GeneralLatest News

മലയാള സിനിമയിലെ കള്ളപ്പണ ഇടപാട്: ആദായ നികുതി വകുപ്പ് പിവി ശ്രീനിജനെ ചോദ്യം ചെയ്തു

മലയാള സിനിമയിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന ആദായ നികുതി വകുപ്പ് കുന്നത്തുനാട് എംഎൽഎ പി.വി.ശ്രീനിജനെ ചോദ്യം ചെയ്തു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലായിരുന്നു ചോദ്യം ചെയ്യൽ. കൊച്ചിയിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയ ശ്രീനിജനെ നാലു മണിക്കൂറോളം ചോദ്യം ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം മൂന്നു മണിയോടെ എംഎൽഎ ചോദ്യം ചെയ്യലിനു ഹാജരായത്.

സിനിമാ മേഖലയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് അടുത്തിടെ ചില നിർമാതാക്കളുടെ വീടുകളിൽ ഉൾപ്പെടെ പരിശോധന നടത്തിയിരുന്നു. ഇതിനിടെ ശേഖരിച്ച ചില രേഖകളുടെ അടിസ്ഥാനത്തിലാണ് പി.വി.ശ്രീനിജൻ എംഎൽഎയെ ചോദ്യം ചെയ്യലിനായി വിളിച്ചതെന്നാണ് വിവരം.

അതേസമയം, സിനിമാ നിർമാതാവായ ആന്റോ ജോസഫിൽനിന്ന് 60 ലക്ഷം രൂപ വാങ്ങിയിരുന്നതായി ശ്രീനിജൻ വ്യക്തമാക്കി.

2015ൽ കടമായിട്ടാണ് ഈ പണം വാങ്ങിയത്. തുടർന്ന് 2022ൽ ഈ തുക തിരികെ നൽകിയതായും ശ്രീനിജൻ അറിയിച്ചു. ഈ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ശ്രീനിജനിൽനിന്ന് പ്രധാനമായും ചോദിച്ചറിഞ്ഞത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഈ സാമ്പത്തിക ഇടപാടിന്റെ കാര്യം വ്യക്തമാക്കിയിരുന്നതായാണ് ശ്രീനിജന്‍ പറഞ്ഞെതെന്നാണ് വിവരം.

അതേസമയം പി വി ശ്രീനിജൻ എംഎൽഎയുടെ പരാതിയിൽ കഴിഞ്ഞ ദിവസം ഓൺലൈൻ വാർത്താ ചാനലായ ‘മറുനാടൻ മലയാളി’ യുടെ കൊച്ചിയിലെ ഓഫീസിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. വ്യാജവാർത്ത നൽകി വ്യക്തിപരമായി അധിക്ഷേപിച്ചെന്നായിരുന്നു എംഎൽഎയുടെ പരാതി.
മറുനാടൻ മലയാളിയുടെ ഓഫിസിൽ തിങ്കളാഴ്ച്ച രാവിലെ 7.30ന് ആരംഭിച്ച പരിശോധനയിൽ രണ്ട് ലാപ്‌ടോപ്പ്, രണ്ട് മൊബൈൽ ഫോണുകളുൾ, കാമറ, മെമ്മറികാർഡ് തുടങ്ങിയവ പിടിച്ചെടുത്തു.

അന്വേഷണസംഘം ജീവനക്കാരുടെ മൊഴിയുമെടുത്തു. മറുനാടന്റെ ഉടമ ഷാജൻ സ്‌കറിയയെ കണ്ടെത്താനുള്ള തെളിവു ശേഖരണത്തിനായിരുന്നു പരിശോധന. കഴിഞ്ഞദിവസം ഷാജനായി കൊച്ചി സിറ്റി പൊലീസ് ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയിരുന്നു.

 

 

shortlink

Related Articles

Post Your Comments


Back to top button