല് കൊല്ലമായി എഴുതാൻ വിചാരിച്ചിട്ട് പോസ്റ്റിട്ട് ശ്രദ്ധയിൽ പെടുത്തണ്ട എന്ന തീരുമാനത്തിൽ മനസ്സിന്റെ കോണിലേക്ക് കൂട്ടിയിട്ടതാണ്. മനസ്സിലിരുന്ന് വിങ്ങുന്ന വ്രണത്തിന്റെ വേദന തീക്ഷ്‌ണമായപ്പോ എഴുതാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല.ഒരാളെയും വേദനിപ്പിക്കാനല്ല ഈ പോസ്റ്റ്‌. എന്റെ വേദന ഒളിപ്പിക്കാൻ കഴിയാത്തത് കൊണ്ട് മാത്രം.ഇതെഴുതേണ്ടി വന്നതിൽ ക്ഷമ പറഞ്ഞു കൊണ്ട് എന്നാണ് നടി ലക്ഷ്മി പ്രിയ എഴുതിയിരിക്കുന്നത്.

 

 

 

 

 

Share
Leave a Comment