ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ 36.3 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ.ഡി.
കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇ.ഡിയുടെ നീക്കം. നടന് ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള ഉദയനിധി സ്റ്റാലിന് ഫൗണ്ടേഷന്റെ സ്വത്തുക്കള്‍ ആണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. 36.3 കോടിയുടെ സ്വത്തുക്കളും ബാങ്കിലെ 34.7 ലക്ഷം നിക്ഷേപവുമാണ് ഇ.ഡി കണ്ടുകെട്ടിയത്.
ലൈക ഗ്രൂപ്പിന്റെ 300 കോടി രൂപ കല്ലാല്‍ ഗ്രൂപ്പും മറ്റ് ചിലരും ചേര്‍ന്ന് കബളിപ്പിച്ചു എന്ന കേസിലാണ് ഇ.ഡിയുടെ നടപടി. അന്വേഷണത്തില്‍ ഈ അഴിമതി തുകയുടെ ഒരു കോടി രൂപ ഉദയനിധി സ്റ്റാലിന് ഫൗണ്ടേഷന് കൈപ്പറ്റിയതിന്റെ തെളിവുകള്‍ ഇ.ഡി കണ്ടെടുത്തിട്ടുണ്ട്. ചെന്നൈയിലെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം നടത്തിയത്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട സ്ഥാപനത്തിൽനിന്ന് പണം കൈപ്പറ്റിയത് എന്തിനെന്ന് വിശദീകരിക്കുന്നതിൽ ഫൗണ്ടേഷൻ അധികാരികൾ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി.
കല്ലാല്‍ ഗ്രൂപ്പും മറ്റും ചെയ്ത സാമ്പത്തിക തട്ടിപ്പിന്റെ പേരിലാണ് ഇഡി താല്‍ക്കാലികമായി ഉദയനിധി സ്റ്റാലിന് ഫൗണ്ടേഷന്റെ പേരിലുള്ള 36.3 കോടി സ്വത്തുക്കളും 34.7 ലക്ഷം രൂപയും കണ്ടുകെട്ടിയിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. പൊന്നിയിന്‍ സെല്വന് 1, 2 എന്നീ ബോക്സ് ഓഫീസ് ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച ലൈക പ്രൊഡക്ഷന്‍സ് 2014-ല്‍ സുബാസ്കരന്‍ അല്ലിരാജയാണ് സ്ഥാപിച്ചത്. ലൈക മൊബൈലിന്റെ ഒരു ഉപഗ്രൂപ്പായ ഈ പ്രൊഡക്ഷന്‍സ് ദക്ഷിണേന്ത്യയിലെ പല ബ്രഹ്മാണ്ഡ ചിത്രങ്ങളുടെയും നിര്‍മ്മാണത്തിലും വിതരണത്തിലും പങ്കാളികളായിട്ടുണ്ട്.
Post Your Comments