ഭഗവാൻ ഹനുമാന് സമർപ്പിച്ചിരിക്കുന്ന ഇരിപ്പിടത്തിന്റെ ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇരിപ്പിടം ഭഗവാൻ ഹനുമാന്റെ ബഹുമാനാർത്ഥം അലങ്കരിച്ചിരിക്കുന്നു. പ്രഭാസും കൃതി സനോണും അഭിനയിക്കുന്ന ആദിപുരുഷിന്റെ എല്ലാ സ്‌ക്രീനുകളിലും ബഹുമാന സൂചകമായി തിയറ്റർ ഉടമകൾ ഹനുമാന് ഒരു സീറ്റ് നീക്കിവെക്കുമെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത വസ്ത്രമാണ് കസേരയിൽ വിരിച്ചിരിക്കുന്നത്. ഫോട്ടോയും ഏതാനും പൂക്കളും ഒപ്പമുണ്ട്.
ചിത്രം ഇതിനോടകം തന്നെ ഇന്റർനെറ്റിൽ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്. തിരുപ്പതിയിൽ നടന്ന ചിത്രത്തിന്റെ ട്രെയിലർ ചടങ്ങിനിടെ, ഹനുമാനോടുള്ള ആദരസൂചകമായി സിനിമ പ്രദർശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിലും ഒഴിഞ്ഞ സീറ്റ് ഇടുമെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത്. ഭഗവാൻ ഹനുമാന്റെ ആത്മീയ സാന്നിധ്യത്തോടുള്ള ആദരവും അംഗീകാരവുമാണിതെന്നും അവർ വ്യക്തമാക്കി. രാമനാമം കേൾക്കുന്നിടത്ത് ഭഗവാൻ ഹനുമാനെത്തുമെന്നാണ് വിശ്വാസം.
പ്രചരിച്ച അഭ്യൂഹങ്ങളെ തുടർന്ന് ഹനുമാൻ സ്വാമിക്കായി സംവരണം ചെയ്ത സീറ്റിന് തൊട്ടടുത്തുള്ള സീറ്റുകളുടെ നിരക്കിൽ വ്യത്യാസങ്ങളൊന്നും ഉണ്ടാകില്ലെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
Post Your Comments