കൊറിയോഗ്രാഫറും നടനും സംവിധായകനുമായ പ്രശസ്ത താരം പ്രഭുദേവ വീണ്ടും അച്ഛനായി. അൻപതാം വയസ്സിൽ മൂന്നാമതും അച്ഛനായ സന്തോഷം സോഷ്യൽ മീഡിയ വഴി താരം പങ്കുവച്ചു.
റംലത ദേവയുമായുള്ള ആദ്യ വിവാഹത്തിൽ പ്രഭുദേവയ്ക്ക് വിശാൽ, ഋഷി, ആദിത് എന്നീ മൂന്ന് മക്കളുണ്ട്. 2008ൽ കാൻസർ ബാധിച്ച് മകൻ വിശാലിനെ നഷ്ടമായിരുന്നു. തുടർന്ന് 2010ൽ വിവാഹമോചനം നേടി ദേവയും റംലതയും വേർപിരിഞ്ഞു. 2020-ൽ പ്രഭുദേവ ഡോ. ഹിമാനി സിങ്ങിനെ വിവാഹം കഴിച്ചു. അന്നത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. വളരെ കുറച്ച് ആളുകൾ മാത്രമുള്ള ചെറിയൊരു ചടങ്ങിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് അന്ന് വിവാഹത്തിന് എത്തിയത്. അടുത്തിടെ ദമ്പതികൾ തിരുപ്പതി ബാലാജി ക്ഷേത്രം സന്ദർശിക്കാനെത്തിയിരുന്നു.
വളരെ സന്തോഷവും പൂർണതയും തോന്നുന്നുവെന്നാണ് പുതിയ അതിഥി കുടുംബത്തിൽ വന്നതിനെക്കുറിച്ച് താരം പറഞ്ഞത്. മകളുടെ പേര് ഇതുവരെ ദമ്പതികൾ വെളിപ്പെടുത്തിയിട്ടില്ല. മാതാപിതാക്കളെന്ന നിലയിൽ തങ്ങളുടെ പുതിയ യാത്രയുടെ തുടക്കമാണിതെന്നും കുടുംബത്തിനൊപ്പമുള്ള സമയം താൻ ആസ്വദിക്കുകയാണെന്നും പ്രഭുദേവ വ്യക്തമാക്കി.
പ്രഭുദേവ തന്റെ അടുത്ത ചിത്രമായ പേട്ട റാപ്പ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എസ് ജെ സിനു സംവിധാനം ചെയ്ത ചിത്രം നിർമ്മിക്കുന്നത് ജോബി പി സാം ആണ്.
Post Your Comments