Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaLatest News

തുല്യതാ പ്രസംഗം നടത്താതെ വീടും കുടുംബവും നോക്കുകയും അതോടൊപ്പം കലയും മുന്നോട്ടു കൊണ്ടു പോയ നടിയാണ് ലക്ഷ്മി: കുറിപ്പ്

ലക്ഷ്മിയെന്ന വീട്ടമ്മയായ നടി സ്ത്രീപക്ഷവാദികളുടെ കണ്ണിലെ കരടാവുന്നു എന്നത് വരെയുള്ള കാര്യങ്ങൾക്കുപിന്നിൽ വ്യക്തമായൊരു റൂട്ട്മാപ്പും ഒരുകൂട്ടം ആളുകളുടെ പ്ലാനിങ്ങും അജണ്ടയുമുണ്ട്

സമൂഹ മാധ്യമങ്ങളിൽ വൈറലായി നടി ലക്ഷ്മി പ്രിയയെക്കുറിച്ചുള്ളൊരു കുറിപ്പ്. മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയതാരമാണ് ലക്ഷ്മി പ്രിയ. ഒട്ടനവധി സിനിമകളിലും, ബി​ഗ് ബോസിലുമടക്കം താരം പങ്കെടുത്തിരുന്നു. താരം ബി​ഗ്ബോസിൽ പങ്കെടുത്ത സമയത്തുള്ളതാണ് കുറിപ്പ്.

വൈറൽ കുറിപ്പ് വായിക്കാം

ഒരു വ്യക്തി അപരന് നല്‍കുന്ന പരിഗണനയാണ് സംസ്‌കാരം എന്ന് അറിവുള്ളവര്‍ പറയാറുണ്ട്. സംസ്കാരം എന്നുള്ളത് ഒരാൾക്ക് സ്വന്തം കുടുംബത്തിൽ നിന്നും പകർന്നുകിട്ടുന്നതാണ്. സംസ്കാരസമ്പന്നർ കുടിലിലുമുണ്ട് കൊട്ടാരത്തിലുമുണ്ട്. പണമോ പദവിയോ അല്ല അതിന്റെ അടിത്തറ. വാക്കും നോക്കും പ്രവൃത്തിയും പെരുമാറ്റരീതിയും ഒക്കെയാണ്. പറഞ്ഞു വന്നത് ലക്ഷ്മി പ്രിയ എന്ന മത്സരാർത്ഥിയെ ടാർഗറ്റ് ചെയ്തു കൊണ്ട് നടത്തുന്ന ചില പരാമർശങ്ങളെ കുറിച്ചാണ്. ലക്ഷ്മി ഷോയിൽ ഉണ്ട് എന്നറിഞ്ഞ നിമിഷം തന്നെ കുലസ്ത്രീ ഹൗസിൽ എത്തിയേ എന്ന ആർപ്പുവിളി ഒളിഞ്ഞും തെളിഞ്ഞും കണ്ടെങ്കിൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവർക്ക് ആ പട്ടം കല്പിച്ചു നൽകുന്ന കാഴ്ചയാണ് കാണുന്നത്. ഇപ്പോഴത് ഹൗസിനുള്ളിൽ പരസ്യമായി ടാസ്കുകളിലും പ്രയോഗിക്കുന്നു.

ഒരുവൾ കുടുംബത്തിനും കുഞ്ഞുങ്ങൾക്കും പ്രാധാന്യം നല്കിയാൽ ,സമൂഹം കല്പിച്ച ചില നടപ്പുരീതികൾ സ്വമനസ്സാലെ പാലിക്കാൻ ഇഷ്ടപ്പെട്ടാൽ, ആർക്കും ഒരു രീതിയിലും തടസ്സമാകാത്ത ആചാരാനുഷ്ഠാനങ്ങൾ ജീവിതത്തിൽ പാലിച്ചാൽ, കുടുംബത്തിലെ ആണുങ്ങളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്താൽ ഉടൻ കൽപ്പിച്ചുനൽകുന്ന വട്ടപേരാണ് കുലസ്ത്രീ. നല്ലൊരു കുടുംബത്തിൽ പിറന്നതുക്കൊണ്ടും സാമൂഹ്യമൂല്യങ്ങളെ മുറുകെപ്പിടിക്കുന്നതുക്കൊണ്ടും കുടുംബത്തിൽ നിന്നും പകർന്നുകിട്ടിയ വിശ്വാസങ്ങളെ ജീവിതത്തിൽ പകർത്തുന്നതുക്കൊണ്ടും ഇത്തിരി അടക്കവും ഒതുക്കവും അച്ചടക്കവും ശീലിക്കുന്നതുക്കൊണ്ടും മാത്രം അവരെ പുരോഗമനവാദികൾ രണ്ടാംതരക്കാരായി ചിത്രീകരിക്കുന്നു. ഇത്തരം രണ്ടാം തരക്കാർ ഓരോ വീട്ടിലും ഉള്ളതു കൊണ്ടാണ് കുടുംബം എന്ന വ്യവസ്ഥിതി തകരാതെ ഇവിടെ നിലനിന്നുപ്പോരുന്നത് എന്നു് പലരും മനസ്സിലാക്കുന്നില്ല .ലക്ഷ്മിപ്രിയ ചെയ്ത മാരകകുറ്റങ്ങൾ വിവാഹശേഷം ജയദേവ് എന്ന പുരുഷനോടു മാട്രിയാർക്കൽ വ്യവസ്ഥിതി വേണമെന്ന് ആവശ്യപ്പെട്ടില്ല. അതുമാത്രമോ തുല്യനീതി വേണമെന്ന് പ്രസംഗിക്കാൻ നില്ക്കാതെ വീടും കുടുംബവും നോക്കി; ഒപ്പം കലാ ജീവിതവും മുന്നോട്ടു ക്കൊണ്ടു പോയി.

ഒരു കഷണം തുണിക്കൊണ്ട് സ്വയംപര്യാപ്തയാവണമെന്ന സന്ദേശം സമൂഹത്തിനു നല്കാതെ ആവശ്യത്തിലധികം തുണിയുടുത്ത് പൊതു വേദികളിൽ വന്നു. ഈ കുലസ്ത്രീകൾ എന്നു കളിയാക്കി വിളിക്കുന്ന ജനുസിൽപ്പെട്ട സ്ത്രീകൾ ഇവിടെ സമൂഹത്തിൽ എന്ത് അരാജകത്വമാണ് സൃഷ്ടിക്കുന്നത്? അവർ അവരുടെ കാര്യം നോക്കി,കുടുംബം നോക്കി മാന്യമായി ജീവിക്കുന്നു. അവർ തുല്യസമത്വം വേണമെന്നു നാഴികയ്ക്ക് നാല്പതുവട്ടം വിളിച്ചുപ്പറയുന്നില്ലായെന്നു കരുതി ആരുടെയും അടിമകളല്ലാ. അവർ ജീവിച്ചുപ്പോരുന്ന സോഷ്യൽകണ്ടീഷനിൽ അവർ സംതൃപ്തരാവുന്നത് കുടുംബമെന്ന സോഷ്യൽ ഇൻസ്റ്റിറ്റിയൂഷനു നൂറുശതമാനം പ്രാധാന്യം നല്കുന്നതിനാലും കുടുംബത്തിൽ നിന്നും പൂർണ്ണ പിന്തുണ അവർക്ക് കിട്ടുന്നതിലുമാണ്. ഒരു യഥാർത്ഥ സ്ത്രീ ഒരിക്കലും പുരുഷൻ സ്ത്രീയേക്കാൾ താഴെയാണേന്നോ അല്ലെങ്കിൽ തിരിച്ചോ ആണെന്ന് വിശ്വസിക്കുന്നില്ല. ഒരു വ്യക്തി എങ്ങനെ ജീവിക്കണം എന്നത് അവരുടെ വ്യക്തിപരമായ കാര്യം. കുടുംബത്തിന്റെ കാര്യങ്ങൾ വേണ്ടരീതിയിൽ നോക്കിനടത്താൻ കഴിയുന്ന സന്നദ്ധതയാണ് പെണ്ണത്തം.ആ പെണ്ണത്തം ലക്ഷ്മിയിൽ കാണുമ്പോൾ പിതൃമേധാവിത്തത്തെ അരക്കിട്ടുറപ്പിക്കുന്നുവെന്നു തോന്നുന്നത് നിങ്ങളിലെ മണ്ടത്തരം.. യഥാർത്ഥ സ്ത്രീശാക്തീകരണമെന്തെന്ന് ജീവിതത്തിൽ കാണിച്ചുജയിച്ചവളാണ് ലക്ഷമിപ്രിയ. !ഒരു മുസ്ലീം കുടുംബത്തിൽ ജനിച്ചു വളർന്ന സബീന ലത്തീഫ് എന്ന പെൺകുട്ടി എങ്ങനെ സെലിബ്രിറ്റിയായ ലക്ഷ്മിപ്രിയയായി എന്നതിലുണ്ട് അവരനുഭവിച്ച ജീവിതത്തിന്റെ തീക്ഷ്ണ യാഥാർത്ഥ്യങ്ങൾ. ഒപ്പം ഒരു വലിയ പോരാട്ടത്തിൻെറ കഥയും.

വിവാഹിതയായ ശേഷം ഭർതൃവീട്ടുകാരുടെ അനുമതിയോടെ തികഞ്ഞ കലാകാരിയായി അവർ പേരെടുത്തത് അഭിനയസിദ്ധിയിലൂടെയായിരുന്നു. അതേ , ലക്ഷ്മി പ്രിയ ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് പൊട്ടിവിരിഞ്ഞതൊന്നുമല്ല. അസാമാന്യമായ തീയിൽ കുരുത്തത് തന്നെയാണ് ആ യുവതി. അപവാദപ്രചരണങ്ങളുടെയോ ആക്ഷേപശരങ്ങളുടെയോ വെയിലത്ത് അവർ വാടിപ്പോകില്ല. പുരോഗമനം, സമത്വം,ശാക്തീകരണം തുടങ്ങി വലിയ വായിൽ നിലവിളിക്കുന്നവരും അതിന് എന്ത് വൃത്തിക്കേടും കാട്ടികൂട്ടാൻ ഒരുങ്ങുന്നവരും ഒരേ ഒരു കാര്യം ഓർക്കുക. നിങ്ങളെ കണ്ടു വളരുന്ന കുഞ്ഞുങ്ങൾ നിങ്ങളിൽ നിന്നും മനസ്സിലാക്കുന്നത് കുടുംബങ്ങളിലെ ശിഥിലബന്ധങ്ങളും സമൂഹത്തിലെങ്ങനെ വേർതിരിവ് ഉണ്ടാക്കാമെന്നുള്ള തത്വങ്ങളും മാത്രമാണ്.തെറ്റായ ഇസങ്ങളെ ചോദ്യം ചെയ്യുന്നവരെ കുലസ്ത്രീകൾ എന്ന് പരിഹസിക്കുന്നതിന് മുമ്പ് ഒരിക്കൽ കൂടി ആലോചിക്കൂ.അല്ലെങ്കിൽ പരിഹാസ്യരാകുന്നത് നിങ്ങൾ തന്നെയാവാം. ഓരോ പെണ്ണിന്റെയുള്ളിലും ഒരു ഫെമിനിസ്റ്റ് ഉറങ്ങി കിടപ്പുണ്ട്. അത് ഉയിർത്തെഴുന്നേല്ക്കുന്നത് നമ്മിലുള്ള ആത്മാഭിമാനത്തിനു മുറിവേല്ക്കുമ്പോഴാണ്. ഒരുവൻ അനുവാദമില്ലാതെ ശരീരത്ത് തൊടുമ്പോൾ അതിനെ തടയുന്നതിനും അതിനെതിരെ പ്രതികരിക്കാൻ കെല്പുണ്ടാകുന്നതും കന്മുന്നിൽ ഒരുവൾ അല്ലെങ്കിൽ ഒരുവൻ ആക്രമിക്കപ്പെടുമ്പോൾ അതിനെതിരെ ശക്തമായി പ്രതികരിക്കാനും അവർക്കൊപ്പം നില്ക്കാനും കഴിയുന്നത് ഫെമിനിസം. നിസ്സഹായതയുടെ പടിക്കൽ നില്ക്കുന്ന പെണ്ണുടലുകൾക്കും ബാല്യങ്ങൾക്കും വാർദ്ധക്യങ്ങൾക്കും തന്നാലാവുന്ന വിധം സഹായം ചെയ്യാൻ കഴിഞ്ഞാൽ അതും ഫെമിനിസം.. ഇളം മേനികളിൽ കാമത്തിന്റെ രുചി തേടുന്നവന്മാരെ കല്ലെറിഞ്ഞു കൊല്ലാൻ കഴിയുന്ന ആ തന്റേടത്തെ വിളിക്കണം ഫെമിനിസമെന്ന്.

സ്വാർത്ഥലാഭത്തിനു വേണ്ടി ശരീരം നല്കി പിന്നീട് പീഡിപ്പിച്ചുവെന്ന് അലമുറയിടുന്ന കുലടകളുടെ ചെകിടത്ത് രണ്ടെണ്ണം പൊട്ടിക്കുന്ന ധീരതയെ വിളിക്കണം ഫെമിനിസമെന്ന്.അല്ലാതെ ഒരു ഗോവിന്ദചാമിയോ അമീറോ മുകേഷോ ചെയ്ത കുറ്റത്തിനു ആണിനെ മൊത്തം അടച്ചാക്ഷേപിക്കുന്ന ആ മനസ്ഥിതിയല്ല ഫെമിനിസം..ഓരോ പെണ്ണിനും വേണ്ടത് ആണിൽ നിന്നുമുള്ള വിമോചനമല്ല മറിച്ച് ലിംഗഭേദമെന്യേ അനീതിക്കെതിരെയും അക്രമത്തിനെതിരെയും പോരാടാനുളള മനസ്സാണ്. അത് വ്യക്തമായി ഉറക്കെ തന്നെ ലക്ഷ്മി പ്രിയ വിളിച്ചുപറഞ്ഞു.
കുടുംബബന്ധങ്ങളേക്കാൾ മൂല്യമുള്ളതാണ് സ്വന്തം സ്വത്വമെന്ന മിഥ്യാബോധം ഭരിക്കുന്ന ആക്ടിവിസ്റ്റുകൾ അറിയുന്നില്ല മാടമ്പള്ളിയിലെ ആ മനോരോഗി അവർക്കുള്ളിലാണെന്ന യാഥാർത്ഥൃം! ആ മനോരോഗികൾ കുലസ്ത്രീ എന്ന ലേബൽ കളിയാക്കാനായി ഒട്ടിച്ചു കൊടുത്തു യഥാർത്ഥ സ്ത്രീയെ കളിയാക്കുമ്പോൾ അവർ അറിയുന്നില്ല ഉർവ്വശി ശാപം ഉപകാരമാകുന്നുവെന്ന സത്യം. എന്നു മുതലാണ് ലക്ഷ്മിപ്രിയയുടെ സ്വഭാവരീതിയെ വിമർശനാത്മകമായി സോഷ്യൽ മീഡിയ വിലയിരുത്തിതുടങ്ങിയത് എന്നതിൽ തുടങ്ങി എന്തുകൊണ്ട് ലക്ഷ്മിയെന്ന വീട്ടമ്മയായ നടി സ്ത്രീപക്ഷവാദികളുടെ കണ്ണിലെ കരടാവുന്നു എന്നത് വരെയുള്ള കാര്യങ്ങൾക്കുപിന്നിൽ വ്യക്തമായൊരു റൂട്ട്മാപ്പും ഒരുകൂട്ടം ആളുകളുടെ പ്ലാനിങ്ങും അജണ്ടയുമുണ്ട്. ആ റൂട്ട് മാപ്പും അജണ്ടയും ഒന്നും ബിഗ് ബോസിലെ ലക്ഷ്മിപ്രിയയുടെ performance ന് മുന്നിൽ വിലപ്പോവില്ല. വിമർശകർ കല്ലെറിഞ്ഞുക്കൊണ്ടെയിരിക്കുക. ആ കല്ലുകൾ പൂമാലയായി വന്നു വീഴുക ബിഗ് ബോസിൻ്റെ വേദിയിൽ ചിരിച്ചു നിൽക്കുന്ന ദ റിയൽ സ്ത്രീയുടെ കഴുത്തിൽ ആയിരിക്കും, Lakshmipriyaa Jai, യഥാർത്ഥ സ്ത്രീയ്ക്ക് ഒപ്പം, യഥാർത്ഥ പോരാളിക്കൊപ്പം, യഥാർത്ഥ കുടുംബിനിക്കൊപ്പം.

shortlink

Related Articles

Post Your Comments


Back to top button