ഗോവ എൻവയോൺമെന്റൽ ഫിലിം ഫെസ്റ്റിവലിന്റെ’ (ജിഇഎഫ്എഫ്) ആദ്യ പതിപ്പ് ജൂൺ മൂന്നിന് ആരംഭിക്കും. ഓസ്കാർ നേടിയ ‘ദ എലിഫന്റ് വിസ്പറേഴ്സ്’ ഡോക്യുമെന്ററിയോടെയാണ് ആരംഭിക്കുക.
തലസ്ഥാന നഗരിയിലെ മാക്വിനസ് പാലസിൽ നടക്കുന്ന മൂന്ന് ദിവസത്തെ പരിപാടിയിൽ 50 ലധികം സിനിമകൾ പ്രദർശിപ്പിക്കുമെന്ന് സംസ്ഥാന പരിസ്ഥിതി മന്ത്രി നിലേഷ് കബ്രാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബൾഗേറിയ, കാനഡ, ക്രൊയേഷ്യ, ഫിൻലൻഡ്, അയർലൻഡ്, ഒമാൻ, പോർച്ചുഗൽ, റഷ്യ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുമെന്ന് കബ്രാൾ വ്യക്തമാക്കി.
ഫിലിം ഫെസ്റ്റിവൽ ‘ദ എലിഫന്റ് വിസ്പറേഴ്സ്’ എന്ന ചിത്രത്തോടെ ആരംഭിക്കുകയും സ്പാനിഷ് ചിത്രമായ ‘അൽകരാസ്’ എന്ന ചിത്രത്തോടെ അവസാനിക്കുകയും ചെയ്യുമെന്നും കബ്രാൾ കൂട്ടിച്ചേർത്തു.
ചലച്ചിത്രമേളയിൽ പങ്കെടുത്ത് ഈ സിനിമകൾ കാണണമെന്ന് വിദ്യാർത്ഥി സമൂഹത്തോടും പൊതുജനങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ സിനിമാ എൻട്രികൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ജനങ്ങൾക്ക് പാരിസ്ഥിതിക പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഇത് സഹായിക്കുമെന്നും, ചലച്ചിത്രമേളയിൽ ഗുണനിലവാരമുള്ള സിനിമകൾ പ്രദർശിപ്പിക്കുമെന്നും കബ്രാൾ പറഞ്ഞു.
Post Your Comments