
കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനിയായ ശ്രദ്ധ സതീഷിന്റെ സംശയാസ്പദമായ മരണത്തെ തുടർന്ന് കോളേജ് മാനേജ്‌മെന്റിനെതിരെ വൻ പ്രതിഷേധം ആണ് ഉയരുന്നത്.
ശ്രദ്ധയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തതിനെ തുടർന്ന്, കോളേജ് അധികൃതരുടെ മാനസിക പീഡനം മൂലമാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് പ്രതിഷേധിച്ച വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. കോളേജ് അധികൃതർക്കെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർത്ഥികൾ ശ്രദ്ധയുടെ ദുരൂഹ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിൽ കോളേജ് അധികൃതർ ഉത്തരവാദികളാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു, മാർക്ക് കുറഞ്ഞതിന് പ്രൊഫസർമാർ ശ്രദ്ധയെ കുറ്റപ്പെടുത്തിയെന്നും ലാബിൽ ഉപയോഗിച്ചതിന് മാനേജ്‌മെന്റ് ഫോൺ പിടിച്ചെടുക്കുക പോലും ചെയ്തെന്നും ആരോപിച്ചിരുന്നു.
സംഭവത്തിൽ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് നടിയും അവതാരകയുമായ ജുവൽ മേരി. തന്റെ അധ്യാപകർ തന്നെ ലെസ്ബിയൻ എന്ന് വിളിച്ചിരുന്നുവെന്നും നരകിച്ച്, നരകിച്ചാണ് ഒരു വിധത്തിൽ പഠനം പൂർത്തിയാക്കിയതെന്നും താരം പറഞ്ഞു.
ഹോസ്റ്റലിൽ വച്ച് ഞാനും സുഹൃത്തുക്കളും മാഗസിൻ വായിക്കുകയായിരുന്നു, അത് കണ്ട് ചിലർക്ക് ഞങ്ങൾ ലെസ്ബിയനാണെന്ന് തോന്നി, 15 വർഷം മുൻപ് അതെന്തെന്ന് പോലും അറിയാത്ത ഞങ്ങളോടാണ് അത്തരത്തിൽ പരിഹസിച്ചതെന്നും താരം പറഞ്ഞു.
കള്ളി, മാനസിക പ്രശ്നം ഉള്ളവർ എന്നൊക്കെ വിളിച്ചു, കൂടെ ലെസ്ബിയനെന്നും അധ്യാപകർ ആക്ഷേപിച്ചിരുന്നതായും നടി പറഞ്ഞു. ഡിസിപ്ലിനറി ആക്ഷന്റെ പേരിൽ ഇനിയാരും ശ്രദ്ധയെ പോലെ മരിക്കാതിരിക്കട്ടെ എന്നും വീഡിയോ പങ്കുവച്ചു ജുവൽ പറഞ്ഞു.
Post Your Comments