വീട്ടിൽ സഹോദരിയുടെ വിവാഹത്തിന്റെ അത്താഴ ഊട്ടു നടക്കുമ്പോൾ താൻ ഒരു അമ്പലപ്പറമ്പിൽ ഇരുന്ന് അമ്പലച്ചോറ് കഴിക്കുകയായിരുന്നു എന്ന് സംവിധായകനും തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പലം. സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമ്പോൾ ചില നഷ്ടങ്ങൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കാറുണ്ടെന്നു പറഞ്ഞ ബെന്നി പി നായരമ്പലം തന്റെ ജീവിതത്തിൽ സംഭവിച്ച അത്തരം ഒരു നഷ്ടത്തെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘എന്റെ വീട്ടിൽ ഞങ്ങൾ 6 മക്കളായിരുന്നു. ഏറ്റവും മൂത്തത് മരിച്ചുപോയ ചേച്ചി, പിന്നെ നാല് ആൺ മക്കൾ. ആൺമക്കളിൽ ഏറ്റവും ഇളയത് ഞാനായിരുന്നു. എനിക്ക് താഴെ ഒരു പെങ്ങൾ ഷീബ. എന്റെ ആദ്യ നാടകം ഭയങ്കരമായി കളിച്ചുകൊണ്ടിരുന്ന കാലത്താണ് പെങ്ങളുടെ കല്യാണം ഉറപ്പിക്കുന്നത്. ഒരു ദിവസം തന്നെ രണ്ട് നാടകങ്ങൾ ഒക്കെ ഉള്ള കാലം. മെയ് 31 ആകണം നാടകങ്ങളുടെ സീസൺ അവസാനിക്കാൻ. അതിനിടയിൽ കല്യാണം നടന്നേ പറ്റൂ. അങ്ങനെ വിവാഹം ഉറപ്പിച്ചു. വീട്ടിൽ വിവാഹത്തിന്റെ അത്താഴ സമയത്ത് ഞാൻ നാടകം കളിക്കാൻ പോയിരുന്നു.
ദൂരെയായിരുന്നു നാടകം രാത്രിയിൽ തിരിച്ചുവരാം എന്ന കണക്കുകൂട്ടലിൽ സ്കൂട്ടറിൽ ആയിരുന്നു യാത്ര. ഏഴുമണിക്ക് ആയിരുന്നു അമ്പലത്തിൽ നാടകം. കളികഴിഞ്ഞ് അമ്പലക്കമ്മിറ്റിയുടെ ഭക്ഷണം ഉണ്ടായിരുന്നു. പച്ചക്കറി മാത്രമുള്ള ഭക്ഷണം, ഊട്ടുപുരയിലെ പായയിൽ നിരന്നിരുന്ന് ഞങ്ങൾ കഴിക്കുമ്പോൾ എന്റെ വീട്ടിൽ പെങ്ങളുടെ കല്യാണത്തിന്റെ അത്താഴ വിരുന്നു നടക്കുകയാണ്. ആ സമയത്ത് എനിക്ക് വളരെ സങ്കടമായി. വീട്ടിൽ ബന്ധുക്കളും നാട്ടുകാരും ഒക്കെ അത്തായ വിരുന്നിന്റെ ഭക്ഷണം കഴിക്കുമ്പോൾ അമ്പലപ്പറമ്പിലിരുന്ന് അമ്പലച്ചോറു കഴിക്കുകയായിരുന്നു ഞാൻ. പ്രോഗ്രാമെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ രാത്രി ഒരു മണി കഴിഞ്ഞിരുന്നു. കല്യാണത്തിന് അലങ്കരിച്ച ലൈറ്റുകൾ മാത്രമാണ് ബാക്കി ഉണ്ടായിരുന്നത്. പിറ്റേദിവസം കല്യാണം ആയതുകൊണ്ട് എല്ലാവരും നേരത്തെ കിടന്നുറങ്ങി. ഞാനും പാതി വാതിൽ തട്ടി തുറന്നു ഉറങ്ങാനായിപ്പോയി.’
Post Your Comments