മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ വേര്‍പാടിന്റെ വേദനയിലാണ് ആരാധകരും കുടുംബവും. വടകരയില്‍ 24 ന്യൂസിന്റെ ഒരു പരിപാടിയില്‍ പങ്കെടുത്ത് തിരികെ വരുമ്പോഴുണ്ടായ ഒരു കാർ അപകടത്തിലാണ് കൊല്ലം സുധി മരണപ്പെട്ടത്. അതിനു പിന്നാലെ താരത്തിന്റെ സ്വാകാര്യ ജീവിതം പല മാധ്യമങ്ങളിലും ചർച്ചയായി.
ഭാര്യ ഉപേക്ഷിച്ചതോടെ കുഞ്ഞായിരുന്ന മകനെ സ്റ്റേജിന് പിറകില്‍ ഉറക്കി കിടത്തി സ്കിറ്റ് കളിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നുവെന്ന് സുധി തന്നെ മുമ്പ് വെളിപ്പെടുത്തിയിരുന്നു. മകൻ കൂടി സമ്മതം പറഞ്ഞതുകൊണ്ട് മാത്രമാണ് അവന് ഒരു അമ്മയുടെ സ്നേഹം കിട്ടട്ടെയെന്ന് കരുതി കുറച്ച് വര്‍ഷം മുമ്പ് രേണുവിനെ വിവാഹം ചെയ്തതെന്നും സുധി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ അച്ഛന്റെ വേര്പാടിനെക്കുറിച്ചും കുടുംബത്തിന് നേരെ ഉയരുന്ന വ്യാജ പ്രചാരണങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് സുധിയുടെ മകൻ രാഹുൽ.
സുധിയുടെ വേര്‍പാടോടെ രേണുവിനും കുഞ്ഞിനും താങ്ങായി നില്‍ക്കുന്നത് രാഹുലാണ്. അച്ഛൻ ഇല്ലെന്ന് കരുതി അമ്മ തന്നെ ഒഴിവാക്കിയിട്ടില്ലെന്നും അവരുടെ സ്നേഹം ഇപ്പോഴും ലഭിക്കുന്നതുകൊണ്ടാണ് അവര്‍ക്കൊപ്പം താൻ താമസിക്കുന്നെതെന്നും പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്നും മഴവില്‍ കേരളമെന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ പറഞ്ഞു.
രാഹുലിന്റെ വാക്കുകൾ ഇങ്ങനെ,
‘അച്ഛൻ കൂടെയില്ലെന്നൊരു തോന്നലില്ല. അച്ഛന് അപകടം പറ്റിയെന്ന് അനൂപേട്ടനാണ് ആദ്യം പറഞ്ഞത്. അപകടം സംഭവിച്ചു… പക്ഷെ അച്ഛനെ രക്ഷിക്കാൻ പറ്റിയില്ലെന്നാണ് വിളിച്ചപ്പോള്‍ പറഞ്ഞത്. ആദ്യം ഞാൻ പ്രാങ്കാണെന്നൊക്കെ കരുതി. അമ്മയോട് പറയാനും എനിക്ക് ധൈര്യമില്ലായിരുന്നു. മരണ വാര്‍ത്ത കേട്ടശേഷം ചുറ്റും നടക്കുന്നതൊന്നും മനസിലായില്ല. എന്തൊക്കയോ ചെയ്തുവെന്ന് മാത്രം. ആദ്യം ട്രെയിനില്‍ പോകാനായിരുന്നു അച്ഛൻ തീരുമാനിച്ചിരുന്നത്. പിന്നീടാണ് കാറിലാണ് പോകുന്നതെന്ന് അറിയിച്ചത്. അച്ഛനാണ് എന്നോട് വരണ്ടെന്ന് പറഞ്ഞത്. സാധാരണ ഞാനും അച്ഛനൊപ്പം പോകാറുള്ളതായിരുന്നുവെന്നും’, രാഹുല്‍ പറയുന്നു.
‘യാത്ര തിരിക്കും മുമ്പ് വിളിച്ചിരുന്നു. അഞ്ച് മണിക്കൂര്‍ കൊണ്ട് എത്താമെന്ന് പറഞ്ഞ് വെച്ചതാണ്. പുലര്‍ച്ചെ വിളിച്ചപ്പോള്‍ അച്ഛൻ കോള്‍ എടുത്തില്ല. ഏഴാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് രേണു അമ്മ വന്നത്. അമ്മയെ കണ്ടപ്പോള്‍ തന്നെ ഇഷ്ടമായി. അപ്പോള്‍ തന്നെ ഈ അമ്മ മതിയെന്ന് ഞാൻ അച്ഛനോട് പറഞ്ഞു. എനിക്ക് കിട്ടാത്ത സ്നേഹം രേണു അമ്മ തന്നു. രണ്ടാനമ്മയൊന്നും അല്ല സ്വന്തം അമ്മ തന്നെയാണ്. ആ സ്നേഹത്തിന് ഇപ്പോഴും കുറവില്ല. അച്ഛൻ നല്ലൊരു ഫാമിലിയെ എനിക്ക് തന്നിട്ടാണ് പോയത്. മോശം കമന്റ് കണ്ട് അമ്മ സങ്കടപ്പെടുമ്പോള്‍ ഞാൻ ആശ്വസിപ്പിക്കാറുണ്ട്. കോട്ടയത്ത് നില്‍ക്കാനാണ് എനിക്കും അച്ഛനും എന്നും ഇഷ്ടം. അച്ഛന്റെ ആഗ്രഹങ്ങളെല്ലാം സാധ്യമാക്കണമെന്ന് ആഗ്രഹമുണ്ട്’- രാഹുല്‍ പറയുന്നു.
Post Your Comments