കൊച്ചി: സാധാരണക്കാരുടെ കൈകളിലേക്ക് സിനിമ എത്തിയതിനുള്ള തെളിവാണ് സന്തോഷ് പണ്ഡിറ്റെന്ന് നടൻ അജു വർഗീസ്. തനിക്ക് അദ്ദേഹത്തോട് ബഹുമാനം ഉണ്ടെന്നും അഞ്ചുലക്ഷം രൂപക്ക് സിനിമ എടുക്കാമെന്ന് അദ്ദേഹം തെളിയിച്ചെന്നും അജു വർഗീസ് ഒരു അഭിമുഖത്തിൽ പറഞ്ഞു.
അജു വർഗീസിന്റെ വാക്കുകൾ ഇങ്ങനെ;
സിനിമ ഒരിക്കലും ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയല്ല. അത് സിനിമാക്കാർ വെറുതെ പറയുന്നതാണ്. ടാലന്റ് ഉള്ളവർ പുറത്തുണ്ട്. അവർക്ക് പണം കൊടുത്ത് സ്ക്രിപ്റ്റ് എഴുതിപ്പിച്ചാൽ സിനിമ ഹിറ്റ് ആകും. അതൊരു സിമ്പിൾ ടൂൾ ആണ്. ഞാനൊക്കെ അന്ന് സിനിമയിലേക്ക് വന്നത് വിനീത് ശ്രീനിവാസൻ വിചാരിച്ചിട്ടാണ്. ഞാൻ ഇതുവരെ ഇവിടുത്തെ ഒരു വലിയ പ്രൊഡക്ഷന്റെയോ സിനിമകളുടെയോ ഭാഗമായിട്ടില്ല. ആരും വിളിക്കാതിരുന്നപ്പോഴൊന്നും ഒരു വിഷമവും ഉണ്ടായിരുന്നില്ല.
ഞാൻ ചെയ്തതൊക്കെ ചെറിയ സിനിമകളാണ്. രണ്ട് കോടി, രണ്ടര കോടി എന്നീ ബജറ്റുകളിലാണ് മിക്ക പടങ്ങളും വന്നിട്ടുള്ളത്. വെള്ളിമൂങ്ങ, അടി കപ്പ്യാരെ കൂട്ടമണി, തട്ടത്തിൻ മറയത്ത് എന്നീ ചിത്രങ്ങളൊക്കെ ചെറിയ പടങ്ങളാണ്. നമുക്ക് ചുറ്റും കഴിവുകളും കഴിവുള്ളവരും ഉണ്ട്. ഇവിടെ ഇപ്പോൾ മൊണോപൊളി ഇല്ല. ആർക്കും സിനിമകൾ ചെയ്യാം
എന്റെ അഭിപ്രായത്തിൽ മലയാള സിനിമ എത്തിപ്പെടാൻ സാധ്യത ഇല്ലാതിരുന്ന പല സാധാരണക്കാരുടെ കൈകളിലേക്കും എത്തിയിട്ടുണ്ട്. അതിന് ഞാൻ ബഹുമാനിക്കുന്ന ഒരാളാണ് സന്തോഷ് പണ്ഡിറ്റ്. അഞ്ചുലക്ഷം രൂപക്ക് സിനിമ എടുക്കാമെന്ന് അദ്ദേഹം എല്ലാവർക്കും കാണിച്ചുകൊടുത്തു. അദ്ദേഹം ചെയ്യുന്ന സിനിമകളുടെ ക്വാളിറ്റി ഒന്നും ഞാൻ പറയുന്നില്ല. പക്ഷെ പുള്ളി എല്ലാവർക്കും ഒരു മാതൃക ആയി.’
Post Your Comments