
മലയാള സിനിമയിലെ നടീ നടൻമാരുടെ താര സംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗത്തിന്റെ പശ്ചാത്തലത്തിൽ നടൻ മോഹൻ ലാലിന് രസകരമായ കത്തെഴുതി മുതിർന്ന നടൻ വികെ ശ്രീരാമൻ.
ചെറുവാല്യേക്കാരായ ആൺതാരങ്ങളും പെരുംതാരങ്ങളുമെല്ലാം മുളങ്കൂട് പോലുള്ള താടിയും വെച്ചാണ് നടക്കുന്നത്. പെട്ടന്നു കണ്ടാലാരെയും തിരിച്ചറിയാത്ത വിധം മൊകറുകളൊക്കെ മൂടപ്പെട്ടിരിക്കുന്നു. ഇവരൊക്കെ ഇങ്ങനെ സോക്രട്ടീസുമാരോ ടോൾസ്റ്റോയിമാരോ ആയി പരിണമിക്കാൻ എന്തായിരിക്കും കാരണമെന്നാണ് നടൻ കത്തിലൂടെ ചോദിച്ചത്. ‘രോമത്തിന് താരത്തിലുള്ള സ്വാധീനം ‘ എന്ന വിഷയത്തിൽ ഒരു ഒരു പ്രബന്ധമവതരിപ്പിച്ച് ചർച്ച ചെയ്ത് സന്ദേഹനിവാരിണീതൈലം കാച്ചിയെടുത്ത് വിതരണം ചെയ്യാമോ എന്നായിരുന്നു കത്തിൻ്റെ ഉള്ളടക്കമെന്നും താരം.
നടൻ മോഹൻലാൽ ഇതിന് രകസരമായ മറുപടിയും തന്നുവെന്നും താരം വ്യക്തമാക്കി.
കുറിപ്പ് വായിക്കാം
ഇന്ന് മിഥുനം പതിനൊന്നാണ്, തിങ്കളാഴ്ചയുമാണ്, ഇന്നലെ, അല്ല മിനിഞ്ഞാന്ന് വന്നതാണ് കൊച്ചിക്ക്, നടീനടന്മാരുടെ പൊതുയോഗമായിരുന്നിന്നലെ. ആൺതാരങ്ങളും പെൺതാരങ്ങളും ധാരാളം, കുറച്ചു കാലമായി ഒരു കാര്യം ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ചെറുവാല്യേക്കാരായ ആൺതാരങ്ങളും പെരുംതാരങ്ങളുമെല്ലാം മുളങ്കൂട് പോലുള്ള താടിയും വെച്ചാണ് നടക്കുന്നത്. പെട്ടന്നു കണ്ടാലാരെയും തിരിച്ചറിയാത്ത വിധം മൊകറുകളൊക്കെ മൂടപ്പെട്ടിരിക്കുന്നു.
ഇവരൊക്കെ ഇങ്ങനെ സോക്രട്ടീസുമാരോ ടോൾസ്റ്റോയിമാരോ ആയി പരിണമിക്കാൻ എന്തായിരിക്കും കാരണം? ബൗദ്ധിക സൈദ്ധാന്തിക ദാർശനീക മണ്ഡലങ്ങൾ വികസിച്ചു വരുന്നതിൻ്റെ ദൃഷ്ടാന്തമാണോ? ചിന്തിച്ചിട്ടൊരെത്തും പിടിയും കിട്ടാത്തതിനാൽ ഒരു കത്ത് അസ്സോസിയേഷൻ തലൈവർക്കു കൊടുത്തു വിട്ടു. ‘രോമത്തിന് താരത്തിലുള്ള സ്വാധീനം ‘ എന്ന വിഷയത്തിൽ ഒരു ഒരു പ്രബന്ധമവതരിപ്പിച്ച് ചർച്ച ചെയ്ത് സന്ദേഹനിവാരിണീതൈലം കാച്ചിയെടുത്ത് വിതരണം ചെയ്യാമോ എന്നായിരുന്നു കത്തിൻ്റെ കുത്ത്.
കുത്തിയതും മറുകുത്തുടനേ വന്നു, അതവസാനിക്കുന്നതിങ്ങനെ, ‘രോമത്തിന് താരത്തിലുള്ള സ്വാധീനം’ എന്ന വിഷയത്തിലുള്ള ചർച്ച അരോമ മോഹൻ്റെ നേതൃത്വത്തിൽ നടത്താം എന്നാണ് തീരുമാനം എന്നും താരം കുറിച്ചു.
Post Your Comments