കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് മകളുടെ വിവാഹദിനത്തിൽ പിതാവിനെ മകളുടെ സുഹൃത്ത് ജിഷ്ണുവും കൂട്ടാളികളും വെട്ടി കൊലപ്പെടുത്തിയത്.
കല്ലമ്പലം സ്വദേശ് രാജുവാണ് ദാരുണമായി കൊല്ലപ്പെട്ടത്. വല്ലാത്ത നോവും നൊമ്പരവും പടരുന്നുണ്ട് ഈ ചിത്രങ്ങൾ കാണുമ്പോൾ, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടുകളിൽ ഒന്ന് തുറക്കാൻ നിൽക്കുന്ന മകളെ നിറഞ്ഞ ഹൃദയത്തോടെ ചുംബിച്ചു ആശിർവദിക്കുന്ന ഒരച്ഛൻ. അവളുടെ മൂർദ്ധാവിൽ ആ അച്ഛൻ പകരുന്ന സ്നേഹ ചുംബനത്തിന് പറയാനുണ്ട് അദ്ദേഹത്തിന്റെ നിശ്വാസത്തിൽ പടർന്ന പ്രവാസചൂടിന്റെ കണ്ണുനീർ ഉപ്പ്. അതേറ്റു വാങ്ങുന്ന ആ മകൾക്ക് അറിയാം തങ്ങളെ വലുതാക്കാൻ, നല്ല നിലയിൽ എത്തിക്കാൻ ആ അച്ഛൻ കൊണ്ട, ആ നിമിഷം വരെ കൊള്ളുന്ന വെയിലോളം വലുത് മറ്റൊന്നിനും ഇല്ലായിരുന്നുവെന്ന് എന്നാണ് എഴുത്തുകാരിയായ അഞ്ജു പാർവതി എഴുതിയിരിക്കുന്നത്.
കുറിപ്പ് വായിക്കാം
വല്ലാത്ത നോവും നൊമ്പരവും പടരുന്നുണ്ട് ഈ ചിത്രങ്ങൾ കാണുമ്പോൾ, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടുകളിൽ ഒന്ന് തുറക്കാൻ നിൽക്കുന്ന മകളെ നിറഞ്ഞ ഹൃദയത്തോടെ ചുംബിച്ചു ആശിർവദിക്കുന്ന ഒരച്ഛൻ. അവളുടെ മൂർദ്ധാവിൽ ആ അച്ഛൻ പകരുന്ന സ്നേഹ ചുംബനത്തിന് പറയാനുണ്ട് അദ്ദേഹത്തിന്റെ നിശ്വാസത്തിൽ പടർന്ന പ്രവാസചൂടിന്റെ കണ്ണുനീർ ഉപ്പ്. അതേറ്റു വാങ്ങുന്ന ആ മകൾക്ക് അറിയാം തങ്ങളെ വലുതാക്കാൻ, നല്ല നിലയിൽ എത്തിക്കാൻ ആ അച്ഛൻ കൊണ്ട, ആ നിമിഷം വരെ കൊള്ളുന്ന വെയിലോളം വലുത് മറ്റൊന്നിനും ഇല്ലായിരുന്നുവെന്ന്.
ഒക്കെയും ഒന്ന് ഇരുട്ടി തീർന്നപ്പോൾ കീഴ്മേൽ മറിഞ്ഞു. മകൾ സുമംഗലി ആയി അണിഞ്ഞൊരുങ്ങി നിൽക്കേണ്ടിയിരുന്ന വിവാഹപന്തലിൽ ഒരുങ്ങിയത് ശവമഞ്ചം. തലേന്ന് തന്നെ അനുഗ്രഹിച്ച അച്ഛന്,സ്നേഹം കൊണ്ട് കുറിച്ച ചുംബനത്തിനു പകരമായി അവൾക്ക് നൽകേണ്ടി വന്നത് തണുത്തുറഞ്ഞ നെറ്റിയിൽ അന്ത്യ ചുംബനം. ശരിക്കും കൊല്ലപ്പെട്ടത് അദ്ദേഹം മാത്രമല്ല, ആ പെൺകുട്ടി കൂടിയാണ്. ഒരു നെറികെട്ട ഒരുത്തന്റെ പക അവളുടെ ജീവൻ എടുക്കാൻ വേണ്ടി വന്നെങ്കിലും, എവിടെയോ ഒന്ന് പിഴച്ചു. മകൾക്ക് പകരം അച്ഛന്റെ ജീവനെടുത്തു അവറ്റകൾ പക വീട്ടി. ഇനി എന്ത്? പതിവ് പോലെ അറസ്റ്റ്, ജാമ്യം കേസ്, ജയിലിൽ സുഖ ജീവിതം വിചാരണ.
ഇനി ശിക്ഷ കിട്ടിയാൽ തന്നെ എട്ടോ പത്തോ കൊല്ലം. ജയിൽ റിസോർട്ടിലെ സുഖവാസം കഴിഞ്ഞ് ഇവന്മാർ പുറത്തിറങ്ങും. കുറേകൂടി ക്രിമിനൽ കൂട്ടുകെട്ടുകളുമായി. പിന്നെയും ഏതെങ്കിലും ഒരച്ഛനോ പെൺകുട്ടി വീണ്ടും ഇര ആയേക്കാം. കുറച്ചു നാൾ മാധ്യമങ്ങൾക്ക് ഇത് വാർത്തയാവും. അടുത്ത പ്രണയപ്പക എന്ന ക്യാപ്ഷൻ ഇട്ട് ഓടിക്കാൻ ഒരു വാർത്ത കിട്ടുന്നിടം വരെ. അത് കഴിഞ്ഞാൽ എല്ലാം മറവിയിൽ. ഇതിപ്പോൾ എത്രാമത്തെ അരുംകൊലയാണെന്ന് ഒരു പിടിയുമില്ല. കാരണം വീടിനുള്ളിലും പുറത്തും കഴുത്തറുത്തും പെട്രോൾ ഒഴിച്ചും ആസിഡ് ഒഴിച്ചുമൊക്കെ പെൺകുട്ടികളും വീട്ടുകാരും കൊല ചെയ്യപ്പെടുന്നത് നിത്യസംഭവമായി മാറുന്നുണ്ട് നവോത്ഥാന കേരളത്തിൽ.
ഒരു ‘നോ’ യിൽ ഒതുക്കിയാൽ പട്ടാപ്പകൽ വെടിവയ്ക്കാനും പെട്രോളൊഴിക്കാനും കഴുത്തറുത്ത് കൊല്ലാനും കഴിയുന്ന തരം മാനസികാവസ്ഥയിലെത്തി നില്ക്കുന്ന നമ്മൾ സ്വയം അഡ്രസ്സ് ചെയ്യുന്നത് പ്രബുദ്ധർ എന്നാണ്. നൂറു ശതമാനം സാക്ഷരത എന്നാൽ മാനസികാരോഗ്യത്തിന്റെയോ, വകതിരിവിന്റെയോ , വിവേകത്തിന്റെയോ, അളവുകോൽ അല്ലായെന്നു അടിവരയിടുന്നുണ്ട് സമകാലികകേരളത്തിലെ അരും കൊലകൾ. അരുകൊലകൾക്ക് പ്രണയപ്പക എന്ന കിന്നരി വച്ച തലപ്പാവ് നല്കുന്നതിനോട് അങ്ങേയറ്റം വിയോജിപ്പാണ്. ഒരാളുടെ ജീവനെടുക്കുന്ന മനോഭാവത്തില്‍ എവിടെയാണ് സ്നേഹവും പ്രണയവും ഉണ്ടാവുക? നോ എന്ന ഒരു നിരസിക്കലിൽ പക ഉണ്ടാവുന്നതിൽ എവിടെയാണ് പ്രണയം ? തന്റേതാകുന്നില്ല, താന്‍ ആഗ്രഹിക്കുന്നത് നടക്കുന്നില്ല എന്ന നിരാശ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത മനുഷ്യര്‍ മാനസിക വൈകല്യങ്ങളുള്ളവരാണ്. അവർ അത്തരം നിരസിക്കലുകൾക്ക് പക കൊണ്ട് പ്രതികാരം ചെയ്യുന്ന കുറ്റവാളികളാണെങ്കിൽ സമൂഹത്തിന് ഭീഷണിയുമാണ്. ആ ഭീഷണി തുടരാൻ അനുവദിച്ചു കൂടാ. കേസും ജയിലിലെ സുഖ ചികിത്സയും ഒന്നുമല്ല ഇവറ്റകൾക്കു വേണ്ടത്. ഇനി ഒരാളുടെയും സ്വൈര്യ ജീവിതത്തിൽ കടന്നു കയറാതിരിക്കാൻ വേണ്ടിയുള്ള നടപടിയാണ്. നിരത്തി നിറുത്തി UP മോഡൽ തീർപ്പ് ആണ് വേണ്ടത്. അതിൽ കുറച്ചുള്ള മനുഷ്യാവകാശം ഒക്കെ മതിയെന്ന് വച്ചാൽ ഇനി ഒരുത്തനും ഈ വക പകയും വച്ച് കുടുംബങ്ങളിൽ കയറി കളിക്കാൻ മുതിരില്ല.
ഒരുത്തനെ ഇഷ്ടപ്പെട്ടുവെന്ന് വച്ച്, ജീവിതകാലം മുഴുവൻ അവന്റെ ടോക്സിസിറ്റി സഹിച്ചു, അവന്റെ ക്രിമിനലിസത്തെ സഹിച്ചു, അവനെ സഹിച്ചു ജീവിക്കാം എന്ന് ഒരു പെണ്ണും ആർക്കും വാക്ക് കൊടുത്തിട്ടില്ല. ഒരുത്തൻ ലഹരിക്ക് അടിമ ആയാലും ജോലിക്കും കൂലിക്കും പോകാതെ നടക്കുന്ന നാലാംകിട ക്രിമിനൽ ആയാലും അവനു വേണ്ടി വീട്ടുകാർ പെണ്ണ് ചോദിച്ചാൽ അവനു പിടിച്ചു പെണ്ണിനെ കൊടുക്കാമെന്ന് ഒരു അച്ഛനുമമ്മയും സമൂഹത്തിന് ഒപ്പിട്ട് കൊടുത്തിട്ടില്ല. പെണ്ണ് തീരുമാനിക്കും ആരെ കൊള്ളണം, ആരെ തള്ളണം എന്ന്. അല്ല,ഞാൻ ഇത് ആരോടാണ് പറയുന്നത്. സിനിമ തുടങ്ങും മുമ്പ് തേച്ചിട്ട് പോയ കാമുകിക്ക് സമർപ്പണം എന്ന് എഴുതി കാണിക്കുമ്പോൾ കയ്യടിക്കുന്ന മനുഷ്യരോടോ??പ്രണയപ്പക എന്ന കിന്നരി തുന്നി അരും കൊലയുടെ വാർത്ത ഇടുമ്പോൾ അതിന് കീഴെ പായ വിരിച്ചു കിടന്ന്,തേപ്പുകാരികൾക്ക് ഇതു തന്നെ വേണമെന്ന തരം പഞ്ച് കമന്റുകൾ ഒട്ടിക്കുന്നവരോടോ? യോഗിയുടെ ബുൾഡോസർ പ്രയോഗം വേണ്ടത് ഇത്തരം ക്രിമിനലുകളുടെ മുറ്റത്താണ്. ഷൂട്ട് അറ്റ് സൈറ്റ് നടപ്പാക്കേണ്ടത് ഇത്തരം അരും കൊലയ്ക്ക് മുതിരുന്ന ക്രിമിനലുകളുടെ നെഞ്ചത്ത് ആണ്.
Post Your Comments